
കേരളത്തിലെ ഐടി മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നേരിട്ട് നിയമനം ലഭിച്ചത് 72,572 പേർക്ക് . ഏറ്റവുമധികം നിയമനം നടന്നത് കൊച്ചി ഇൻഫോപാർക്ക് കേന്ദ്രീകരിച്ചുള്ള കമ്പനികളിൽ.
കൊച്ചി ഇൻഫോപാർക്കിൽ 2016–17ൽ 70 ലക്ഷം ചതുരശ്രയടി ഐടി സ്‌പെയ്‌സാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 92.62 ലക്ഷം ചതുരശ്രയടിയാണ്. തിരുവനന്തപുരം ടെക്നോപാർക്കിൽ 85.1 ലക്ഷം ചതുരശ്രയടിയിൽനിന്ന് 127.2 ലക്ഷം ചതുരശ്രയടിയായി വർധിച്ചു. കോഴിക്കോട് സൈബർ പാർക്കിൽ 12,000 ചതുരശ്രയടി 2.88 ലക്ഷം ചതുരശ്രയടിയായും കൂടി.
ഇൻഫോ പാർക്കിൽ 3000 കോടി രൂപയുടെ സോഫ്റ്റ്‌വേർ കയറ്റുമതിയാണ് 2016–17 സാമ്പത്തിക വർഷത്തിൽ നടന്നതെങ്കിൽ നിലവിൽ ഇത് 11,486 കോടി രൂപയുടേതാണ്.തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്‌വേർ കയറ്റുമതി 5000 കോടി രൂപയിൽനിന്ന് 14,575 കോടി രൂപയായി ഉയർന്നു.
കോഴിക്കോട് സൈബർ പാർക്കിൽ ഇത് 2.97 കോടി രൂപയിൽനിന്ന് 130 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 594 കോടി രൂപയാണ് മൂന്ന് പാർക്കുകൾക്കുമായി സർക്കാർ ചെലവഴിച്ചത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് സൈബർ പാർക്കുകളിലും സോഫ്റ്റ്‌വേർ കയറ്റുമതിയിലും വൻകുതിച്ചുചാട്ടമുണ്ടായി.
2016–17 സാമ്പത്തികവർഷം 8000 കോടി രൂപയുടേതായിരുന്നു കയറ്റുമതി. 2024–25 കാലത്ത് ഇത് 26,191 കോടി രൂപയുടേതായി.അഞ്ചുവർഷംമുൻപ് മൂന്ന് ഐടി പാർക്കുകളും കേന്ദ്രീകരിച്ച് 702 കമ്പനികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ 1163 ആയി. പാർക്കുകളിലെ അടിസ്ഥാനസൗകര്യങ്ങൾ വർധിച്ചതോടെ ആഗോള കമ്പനികൾ ഉൾപ്പെടെയുള്ളവ കൂടുതലായി കേരളത്തിലെത്തി. ഇത് ജീവനക്കാരുടെ എണ്ണവും സോഫ്റ്റ്‌വേർ കയറ്റുമതിയും വർധിക്കാൻ കാരണമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.