23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 26, 2024
February 25, 2024
February 11, 2024
January 30, 2024
January 28, 2024
January 27, 2024
January 26, 2024
January 26, 2024
January 26, 2024
January 26, 2024

കെെവിടാതെ കാക്കാം റിപ്പബ്ലിക്

Janayugom Webdesk
January 26, 2023 5:00 am

1975 ജൂൺ 25ന് വൈകുന്നേരം പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തില്‍ ഡൽഹിയിലെ രാംലീല മൈതാനിയിൽ ലക്ഷങ്ങൾ അണിനിരന്ന പ്രതിഷേധറാലി നടത്തി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിസ്ഥാനം രാജിവച്ചൊഴിയണമെന്ന് സമ്മേളനത്തിൽ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായൺ ആവശ്യപ്പെട്ടു. ആ രാത്രി പതിവുപോലെ ഡൽഹി നഗരം ഉറക്കത്തിലേക്കു വഴുതിയപ്പോൾ രാജ്യം വിധിനിർണായകമായ മുഹൂർത്തത്തിലേക്ക് ചുവടുവയ്ക്കുകയാണെന്ന് അധികമാരും അറിഞ്ഞില്ല. രാംലീല മൈതാനിയിലെ പ്രസംഗം കഴിഞ്ഞ് ജയപ്രകാശ് നാരായൺ ഗാന്ധി പീസ് ഫൗണ്ടേഷൻ കെട്ടിടത്തിൽ ഉറങ്ങുമ്പോൾ ആരോ കതകിനു മുട്ടി അദ്ദേഹത്തെ ഉണർത്തി. രാത്രിയിൽ തന്നെ അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറാർജി ദേശായി, ചരൺ സിങ്, രാജ്നാരായണൻ, അശോക് മേത്ത തുടങ്ങിയവരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തു. അർധരാത്രിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നുകഴിഞ്ഞിരുന്നു. 26ന് ആകാശവാണിയിലൂടെയാണ് രാജ്യം അടിയന്തരാവസ്ഥയിലായ വിവരം ജനം അറിയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി ബ്രഹ്മാനന്ദ റെഡ്ഡി ഉൾപ്പെടെ മന്ത്രിസഭയിലെ ഉന്നതർ പോലും എന്താണ് നടക്കുന്നതെന്ന് കൃത്യമായി അറിഞ്ഞിരുന്നില്ല. പിന്നെ രണ്ടു വർഷത്തോളം രാജ്യത്ത് ഇരുണ്ട നാളുകളായിരുന്നു. 48 വർഷം പിന്നിട്ട ശേഷം രാജ്യം 74-ാം റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ അടിയന്തരാവസ്ഥയെക്കാൾ ഭയാനകമായ ഇരുട്ടിലേക്കാണ് ഭരണകൂടം ജനങ്ങളെ തള്ളിവിടുന്നത്.

2002ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ബിബിസി ഡോക്യുമെന്ററി കണ്ടതിനും പ്രദർശിപ്പിച്ചതിനും രാജ്യത്തെ പ്രമുഖ കലാലയങ്ങളിൽ പാെലീസ് തേർവാഴ്ച നടക്കുന്നത് റിപ്പബ്ലിക് ദിന തലേന്നാണ്. ഡൽഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ നിരവധി വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കലാപം നിയന്ത്രിക്കാനായി ഇറക്കുന്ന സായുധ പൊലീസിനെയാണ് വിദ്യാർത്ഥികളെ കെെകാര്യം ചെയ്യാൻ വിന്യസിച്ചിരിക്കുന്നത്. ജെഎൻയുവില്‍ ഡോക്യുമെന്ററി പ്രദർശനം നടക്കാനിരിക്കെ അധികൃതര്‍ വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് ലാപ്‍ടോപ്പിലും മൊബെെല്‍ ഫോണിലുമായി ഡോക്യുമെന്ററി കാണുന്ന വിദ്യാർത്ഥികൾക്കുനേരെ കല്ലേറുണ്ടായി. ഹെെദരാബാദ് യൂണിവേഴ്സിറ്റിയിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിന് വിദ്യാര്‍ത്ഥികളുടെ പേരില്‍ കേസെടുത്തിരിക്കുന്നു. കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടന്നയിടങ്ങളില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. ജെന്‍യുവില്‍ തങ്ങളെ കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞിട്ടും അക്രമികള്‍ക്കെതിരെ കേസെടുത്തില്ല. അതേസമയം പ്രദര്‍ശനത്തിനെതിരെ എബിവിപിയുടെ പരാതിയില്‍ കേസെടുക്കുകയും ചെയ്തു. മോഡി ഭരണത്തില്‍ എല്ലാ സംഘര്‍ഷങ്ങളിലും കേസെടുക്കുന്നത് ഒരു വിഭാഗത്തിനെതിരെ മാത്രമാണ് എന്നത് പകല്‍പോലെ വ്യക്തമാണ്. സിനിമ, എഴുത്ത്, പ്രസംഗം, ഭക്ഷണം, വേഷം എന്നിവയ്ക്കെതിരെ ഹിന്ദുത്വ സംഘടനകളോ വ്യക്തികളോ നല്കുന്ന പരാതിയില്‍ ഗുരുതര കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുന്ന ഭീകരത അടിയന്തരാവസ്ഥയുടെ കരിനിഴലാണ്.


ഇതുകൂടി വായിക്കൂ: മാറാത്ത മുഖംമൂടിയും മറുപടിയില്ലാത്ത ചോദ്യങ്ങളും


സർക്കാരിനോട് വിയോജിപ്പറിയിക്കുക എന്നത് പൗരന് ഭരണഘടന നൽകുന്ന അവകാശമാണ്. അത് നിഷേധിക്കപ്പെടുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് അപമാനകരവും. അടുത്തകാലത്തായി ഭരണകൂട നിലപാടുകളില്‍ വിയോജിച്ചവര്‍ക്കെതിരെ ചുമത്തിയ ദേശദ്രോഹക്കുറ്റങ്ങള്‍ ഒഴിവാക്കിക്കാെണ്ട് സുപ്രീം കോടതി ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച വിദ്യാർത്ഥികൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. കാരണം ഡോക്യുമെന്റി ഔദ്യോഗികമായി നിരോധിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്കാണ്. സംഘ്പരിവാര്‍ സംഘടനയായ എബിവിപി പരാതിപ്പെട്ടയുടന്‍ കേസെടുക്കുക എന്നാല്‍ ഭരണകൂടത്തിന്റെ തണലിലുള്ള സംഘടനകള്‍ ക്രമസമാധാനവും നിയമപാലനവും കയ്യിലെടുക്കുന്നു എന്നാണര്‍ത്ഥം. ജനാധിപത്യം അവഹേളിക്കപ്പെടുന്നതിന്റെ തെളിവാണിത്. രാജ്യത്തെ മതം കൊണ്ട്, വംശം കൊണ്ട്, ജാതി കൊണ്ട് നിര്‍വചിക്കാനും അതിനെ മുന്‍നിര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാനും നോക്കുന്നവര്‍ സര്‍വാധിപതികളാകുന്നത് വളരെ അപകടം പിടിച്ചതാണ്. പരമാധികാരം ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുകയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മുഖേന അത്‌ വിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായം അഥവാ അംഗങ്ങള്‍ക്കെല്ലാം തുല്യാവകാശമുള്ള രാഷ്ട്രം എന്നാണ് റിപ്പബ്ലിക്കിന്റെ നിര്‍വചനം. ആ അവകാശം കവര്‍ന്നെടുക്കാനും കരിനിയമങ്ങള്‍ പിന്‍വാതിലൂടെ അടിച്ചേല്‍പ്പിക്കാനുമുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ ജാഗ്രത്തായിരിക്കാം ഈ റിപ്പബ്ലിക് ദിനത്തില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.