യുദ്ധാനന്തര ഉക്രെയ്‍ന്റെ പുനര്‍നിര്‍മ്മാണം മുഴുവന്‍ ജനാധിപത്യ ലോകത്തിന്റെയും പൊതുദൗത്യമാണെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി. പുനര്‍നിര്‍മ്മാണത്തിനായി 75,000 കോടി ഡോളറിന്റെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണം ആഗോള സമാധാനത്തിന്റെ പിന്തുണയ്ക്കുള്ള ഏറ്റവും വലിയ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന ഉക്രെയ്‍ന്‍ പുനര്‍നിര്‍മ്മാണ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സെലന്‍സ്കി. ഉക്രേനിയൻ നാഷണൽ റിക്കവറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രക്രിയ യൂറോപ്പുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ അനുവദിക്കുമെന്നും സെലന്‍സ്കി പറഞ്ഞു.
ഫെബ്രുവരി 24 ന് റഷ്യ സെെനിക നടപടി ആരംഭിച്ചതിനു ശേഷമുണ്ടായ നാശനഷ്ടങ്ങളും രാജ്യത്തിന്റെ ആവശ്യങ്ങളും സെലന്‍സ്കിയും മന്ത്രിമാരും വിവരിച്ചു. റഷ്യയാണ് ഈ രക്തരൂക്ഷിതമായ യുദ്ധം അഴിച്ചുവിട്ടതെന്ന് ഉക്രെയ്‍ന്‍ പ്രധാനമന്ത്രി ഡെനീസ് ഷ്‍മിഹാല്‍ ആരോപിച്ചു. റഷ്യ ഉക്രെയ്‍ന്റെ വന്‍ നാശത്തിന് കാരണമായി. അതിനാല്‍ യുദ്ധത്തിന്റെ ഉത്തരവാദികളായ റഷ്യയുടെ സ്വത്തുക്കളായിരിക്കണം വീണ്ടെടുക്കലിന്റെ ആദ്യ ഉറവിടമെന്ന് വിശ്വസിക്കുന്നതായും ഷ്‍മിഹാല്‍ പറഞ്ഞു.
100 ബില്യണ്‍ ഡോളറിലധികം രൂപയുടെ അടിസ്ഥാന സൗകര്യ നഷ്ടങ്ങളുണ്ടായി. 1,200-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും 200 ആശുപത്രികളും ആയിരക്കണക്കിന് കിലോമീറ്റർ ഗ്യാസ് പൈപ്പ് ലൈനുകളും വെള്ളം, വൈദ്യുതി ശൃംഖലകളും, റോഡുകളും, റയിൽവേയും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായും ഷ്‍മിഹാൽ അറിയിച്ചു. പുനര്‍നിര്‍മ്മാണ പ്രക്രിയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 75,000 കോടി ഡോളര്‍ വരുന്ന നിക്ഷേപത്തില്‍ മൂന്നിലൊന്ന് സ്വകാര്യമേഖലയിൽ നിന്നും ബാക്കി റഷ്യൻ നഷ്ടപരിഹാരം, ആസ്തി മരവിപ്പിക്കൽ എന്നിവയിൽ നിന്നുള്ളതായിരിക്കുമെന്നും ഷ്‍മിഹാൽ പറഞ്ഞു.
റഷ്യന്‍ സേനയില്‍ നിന്ന് വീണ്ടെടുത്ത പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണ ദൗത്യം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
വീടുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, കുടിവെള്ള, ഗ്യാസ് കണക്ഷനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
English Summary: 75,000 crore plan for reconstruction of Ukraine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.