
നരേന്ദ്ര മോഡി സര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് രണ്ട് സെമികണ്ടക്ടര്‍ യൂണിറ്റ് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ 758 കോടി രൂപ ബിജെപിക്ക് സംഭാവന നല്‍കി വ്യവസായ ഭീമന്റെ ഉപകാര സ്മരണ. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ടാറ്റ ഗ്രൂപ്പ് ആദ്യമായി ബിജെപിക്ക് സംഭാവന നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.
2024 ഫെബ്രുവരി 29ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ടാറ്റ ഗ്രൂപ്പിന് രണ്ട് സെമികണ്ടക്ടര്‍ യൂണിറ്റ് അനുവദിച്ചത്. തദ്ദേശീയമായി സെമികണ്ടക്ടര്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രിസഭ മൂന്ന് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയത്. ഇതില്‍ രണ്ടെണ്ണമാണ് ടാറ്റാ ഗ്രൂപ്പിന് ലഭിച്ചത്. യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള ചെലവിന്റെ പകുതി സബ്ഡിസി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുവഴി ടാറ്റ ഗ്രൂപ്പിന് രണ്ട് യൂണിറ്റുകൾക്കായി 44,203 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ ലഭിച്ചത്.
മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് ഒരുമാസത്തിനിടെയാണ് ബിജെപിക്ക് 758 കോടി രൂപ നല്‍കിയത്. ലോക്‌സഭാ വോട്ടെടുപ്പിന് തൊട്ടുതലേന്നാണ് ഇത്രയും തുക കൈമാറ്റം നടന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ വിവരമനുസരിച്ച് 2023–24 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവനയാണിത്. ഗ്രൂപ്പിന്റെ പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് വഴിയാണ് സംഭാവന നല്‍കിയത്. പ്രോഗ്രസീവ് ഇലക്ടറല്‍ ട്രസ്റ്റ് 2001 മുതല്‍ 24 വരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സംഭാവന നല്‍കിയിരുന്നില്ല.
മൂന്നാമത്തെ യൂണിറ്റ് അനുവദിച്ചത് തമിഴ്നാട്ടിലെ മുരുഗപ്പ ഗ്രൂപ്പിനാണ്. ഈ ഗ്രൂപ്പിന് സബ്സിഡി ഇനത്തില്‍ 3,501 കോടി രൂപയാണ് ഖജനാവില്‍ നിന്ന് മോഡി സര്‍ക്കാര്‍ നല്‍കിയത്. 125 കോടി രൂപ മുരുഗപ്പ ഗ്രൂപ്പ് ബിജെപിക്ക് സംഭാവനയായി നല്‍കി. മൂന്ന് സെമികണ്ടക്ടര്‍ യൂണിറ്റുകള്‍ അനുവദിച്ചതും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു. ടാറ്റാ ഗ്രൂപ്പിന് ഗുജറാത്തിലും അസമിലുമാണ് യൂണിറ്റുള്ളത്. മുരുഗപ്പ ഗ്രൂപ്പിന് ഗുജറാത്തിലാണ് യൂണിറ്റ് അനുവദിച്ചത്.
ഇതുകൂടാതെ 2024 സെപ്റ്റംബറില്‍ കേന്‍സ് ടെക്നോളജി ഗ്രൂപ്പിന്റെ കേന്‍സ് സെമികോണ്‍ പ്രൈവറ്റ് ലിമിറ്റഡിന് ഗുജറാത്തിലെ സനന്ദില്‍ ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് അനുവദിച്ചിരുന്നു. ഇതിന്റെ ഉടമ രമേഷ് കുഞ്ഞിക്കണ്ണന്‍ 2023–24ല്‍ ബിജെപിക്ക് 12 കോടി സംഭാവന നല്‍കി. അസമിലെ ബിജെപി സര്‍ക്കാരും ടാറ്റാ ഗ്രൂപ്പിന് അധിക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.