19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 24, 2024
June 14, 2024
May 27, 2024
March 24, 2024
March 17, 2024
March 2, 2024
March 2, 2024
February 29, 2024
December 18, 2023
December 11, 2023

777 ചാർളിയുടെ സ്നേഹവലയം

Janayugom Webdesk
July 3, 2022 7:28 am

മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധം എന്നും ഒരു തീരാകഥയാണ്. നരന്റെ ഹൃദയത്തെ ആഴത്തിൽ തൊട്ടറിയാൻ സാധിക്കുന്ന ശുനകവർഗ്ഗം മനുഷ്യനെ പ്രാചീനകാലം മുതൽക്കേ യജമാനനാക്കിയിരുന്നു. പല പുരാണകഥകളിലും ഇതിന്റെ അവലംബം പരാമർശിച്ചിട്ടുണ്ട്. ഈ ദൃഢമായ ബന്ധം പല സിനിമാസൃഷ്ടികൾക്കും ആധാരമായിട്ടുണ്ട്. മേൽപ്പറഞ്ഞ ബന്ധത്തിന്റെ ഏറ്റവും വൈകാരികമായ തലത്തെ കഥാപശ്ചാത്തലത്തിന്റെ മർമ്മഭാഗമാക്കിയ സിനിമകൾ വിരളമാണ്. അതിൽ കാണികളുടെ മനസ് കീഴടക്കുന്ന ഒന്നായി മാറുകയാണ് 777 ചാർളി എന്ന കന്നഡ ചിത്രം. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഫാക്ടറി ജീവനക്കാരനായ ധർമ്മയുടെ ജീവിതം വിരസത നിറഞ്ഞതാണ്. പ്രത്യേകിച്ച് പുതുതായി ഒന്നും അരങ്ങേറാത്ത അയാളുടെ ജീവിതത്തിലേക്കാണ് ഒരു ലാബ്റടോർ നായ്ക്കുട്ടി അപ്രതീക്ഷിതമായി കടന്നുവരുന്നത്. അനാഥനായി ഏകാന്തവാസം നയിച്ചുപോന്ന ധർമ്മയുടെ ജീവിതം മെല്ലെ ആനന്ദഭരിതമായി തുടങ്ങുന്നു. നായയോടുള്ള വെറുപ്പ് മാറി ഇഷ്ടത്തിന്റെ രൂപത്തിലാകാൻ അധികസമയം വേണ്ടിവന്നില്ല. ചാർളി ചാപ്ലിനോടുള്ള കടുത്ത ആരാധനമൂലം അവൻ ആ നായയ്ക്ക് ചാർളി എന്ന് പേരിട്ടു. 777 എന്ന നായയുടെ ലൈസൻസ് നമ്പർ അലങ്കാരമായി ചാർളിയുടെ കഴുത്തിലെ മാലയിൽ പതിച്ചു. ധർമ്മയെ ഒരു സാമൂഹികജീവിയായി ഇക്കാലയളവിൽ ചാർളി മാറ്റിയെടുത്തിരുന്നു. എന്നാൽ ആ സന്തോഷനിമിഷങ്ങൾ ധർമ്മയുടെ ജീവിതത്തിൽ ഏറെനാൾ നീണ്ടു നിന്നില്ല. തീർത്തും ദുഃഖകരമായ അവസ്ഥ ഇരുവരേയും ചുറ്റി ഒരു വലയം സൃഷ്ടിക്കുന്നു. അതിന്റെ അവസ്ഥാനന്തരമായി ചാർളിയും ധർമ്മയും നീണ്ട യാത്രയ്ക്ക് തയ്യാറെടുക്കുന്നു. സിനിമയുടെ മർമ്മപ്രധാനമായ ഭാഗം അരങ്ങേറുന്നത് ഈ അവസരത്തിലാണ്. സിനിമയിൽ ചാർളിയാണ് താരം. പ്രേക്ഷകന്റെ മനം കവരും വിധമുള്ള പ്രകടനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചാർളി എന്ന മിണ്ടാപ്രാണിയിലൂടെ അഭ്രപാളിയിലെത്തിച്ചിട്ടുള്ളത്. ചാർളിയുടെ വികാരങ്ങൾ അതീവ സൂക്ഷ്മമായ നിരീക്ഷണത്തോടെ ഒപ്പിയെടുത്തിട്ടുണ്ട്. അവതരണത്തിൻ വാത്സല്യത്തിന്റെ അനുഭൂതി നിറഞ്ഞുനിൽക്കുന്ന കാരണത്താൽ ഒരുപക്ഷേ ചാർളിയുടെ ഗന്ധം പോലും കൊട്ടകയിൽ നായപ്രേമികൾക്ക് ലഭിക്കും. രക്ഷിത് ഷെട്ടിയുടെ വൈബ്രന്റായ പെർഫോമൻസാണ് ചാർളിയിൽ കാണാൻ സാധിക്കുക. കഥാപാത്രത്തിന്റെ മാനസികാവസ്ഥയോട് പ്രേക്ഷകരെ തൊട്ടറിയാനുള്ള അനവധി മുഹൂർത്തങ്ങൾ സിനിമയിലുടനീളം പ്രകടമാണ്. ചിത്രത്തിന്റെ തുടക്കത്തിലെ ഒറ്റപ്പെടലിന്റെ ഭീകരാവസ്ഥയെ വ്യക്തമായി ധർമ്മയുടെ കഥാപാത്രത്തിലൂടെ ചൂണ്ടികാട്ടിയിട്ടുണ്ട്. രക്ഷിതിന്റെ പ്രകടനമികവ് തികച്ചും തിരക്കഥയോട് നീതി പുലർത്തും വിധമുള്ളതാണ്. ബോബി സിംഹയുടെ പ്രകടനം വെള്ളിത്തിരയ്ക്ക് ഉണർവേകും വിധമുള്ളതാണ്. ഒപ്പം ഡാനിഷ് സെയിട്ട് സംഗീത ശ്രിങ്കേരി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് ഇണങ്ങുന്ന തരത്തിൽ മൈൽഡായ രീതിയിൽ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. 777 ചാർളിയുടെ തിരക്കഥ പ്രത്യേകം എടുത്ത് പറയേണ്ടുന്ന ഒന്നാണ്. സംവിധായകൾ കിരൺരാജ് തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. 

സംഭാഷണങ്ങൾ രാജ് ബി ഷെട്ടിയും അഭിജിത്ത് മഹേഷും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കാര്യക്ഷമമായ രചനശൈലിയാണ് തിരക്കഥയിൽ കാണാനാവുക. പ്രീ ഷൂട്ട് ഡ്രാഫ്റ്റിൽ സിനിമയ്ക്ക് വേണ്ടവിധത്തിലുള്ള എഡിറ്റിങ് നടത്തിയതിന്റെ എല്ലാ ഗുണങ്ങളും സിനിമയിൽ കാണാനാകും. സംഭാഷണങ്ങളുടെ കൃത്യതയോടെയുള്ള പ്രതിഷ്ഠ ചിത്രത്തിന് പുതിയൊരു ആസ്വാദനതലം സമ്മാനിക്കുന്നുണ്ട്. കന്നഡ ചിത്രങ്ങളിലെ മികച്ച മലയാളം പതിപ്പായി ചാർളിയെ കണക്കാക്കാം. ഒരുപക്ഷേ കെജിഎഫും ബാഹുബലിയും പോലുള്ള അന്യഭാഷാ ചിത്രങ്ങൾ മലയാള സിനിമാസ്വാദകർക്ക് വേണ്ടി ചെയ്ത സംഭാവനകളുടെ തുടർച്ചയാണ് ചാർളി. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അരവിന്ദ് കശ്യപാണ്. ചിത്രത്തിലുടനീളം മിസ്റ്റിക് എഫക്ട് അനുഭവിക്കാനാകും. മഴക്കാലത്ത് അരങ്ങേറുന്ന ഒരു നനുത്ത അനുഭൂതിയായി ഈ ചലച്ചിത്രഭാഷ്യം മാറുന്നു. ഛായാഗ്രഹകന്റെ വ്യക്തമായ കാഴ്ചപ്പാടിന്റെ ഫലമാണിത്. ചാർളിയെ കാണികളിൽ ചിലർക്കെങ്കിലും കണ്ടുകൊണ്ടിരിക്കുമ്പോൾ ഒന്നു വാരിപുണരാൻ തോന്നിയേക്കാം. കേരളത്തിൽ 777 ചാർളി വിതരണം ചെയ്തത് പ്രിഥ്വിരാജ് പ്രൊഡക്ഷൻസാണ്. താരപ്പൊലിമയും കമേഷ്യൽ ഗിമ്മിക്കും അൽപ്പം പോലും ഏശാത്ത ഇത്തരം കണ്ടന്റുകൾ മലയാളികൾക്കു മുന്നിലെത്തിച്ച പ്രിഥ്വിരാജ് അഭിനന്ദനം അർഹിക്കുന്നു. പ്രതീക് ഷെട്ടിയുടെ ചിത്രസംയോജനം സിനിമയുടെ ദൈർഘ്യത്തെ വേണ്ടവിധത്തിൽ വിനോദപൂർണ്ണമാക്കുന്നു. കാണികളുടെ ശ്രദ്ധ ചിത്രത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ പ്രത്യേകമായ ശ്രദ്ധ എഡിറ്റർ പുലർത്തിയിട്ടുണ്ട്. ചാർളിയുടെ ആർട്ട് ഡിപ്പാർട്ട്മെന്റിന്റെ ദൗത്യവും കൈയ്യടി നേടുന്നുണ്ട്. 

നോബിൻ പോളിന്റെ സംഗീതം നമ്മെ ചാർളിയുടെ വൈകാരികമായ വശത്തോട് ചേർത്തുപിടിക്കാൻ സഹായിക്കുന്നു. നിങ്ങൾ അത്രമേൽ ഭാഗ്യവാനാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു നായ ഉറപ്പായും കടന്നുവന്നിരിക്കും. 777 ചാർളി തുടങ്ങുമ്പോൾ നായകന്റെ വോയിസ് ഓവറിൽ കേൾക്കുന്ന സംഭാഷണം ഇപ്രകാരമാണ്. മനുഷ്യന്റെ സ്നേഹബന്ധങ്ങൾ വേരൂന്നി നിൽക്കുന്നത് കപടതയിലാണ്. മനുഷ്യരുടെ ഇടയിൽ സ്നേഹം പരസ്പരം കടം കൊടുത്ത് വാങ്ങുന്ന ഒന്നാണ്. പ്രകൃതി മനുഷ്യവർഗത്തിനായി അനുഗ്രഹിച്ച് നൽകിയ ജീവിയാണ് നായ. ഒരു നേരത്തെ വിശപ്പടക്കിയാൽ ജീവിതം മുഴുവൻ മറ്റൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ നന്ദിയുടെ രൂപത്തിൽ സ്നേഹം ദക്ഷിണയായി സമർപ്പിക്കുന്ന ഇവരുടെ സ്ഥാനം മനിതനും മുകളിലാണ്. സഹജീവികൾ ഒരാളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. പല കാര്യങ്ങളിൽ അവ നമ്മുടെ കണ്ണുതുറപ്പിച്ച് ഒരുനാൾ യാത്രചോദിക്കാതെ നമ്മെ വിട്ട് യാത്രയാകും. എന്നാലും അവയുടെ പാദമുദ്ര ഈ ഭൂമി വിട്ട് പോയിട്ടുണ്ടാവില്ല. ഈ സൗന്ദര്യപൂർണ്ണമായ ദൃശ്യഭാഷ്യം പറയുന്ന ഊർജ്ജമേറിയ ആശയം വിലമതിക്കാനാവാത്തതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.