
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള വ്യവസായ റിയൽ എസ്റ്റേറ്റ് കമ്പനിയായ പാനറ്റോണിയും കേരളത്തിലെ പ്രമുഖ വ്യവസായ സ്ഥാപനമായ എടയാർ സിങ്ക് ലിമിറ്റഡും ചേർന്ന് കൊച്ചിയിലെ എടയാർ ഇൻഡസ്ട്രിയൽ ഏരിയയിൽ 800 കോടി മുതൽമുടക്കുള്ള ഗ്രേഡ് എ പ്ലസ് മൾട്ടി ക്ലയന്റ് ഇൻഡസ്ട്രിയൽ & ലോജിസ്റ്റിക്സ് പാർക്ക് വികസിപ്പിക്കാൻ ധാരണയായി. കെഎൽഐസി (കേരള ലോജിസ്റ്റിക്സ് ആന്റ് ഇൻഡസ്ട്രിയൽ സിറ്റി) എന്ന എടയാർ സിങ്ക് ലിമിറ്റഡിന്റെ നവീകരണ ദൗത്യത്തിലൂടെയാണ് പാനറ്റോണിയുടെ കേരളത്തിലെ ആദ്യത്തെ പദ്ധതിക്ക് തുടക്കമിടുന്നത്. വ്യവസായ മന്ത്രി പി രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ പാനറ്റോണി ഇന്റർനാഷണൽ പ്രോജക്ട് മാനേജ്മെന്റ് മാനേജിങ് ഡയറക്ടർ നോർബർട്ട് സുമിസ്ലാവ്സ്കിയും എടയാർ സിങ്ക് ലിമിറ്റഡ് എംഡി മുഹമ്മദ് ബിസ്മിത്തും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. കെഎസ്ഐഡിസി എംഡി വിഷ്ണുരാജ് പി, കിൻഫ്ര എംഡി സന്തോഷ് കോശി എന്നിവരും സന്നിഹിതരായിരുന്നു.
180 ഏക്കറിൽ വിഭാവന ചെയ്തിരിക്കുന്ന കേരള ലോജിസ്റ്റിക്സ് & ഇൻഡസ്ട്രിയൽ സിറ്റിയിൽ, ആദ്യഘട്ട സംരംഭമായ പാനറ്റോണി പാർക്ക് 20 ഏക്കർ വിസ്തീർണത്തിൽ 5.2 ലക്ഷം ചതുരശ്ര അടി അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് വികസിപ്പിക്കുക. 12 മീറ്റർ ക്ലിയർ ഹൈറ്റ്, എഫ്എം2 ഗ്രേഡ് ഫ്ലോര്‍, അഞ്ച് ടൺ/ചതുരശ്ര മീറ്റർ ലോഡിങ് ശേഷി, കെ160 സ‌്പ്രിങ്കളറുകൾ, ഐജിബിസി സർട്ടിഫൈഡ് സുസ്ഥിര ഡിസൈൻ എന്നീ സവിശേഷതകളോട് കൂടി ഒരുങ്ങുന്ന ഈ പാർക്ക്, കേരളത്തിലെ ലോജിസ്റ്റിക്സ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തും. ഇ — കൊമേഴ്സ്, എഫ്എംസിജി, 3പിഎൽ, ഫാർമസ്യൂട്ടിക്കൽ മേഖലകളിലെ പ്രമുഖ കമ്പനികളെയാണ് ലക്ഷ്യമിടുന്നത്. 2026 ൽ നിർമ്മാണം ആരംഭിച്ച് 2027 ഫെബ്രുവരിയിൽ ആദ്യഘട്ട പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
പാനറ്റോണിയുടെ വരവോടെ സംസ്ഥാനത്ത് ലോജിസ്റ്റിക്സ് മേഖലയുടെ പ്രാധാന്യം ഗണ്യമായി ഉയർന്നതായി ചടങ്ങിൽ സംസാരിച്ച മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് തയ്യാറായതിന് പാനറ്റോണിയോട് നന്ദി പറഞ്ഞ മന്ത്രി നയപരിധിക്കുള്ളിൽ നിന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നിശ്ചിത സമയത്തിനുള്ളിൽ കമ്പനിക്ക് നൽകുമെന്ന് ഉറപ്പു നൽകി. പദ്ധതി നടത്തിപ്പിനായി ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.