20 December 2025, Saturday

വിഴിഞ്ഞത്തിന് 817 കോടിയുടെ വിജിഎഫ്: കരാർ നാളെ ഒപ്പിടും

Janayugom Webdesk
തിരുവനന്തപുരം
April 8, 2025 10:38 pm

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസർക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) സ്വീകരിക്കുന്നതിനുള്ള രണ്ട് കരാറുകള്‍ നാളെ ഒപ്പിടും. കേന്ദ്രവും പണം സ്വീകരിക്കുന്ന അഡാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കൺസോർഷ്യവുമായുള്ള ത്രികക്ഷി കരാറാണ് ആദ്യത്തേത്. തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ മന്ത്രി വി എൻ വാസവന്റെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിടും. മാസ്കറ്റ് ഹോട്ടലിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക കാര്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. 

വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണ്. പഴയ കരാർ പ്രകാരം തുറമുഖം പ്രവർത്തനം ആരംഭിച്ചതിനുശേഷം 15-ാം വർഷം മുതലാണ് സംസ്ഥാന സർക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. എന്നാൽ, ഇപ്പോൾ എത്തിച്ചേർന്ന ധാരണ പ്രകാരം 2034 മുതൽ തന്നെ വിഹിതം സർക്കാരിന് ലഭിക്കും. പഴയ കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ വരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സർക്കാരിന് വിഹിതം നൽകേണ്ടിയിരുന്നത്. എന്നാൽ, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിർമ്മാണം 2028ൽ പൂർത്തീകരിക്കുന്നതിനാൽ നാല് ഘട്ടങ്ങളും കൂടി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അഡാനി വിഴിഞ്ഞം പോർട്ട് സർക്കാരിന് 2034 മുതൽ നൽകുക. ഇക്കാര്യത്തിലും ധാരണയിൽ എത്തിയിട്ടുണ്ട്. 

തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങൾ ഉൾപ്പെടെ) 2028 ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അഡാനി വിഴിഞ്ഞം പോർട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. അതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം ടിയുഇ ആയിരിക്കും. തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂർണമായും അഡാനി പോർട്സ് ആയിരിക്കും വഹിക്കുക. അടുത്ത നാല് വർഷങ്ങൾക്കുള്ളിൽ ഈ നിക്ഷേപം നടത്തുമ്പോൾ നിർമ്മാണ സാമഗ്രികൾക്കുമേൽ ലഭിക്കുന്ന ജിഎസ്‌ടി റോയൽറ്റി, മറ്റു നികുതികൾ എല്ലാം ചേർത്ത് നികുതി ഇനത്തിൽ തന്നെ സർക്കാരിന് ഒരു വലിയ തുക ലഭിക്കും. 

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.