19 December 2024, Thursday
KSFE Galaxy Chits Banner 2

കേന്ദ്ര സായുധ സേനയില്‍ 83,000 ഒഴിവുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2023 11:13 pm

കേന്ദ്ര സായുധസേനാ വിഭാഗ(സിഎപിഎഫ്)ത്തില്‍ 83,000 ഒഴിവുകളുണ്ടെന്ന് കേന്ദ്രം. 10,15,237 ആണ് സേനയുടെ ആകെ അംഗബലമെന്നും കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. സെന്റര്‍ ആംഡ് പൊലീസ് ഫോഴ്സെസ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്(ബിഎസ്എഫ്), സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി), ശസ്ത്രസീമാ ബല്‍ (എസ്എസ്ബി), അസം റൈഫിള്‍സ് എന്നീ സേനാ വിഭാഗങ്ങള്‍ ചേര്‍ന്നതാണ് കേന്ദ്ര സായുധ സേന. ഈ വര്‍ഷം ജനുവരി ഒന്ന് കണക്കാക്കിയാല്‍ സിഎപിഎഫിലും അസാം റൈഫില്‍സിലുമായി 83,127 ഒഴിവുകളാണുള്ളതെന്ന് ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

2022 ജൂലൈയ്ക്കും 2023 ജനുവരിക്കും ഇടയിലായി 32181 പേരെ റിക്രൂട്ട് ചെയ്തു. 64,444 ഒഴിവുകള്‍ നികത്തുന്നതിനായി നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുമുണ്ട്. ഈ വര്‍ഷം തന്നെ ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒഴിവുകള്‍ ഉണ്ടാകുന്നതും നികത്തുന്നതും തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. യുപിഎസ്‌സി, എസ്എസ്‌ സി, ബന്ധപ്പെട്ട സേനാ വിഭാഗങ്ങള്‍ എന്നിവയിലൂടെ റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര സുരക്ഷ, ക്രമസമാധാന പാലനം, കശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നിവയാണ് സിആര്‍പിഎഫിന്റെ ചുമതല. പാകിസ്ഥാനുമായുള്ള 3323 കിലോമീറ്റര്‍ അതിര്‍ത്തി (യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ 740 കിലോമീറ്റര്‍ ഒഴിച്ച്), ബംഗ്ലാദേശുമായുള്ള 4096 കിലോമീറ്റര്‍ പ്രദേശത്തിന്റെ സംരക്ഷണ ചുമതലയാണ് ബിഎസ്എഫിനുള്ളത്.

ആണവനിലയം, തന്ത്ര പ്രധാനമേഖലകള്‍, മെട്രോ ശൃംഖല, പ്രധാന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ സിഐഎസ്എഫിനാണ്. 3488 കിലോമീറ്റര്‍ ഇന്ത്യ‑ചൈന അതിര്‍ത്തിയിലാണ് ഐടിബിപിക്ക് ചുമതല. നേപ്പാള്‍ (1751 കിലോമീറ്റര്‍), ഭൂട്ടാന്‍ (699 കിലോമീറ്റര്‍) അതിര്‍ത്തിയിലാണ് എസ്എസ്ബി ഗാര്‍ഡുകളുള്ളത്. മ്യാന്‍മര്‍ അതിര്‍ത്തി (1643 കിലോമീറ്റര്‍) സംരക്ഷണം, വടക്ക്കിഴക്കന്‍ മേഖലയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് അസം റൈഫിള്‍സിന്റെ പ്രധാന ചുമതലകള്‍.

Eng­lish Sum­ma­ry: 83,000 Vacan­cies in Cen­tral Armed Forces
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.