7 December 2025, Sunday

850 കോടിയുടെ നിക്ഷേപം; മെറിഡിയൻ ടെക് പാർക്കിന്റെ ഇരട്ട ടവർ ക്യാമ്പസ് ടെക്നോപാർക്കിൽ

ആദ്യ ഇരട്ട ടവർ ക്യാമ്പസ് പൂർത്തിയാകുമ്പോൾ 12,000 തൊഴിലവസരങ്ങൾ 
Janayugom Webdesk
തിരുവനന്തപുരം
November 7, 2025 10:13 pm

ടെക്നോപാർക്കിൽ ആദ്യ ഇരട്ട ടവർ ക്യാമ്പസായി മെറിഡിയൻ ടെക് പാർക്ക് ഉയരും. സംസ്ഥാനത്തിന്റെ സാങ്കേതിക മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലാകുന്ന മെറിഡിയൻ ടെക് പാർക്ക് ടെക്നോപാർക്കിന്റെ ഫേസ് മൂന്നിലാണ് യാഥാർത്ഥ്യമാകുക. യുഎഇയിലെ പ്രമുഖ നിക്ഷേപകരായ അൽ മർസൂഖി ഹോൾഡിങ്സ് എഫ്ഇസഡ്സിയാണ് പദ്ധതിക്കായി 850 കോടി രൂപ നിക്ഷേപിക്കുന്നത്. ‘കേരളത്തിന്റെ വെർട്ടിക്കൽ ഇന്നൊവേഷൻ നെക്സസ്’ എന്ന് ബ്രാൻഡ് ചെയ്ത പദ്ധതിയുടെ ഭാഗമായി പതിനായിരത്തിലധികം പേർക്ക് നേരിട്ടും രണ്ടായിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 

ലോകോത്തര ഐടി, ഐടി അധിഷ്ഠിത പദ്ധതിയായ മെറിഡിയൻ ടെക് പാർക്കിന്റെ താല്പര്യപത്രം വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ അൽ മർസൂഖി ടെക് പാർക്ക് സിഇഒ അജീഷ് ബാലദേവനും ടെക്നോപാർക്ക് സിഇഒ സഞ്ജീവ് നായരും തമ്മിൽ കൈമാറി. അത്യാധുനിക ഇന്നൊവേഷൻ ഇക്കോസിസ്റ്റമായാണ് മൂന്നര ഏക്കറിൽ മെറിഡിയൻ ടെക് പാർക്ക് സജ്ജമാകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഏവിയേഷൻ ഐടി, ഹെൽത്ത്കെയർ ഐടി, റോബോട്ടിക്സ് മേഖലകളിലാണ് ഊന്നൽ. 

ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന ലീഡ് പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹൃദ നിർമ്മിതിയാണ് ഇതിന്റെ പ്രധാന സവിശേഷത. നിർമ്മിത ബുദ്ധിയുടെ പിൻബലത്തിലുള്ള ലബോറട്ടറി വഴി ചെറുകിട കമ്പനികൾക്ക് പോലും ഇതിന്റെ സാധ്യതകൾ ഉപയോഗിക്കാനാകുന്ന രീതിയിലാണ് ക്യാമ്പസ് ഒരുങ്ങുക. കോൺഫറൻസുകൾ, ടെക്നോളജി ഉച്ചകോടികൾ, കോർപറേറ്റ് ഇവന്റുകൾ എന്നിവയ്ക്കായി രാജ്യാന്തര കൺവെൻഷൻ സെന്ററും കോർപറ്റേറ്റ് ഒത്തുചേരലിനും പ്രോഡക്ടുകളുടെ ലോഞ്ചിങ്ങിനുമൊക്കെ അനുയോജ്യമായ ഇടങ്ങളും ഇതിന്റെ ഭാഗമാകും. 

സാമ്പത്തിക വികസനത്തിലും വാണിജ്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അൽ മസൂഖി ഹോൾഡിങ്സ് എഫ്ഇസഡ്സി രണ്ടുഘട്ടങ്ങളിലായുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 400 കോടിയും രണ്ടാംഘട്ടത്തിൽ 450 കോടിയുമാണ് നിക്ഷേപിക്കുന്നത്. ആഗോള സാങ്കേതിക വിപ്ലവത്തിന്റെ മുൻനിരയിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനു കൂടുതൽ വേഗം പകരുന്ന പദ്ധതിയാകും മെറിഡിയൻ ടെക് പാർക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.