15 February 2026, Sunday

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; ആരോഗ്യ കേരളം മുന്നോട്ട്

* സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം 
*ആരോഗ്യ മേഖലയിൽ ഇതുവരെ 10,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ
Janayugom Webdesk
തിരുവനന്തപുരം
January 13, 2026 10:25 pm

നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായി. കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതോടെ ആകെ 750 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

ഈ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 10,000 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സമഗ്ര പ്രാഥമികാരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സര്‍ക്കാര്‍ 5416 ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇതുകൂടാതെ നഗര പ്രദേശങ്ങളില്‍ 356 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. ആര്‍ദ്രം മിഷന്റെ ഭാഗമായി 913 ആശുപത്രികളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 90 ആശുപത്രികളില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. 14 ജില്ലാ, ജനറല്‍ ആശുപത്രികളിലും 26 താലൂക്ക് ആശുപത്രികളിലും ഒപി വിഭാഗം നവീകരിച്ചു. 102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ശാക്തീകരിച്ചു.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികള്‍, ഒപി രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികള്‍, ഇന്‍ജക്ഷന്‍ റൂം, ഡ്രസിങ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി, ലാബ്, ലാബ് വെയിറ്റിങ് ഏരിയ, കാത്തിരിപ്പ് മുറികളില്‍ ബോധവത്ക്കരണത്തിനായി ടെലിവിഷന്‍, എയര്‍പോര്‍ട്ട് ചെയര്‍, ദിശാബോര്‍ഡുകള്‍, പബ്ലിക് അഡ്രസിങ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന, സ്ത്രീ, ഭിന്നശേഷി സൗഹൃദമായാണ് നിര്‍മ്മിക്കുന്നത്.

ആരോഗ്യ മേഖലയിലെ വലിയ വികസനത്തിന്റെ ഫലമായി 290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ ഒമ്പത് ജില്ലാ ആശുപത്രികള്‍, എട്ട് താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 172 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 40 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.