23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 15, 2024
November 12, 2024
November 8, 2024
October 11, 2024
October 11, 2024
August 16, 2024
August 12, 2024
July 5, 2024
July 4, 2024

വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന് 88 വയസ്

പി കബീര്‍
(സംസ്ഥാന സെക്രട്ടറി, എഐഎസ്എഫ്)
August 12, 2024 4:30 am

ന്ത്യയിലെ ആദ്യ സംഘടിത ദേശീയ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം എഐഎസ്എഫ് ഇന്ന് 89-ാം വർഷത്തിലേക്ക് കടക്കുകയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തോക്കിനും ലാത്തിക്കും കഴുമരത്തിനും കാരാഗൃഹത്തിനും പിറന്നനാടിന്റെ മോചനത്തെക്കാൾ പ്രഹരശേഷിയില്ല എന്നുള്ള തിരിച്ചറിവിന്റെ ഭാഗമായാണ് എഐഎസ്എഫ് പിറവിയെടുക്കുന്നത്. കലാലയങ്ങൾ ഉപേക്ഷിച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കൂ എന്നുള്ള ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ എണ്ണമറ്റ പ്രതിരോധ പ്രവർത്തനങ്ങളാണ് ആ കാലഘട്ടത്തിൽ എഐഎസ്എഫ് നടത്തിയത്.
ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപംകൊണ്ട എഐഎസ്എഫ് ലക്ഷ്യം പൂർത്തീകരിക്കുംവരെ ആ പോരാട്ടത്തിൽ പങ്കുചേർന്നു. ക്വിറ്റ് ഇന്ത്യാ സമരം നയിച്ചതിന്റെ പേരിൽ ബ്രട്ടീഷ് പട്ടാളം 1942ൽ ഹെമു കലാനി എന്ന എഐഎസ്എഫ് നേതാവിനെ അറസ്റ്റ് ചെയ്യുകയും 1943ൽ, പതിനാറാമത്തെ വയസിൽ പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു രക്തസാക്ഷിയായ വിദ്യാർത്ഥിനി കനകലതയും എഐഎസ്എഫ് നേതാവായിരുന്നു.

ബംഗ്ലാദേശില്‍ അനിശ്ചിതത്വം തുടരുന്നു

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ നിരവധി എഐഎസ്എഫ് പ്രവർത്തകർ രക്തസാക്ഷിത്വം വരിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനും, നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുവാനു൦ എഐഎസ്എഫ് പോരാടുന്നു. യാത്രാവകാശത്തിനായി പോരാടി രക്തസാക്ഷിത്വം വരിച്ച സതീഷ് കുമാർ, വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ജയപ്രകാശ് എന്നിവർ എഐഎസ്എഫിന്റെ കേരളത്തിലെ ജ്വലിക്കുന്ന ഓർമ്മകളാണ്.
സ്വാതന്ത്ര്യാനന്തരം എഐഎസ്എഫ് അതിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും വിദ്യാഭ്യാസ വിഷയങ്ങൾ, സാമ്രാജ്യത്വ‑ഫ്യൂഡൽ വിരുദ്ധ സമരം എന്നിവയിൽ കേന്ദ്രീകരിച്ചു. വിദ്യാർത്ഥികളുടെ ദൈനംദിന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും സാമുദായിക ഭീഷണികൾക്കെതിരായ വിദ്യാർത്ഥികളുടെ ഐക്യത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ഹൈദരാബാദിലെ നിസാമിന്റെ സാമ്രാജ്യത്വത്തിനെതിരായ തെലങ്കാന സായുധ പോരാട്ടത്തിലും ഗോവൻ വിമോചന സമരത്തിലും പങ്കെടുത്ത ഏക വിദ്യാർത്ഥി സംഘടനയാണിത്. 1980കളിൽ, ഖലിസ്ഥാൻവിരുദ്ധ പ്രക്ഷോഭത്തിൽ, മുൻ ജനറൽ സെക്രട്ടറി സത്യപാൽ ഡാങ്ങിന്റെ നേതൃത്വത്തിൽ എഐഎസ്എഫ് തീവ്രവാദികളെ പ്രതിരോധിക്കാൻ സായുധ പരിശീലനം നടത്തി. പ്രത്യയശാസ്ത്രപരമായി ഖലിസ്ഥാനെ ചെറുക്കാനുള്ള പ്രസ്ഥാനത്തിന്റെ ശ്രമത്തിന് മറുപടിയായി നൂറുകണക്കിന് വിദ്യാർത്ഥി പ്രവര്‍ത്തകരാണ് രക്തസാക്ഷികളായത്. ഭാരതത്തിലെ വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെയെല്ലാം അടിസ്ഥാനമായ കോത്താരി കമ്മിഷൻ റിപ്പോർട്ട് പൂർത്തീകരിക്കാൻ സഹായിച്ച എഐഎസ്എഫിന്റെ ഇടപെടലുകളെക്കുറിച്ച് ആ റിപ്പോർട്ടിന്റെ ആമുഖത്തിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള എഐഎസ്എഫ് വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണത്തിനും വർഗീയവല്‍ക്കരണത്തിനും നിലവാരത്തകർച്ചയ്ക്കും എതിരെയും പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനു വേണ്ടിയും പ്രക്ഷോഭങ്ങൾ നടത്തിവരുന്നു. സ്വാശ്രയ‑സ്വയംഭരണ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും സ്വാശ്രയ‑സ്വയംഭരണ വിദ്യാലയങ്ങളിലെ ഇടിമുറികളെ തച്ചുതകർക്കാനുമുള്ള പോരാട്ടത്തിലെ അനിഷേധ്യമായ വിദ്യാർത്ഥി സംഘടന എഐഎസ്എഫ് മാത്രമാണ്.

വികസിത ഭാരതമെന്ന മരീചിക

പൊതുവിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതിനുശേഷം നടക്കുന്നത്. വിദ്യാർത്ഥി വർധനവും അധ്യാപക‑വിദ്യാർത്ഥി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ട്. പഠനത്തിന് അവസരം ലഭിക്കാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരെ സഹായിക്കാൻ 2016 മുതൽ എഐഎസ്എഫ് ആരംഭിച്ച നിറവ് പദ്ധതി സംസ്ഥാനത്തെ എല്ലാ മേഖലകളിലും വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായി ഗുണനിലവാരം കുറഞ്ഞ വിദേശ സർവകലാശാലകളെയും മൂലധന ശക്തികളെയും മാറ്റത്തിന്റെ പേരിൽ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് ആനയിക്കുവാൻ ശ്രമിക്കുന്നത് എഐഎസ്എഫ് ചെറുക്കും.
രാജ്യത്ത് അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയെ സമ്പൂർണമായി കച്ചവട‑കാവിവൽക്കരിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ തലപ്പത്ത് യോഗ്യത ഇല്ലാത്തവരെയും തങ്ങളുടെ ഇഷ്ടക്കാരെയും നിയമിച്ച് സംഘ്പരിവാർ അജണ്ടകൾ നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പുത്തൻ ദേശീയ വിദ്യാഭ്യാസ നയം അതിന്റെ ഭാഗമാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ആഗോളവല്‍ക്കരണവും കോർപറേറ്റ്‌വല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കാവിവല്‍ക്കരണവും കൂടി ചേരുന്നതാണ് ദേശീയ വിദ്യാഭ്യാസനയം. പ്രൈമറിതലം മുതൽ ഹിന്ദി ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കണമെന്ന് പറയുന്നത് പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമമാണ്. ഹിന്ദി പ്രചാരത്തിലുള്ള സ്ഥലങ്ങളിൽ സംസ്കൃതം അടിച്ചേല്പിക്കുന്നതിനും ഇതിലൂടെ ഹൈന്ദവ ദേശീയത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്നതിനുമാണ് കേന്ദ്രം ശ്രമിക്കുന്നത്.
ഗവേഷണ മേഖലയെ പൂർണമായും ചങ്ങലയ്ക്കിടുന്നതാണ് പുത്തൻ ദേശീയ വിദ്യാഭ്യാസ നയം. ദേശീയ പ്രാധാന്യമില്ലാത്ത വിഷയങ്ങളിൽ ഗവേഷണം അനുവദിക്കില്ലെന്ന പ്രഖ്യാപനത്തിലൂടെ തങ്ങൾ പറയുന്ന വിഷയങ്ങളിൽ മാത്രം ഗവേഷണം മതിയെന്ന കേന്ദ്ര സർക്കാർ തീരുമാനമാണ് നടപ്പിലാക്കപ്പെടുന്നത്. സർക്കാർ ഗവേഷണ മേഖലയിൽ നിന്ന് പിൻമാറി, കോർപറേറ്റുകളെ ഏല്പിക്കുകയും പ്രധാനമന്ത്രി അധ്യക്ഷനായ നാഷണൽ റിസർച്ച് കോൺഫെഡറേഷൻ രൂപീകരിക്കുക വഴി ഈ മേഖലയെ തങ്ങളുടെ കൈപ്പിടിയിലാക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഈ വിദ്യാഭ്യാസനയം മതേതരത്വത്തെക്കുറിച്ച് മൗനം പാലിക്കുന്നത് വളരെ ഗൗരവതരമായി കാണേണ്ടതാണ്. ഒരു രാജ്യം, ഒരു ഭാഷ, ഒരു സിലബസ് എന്ന നയത്തിലൂടെ ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാൻ എന്ന ആര്‍എസ്എസ് മുദ്രാവാക്യം നടത്താനാണ് ശ്രമിക്കുന്നത്.

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ ഉലഞ്ഞ് കോര്‍പറേറ്റ് ചങ്ങാത്തം

വിദേശ സർവകലാശാലകളെ യഥേഷ്ടം ഇന്ത്യയിലേക്ക് ക്ഷണിച്ചും സ്വകാര്യ സ്വയംഭരണ കോളജുകൾ അനുവദിച്ചും സർവകലാശാലകൾക്കോ സർക്കാരിനോ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ് പുത്തൻ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സൃഷ്ടിക്കുന്നത്. ഇതുവഴി 2030ഓടെ രാജ്യത്തെ എല്ലാ കോളജുകളും സ്വയംഭരണ കോളജുകളായി മാറുന്നു. സര്‍ക്കാര്‍ ഫണ്ടിന്റെ ഭൂരിഭാഗവും സ്വയംഭരണ കോളജുകൾക്കും സ്വകാര്യ സർവകലാശാലകൾക്കും അനുവദിച്ചുകൊണ്ട് പരീക്ഷ നടത്തിപ്പുൾപ്പെടെ എല്ലാ കാര്യങ്ങളും സ്വകാര്യ ഏജൻസികളെ ഏല്പിച്ച് സർക്കാർ അതിൽ നിന്നെല്ലാം പിൻമാറുന്നത് വിദ്യാഭ്യാസത്തിന്റെ മരണമണിയാണ്. നിലവിലുള്ള സിലബസ് പരിഷ്കരിച്ച് ചരിത്ര — ശാസ്ത്രസത്യങ്ങളെ തമസ്കരിക്കുകയും മതേതരമൂല്യങ്ങൾക്ക് വിലകല്പിക്കാതെ കച്ചവടക്കാവിവല്‍ക്കരണത്തെ സ്വീകരിക്കുകയും ചെയ്ത് പൗരാണിക കാലഘട്ടത്തിലേക്ക് വിദ്യാഭ്യാസത്തെ മടക്കിക്കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിരോധം ഉയർന്നുവരണം.
സമാനതകളില്ലാത്ത പ്രതിസന്ധികൾ അധികാരവർഗം സൃഷ്ടിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ഉജ്വലമായ പോരാട്ടമാണ് രാജ്യത്ത് എഐഎസ്എഫ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാർ ഭരണകൂട ഭീകരതയ്ക്കെതിരെ ഉയർന്നുവരുന്ന പ്രക്ഷോഭങ്ങളുടെയെല്ലാം പ്രഥമകേന്ദ്രം കലാലയങ്ങളാണ് എന്നത് അഭിമാനകരമാണ്. കലാലയങ്ങളിൽ നിന്ന് ഉയരുന്ന പ്രതിഷേധത്തിന്റെ, ചെറുത്തുനില്പിന്റെ മുന്നിൽത്തന്നെ എഐഎസ്എഫ് ഉണ്ടാകും. വിദ്യാർത്ഥി മുന്നേറ്റത്തിന്റെ 88 വർഷങ്ങൾ പിന്നിടുമ്പോഴും ചരിത്രത്തിന്റെയും സഹനത്തിന്റേതുമായ പാരമ്പര്യം കരുത്തോടെ നിലനിർത്താൻ എഐഎസ്എഫിന് കഴിയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.