ഇന്ത്യന്‍ സമ്പദ്‌ഘടനയില്‍ നിന്നും 88,000 കോടി രൂപ കാണാതായെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പ്രസുകളില്‍ അച്ചടിച്ച 500 രൂപ നോട്ടുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് എത്തിയില്ലെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. അച്ചടിച്ചതും ലഭിച്ചതുമായ നോട്ടുകളുടെ എണ്ണത്തില്‍ വലിയ പൊരുത്തക്കേടുള്ളതായി ഫ്രീ പ്രസ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ കാണാതായ നോട്ടുകളുടെ ആകെ മൂല്യം 88,032.50 കോടി രൂപയാണ്.
2015–2016 സാമ്പത്തിക വര്‍ഷം മൂന്ന് സര്‍ക്കാര്‍ പ്രസുകളിലായി പുതുതായി രൂപകല്പന ചെയ്ത 500 രൂപയുടെ 8,810.65 ദശലക്ഷം നോട്ടാണ് പുറത്തിറക്കിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത് 7,260 ദശലക്ഷം മാത്രമാണെന്ന് വിവരാവകാശ രേഖ പറയുന്നു. ബാക്കിയുള്ള 1760.65 ദശലക്ഷം നോട്ടുകള്‍ നഷ്ടപ്പെട്ടതായി കരുതേണ്ടിവരും.
മനോരഞ്ജൻ റോയ് ആര്‍ബിഐയ്ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് കണക്കിലെ വ്യത്യാസം വെളിപ്പെടുന്നത്. ഇത്രയും അധികം നോട്ടുകള്‍ കാണാതായത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനോരഞ്ജൻ റോയ് അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രല്‍ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോക്കും ഇഡിക്കും അദ്ദേഹം കത്തയച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ തയ്യാറായില്ലെന്നും ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗളൂരുവിലെ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡ്, നാസിക്കിലെ കറൻസി നോട്ട് പ്രസ്, ദേവാസിലെ ബാങ്ക് നോട്ട് പ്രസ് എന്നീ മൂന്ന് സര്‍ക്കാര്‍ പ്രസുകളിലായാണ് രാജ്യത്ത് കറൻസി നോട്ടുകള്‍ അച്ചടിക്കുന്നത്. ഇവിടെ അച്ചടിക്കുന്ന നോട്ടുകളാണ് റിസര്‍വ് ബാങ്കിലേക്ക് നല്കുന്നത്.
2016–17 സാമ്പത്തികവര്‍ഷത്തില്‍ 1662 ദശലക്ഷം നോട്ടുകള്‍ ആര്‍ബിഐക്ക് നല്‍കിയതായി നാസിക് മിന്റ് കണക്കുകള്‍ പറയുന്നു. ഇതേവര്‍ഷം ബംഗളൂരുവിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ 500 രൂപയുടെ 5,195.65 ദശലക്ഷം നോട്ടുകളും, ദേവാസ് ബാങ്ക് നോട്ട് പ്രസ് 1,953 ദശലക്ഷം നോട്ടുകളും ആര്‍ബിഐക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇവ 8810.65 കോടി വരും.
കൂടാതെ നാസിക് മിന്റില്‍ നിന്നും 2015–2016 സാമ്പത്തിക വര്‍ഷം 500 രൂപയുടെ 210 ദശലക്ഷം നോട്ടുകള്‍ ആര്‍ബിഐക്ക് നല്‍കിയതായി പറയുന്നുണ്ട്. എന്നാല്‍ ആകെ 7260 ദശലക്ഷം നോട്ടുകള്‍ മാത്രമേ ആര്‍ബിഐയില്‍ എത്തിയിട്ടുള്ളൂ.
നാസിക് പ്രസില്‍ പുതുതായി രൂപകല്പന ചെയ്ത 500 രൂപ നോട്ടിന്റെ 375.450 ദശലക്ഷം അച്ചടിച്ചതില്‍ 2015 ഏപ്രിലിനും 2016 ഡിസംബറിനും ഇടയില്‍ ആര്‍ബിഐയില്‍ എത്തിയത് 345 ദശലക്ഷം നോട്ടുകള്‍ മാത്രമാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
English Summary:88,000 crore missing; RBI did not respond
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.