കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റെയിൽവേ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയം (സിവിൽ) എന്നിവിടങ്ങളിലാണെന്ന് കണക്കുകള്‍. 9.79 ലക്ഷം ഒഴിവുകളിൽ 71.70 ശതമാനം റെയിൽവേ, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളിലാണെന്ന് പാർലമെന്റിൽ അവതരിപ്പിച്ച ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ ഒഴിവുകൾ റെയിൽവേയിലാണ്, 3.15 ലക്ഷം. പ്രതിരോധ മന്ത്രാലയത്തില്‍ 2.64 ലക്ഷവും ആഭ്യന്തര മന്ത്രാലയത്തില്‍ 1.43 ലക്ഷവും ഒഴിവുകളുണ്ട്. തപാൽ വകുപ്പ് (90,050), റവന്യു വകുപ്പ് (80,243) എന്നിവയാണ് ആദ്യ അഞ്ച് പട്ടികയിലെ മറ്റ് വകുപ്പുകൾ.
ഏറ്റവും കുറവ് ഒഴിവുകളുള്ളത് ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിലാണ്, അവിടെ 64 തസ്തികകളിൽ എട്ട് ഒഴിവുകൾ മാത്രമാണുള്ളത്. രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ 91 ഉം പ്രധാനമന്ത്രിയുടെ ഓഫിസിൽ 129ഉം ഒഴിവുകളുണ്ട്. വിരമിക്കൽ, രാജി, മരണം, സ്ഥാനക്കയറ്റം എന്നിവ മൂലമാണ് ഒഴിവുകൾ ഉണ്ടാകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആറ് അർധസൈനിക വിഭാഗങ്ങളിലായി 83,127 ഒഴിവുകളുണ്ട്. ഇതില്‍ 3,048 ഒഴിവുകള്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സിആർപിഎഫിൽ (29,283), ബിഎസ്എഫ് (10,987), സിഐഎസ്എഫ് (19,475) ഒഴിവുകളുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാരിന് കീഴിലുള്ള സ്‌കൂളുകളിലും സർവ്വകലാശാലകളിലും അധ്യാപക, അനധ്യാപക തസ്തികകൾ ഉൾപ്പെടെ 58,000 ത്തിലധികം ഒഴിവുകളുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞദിവസം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളിൽ 12,099 അധ്യാപക തസ്തികകളും 1,312 അനധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ജവഹർ നവോദയ വിദ്യാലയങ്ങളിൽ 3,271 അധ്യാപക തസ്തികകൾ നികത്താനുണ്ട്. റസിഡൻഷ്യൽ സ്കൂളുകളിൽ 1,756 അനധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് കേന്ദ്രസർവകലാശാലകളിലാണ്, 6,180 അധ്യാപക തസ്തികകളും 15,798 അനധ്യാപക തസ്തികകളും ഇനിയും നികത്താനുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) 4,425 അധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. ഐഐടികളില്‍ 5,052 അനധ്യാപക തസ്തികകൾ നികത്താനുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
English Summary: 9.79 lakh vacancies in Central Govt
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.