5 December 2025, Friday

Related news

December 5, 2025
December 5, 2025
December 3, 2025
November 21, 2025
November 21, 2025
November 18, 2025
November 17, 2025
November 15, 2025
November 8, 2025
November 6, 2025

രണ്ട് വര്‍ഷത്തിനിടെ ഇസ്രയേല്‍ തടങ്കലില്‍ മരിച്ചത് 98 പലസ്തീനികള്‍

Janayugom Webdesk
ടെല്‍ അവീവ്
November 17, 2025 10:09 pm

രണ്ട് വര്‍ഷത്തിനിടെ 98 പലസ്തീനികള്‍ ഇസ്രയേല്‍ കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗാസയിൽ തടവിലാക്കപ്പെട്ട നൂറുകണക്കിന് ആളുകളെ കാണാതായതിനാൽ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്ന് ഇസ്രയേല്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് (പിഎച്ച്ആര്‍ഐ) വ്യക്തമാക്കുന്നു. 2023 ഒക്ടോബര്‍ മുതലുള്ള കണക്കുകളാണ് സംഘടന ശേഖരിച്ചത്. യുദ്ധത്തിന്റെ ആദ്യ എട്ട് മാസത്തെ സമഗ്രമായ വിവരങ്ങൾ മാത്രമാണ് ഇസ്രയേൽ അധികൃതർ നൽകിയത്. ഈ കാലയളവിൽ ഓരോ നാല് ദിവസത്തിലും ശരാശരി ഒരു പലസ്തീന്‍ തടവുകാരന്‍ മരിച്ചുവെന്നാണ് കണക്ക്. 2024 മേയിലെ മരണങ്ങളെക്കുറിച്ചുള്ള ഡാറ്റ സെെന്യത്തില്‍ നിന്നും സെപ്റ്റംബറിലെ കണക്ക് ഇസ്രയേല്‍ ജയില്‍ സര്‍വീസില്‍ നിന്നുമാണ് ലഭിച്ചത്. ഈ രണ്ട് മാസങ്ങള്‍ക്കുശേഷം 35 തടങ്കൽ മരണങ്ങൾ കൂടി സംഭവിച്ചതായി പിഎച്ച്ആര്‍ഐ ഗവേഷകര്‍ കണ്ടെത്തി. ഇസ്രയേല്‍ അധികൃതരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 

റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ മരണങ്ങൾക്ക് തെളിവുകളുണ്ടെങ്കിലും ഇത് പൂര്‍ണമായ ചിത്രമല്ലെന്ന് പിഎച്ച്ആർഐ വക്താവ് നാജി അബ്ബാസ് പറയുന്നു. ഇസ്രയേലി-പലസ്തീൻ പ്രസിദ്ധീകരണമായ +972 മാഗസിൻ , ഹീബ്രു ഭാഷാ മാധ്യമമായ ലോക്കൽ കോൾ എന്നിവയുടെ സമാന്തര അന്വേഷണത്തിൽ, തടങ്കലില്‍ മരിച്ച പലസ്തീൻ തടവുകാരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് കണ്ടെത്തി. മേയ് മാസത്തില്‍ ഗാസയിലെ ഹമാസ്, പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് അംഗങ്ങളെ ട്രാക്ക് ചെയ്യുന്ന സൈനിക ഇന്റലിജൻസ് ഡാറ്റാബേസിൽ കസ്റ്റഡിയിൽ മരിച്ചവരുടെ എണ്ണം 21 മാത്രമായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ഗാസയിൽ നിന്നുള്ള 65 പലസ്തീനികൾ ജയിലിൽ മരിച്ചു. തടങ്കലിലെ മരണസംഖ്യയിൽ സുരക്ഷാ തടവുകാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ തടവിലാക്കപ്പെട്ട ഗാസയിൽ നിന്നുള്ള സാധാരണക്കാരും അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നുള്ള തടവുകാരും ഉൾപ്പെടുന്ന ഒരു വിഭാഗമാണിത്. മരിച്ചവരിൽ മൂന്ന് പേർ ഇസ്രയേലിൽ പൗരത്വമോ താമസമോ ഉള്ള പലസ്തീനികളാണ്. 

2024 ഡിസംബറിൽ നടന്ന ഒരു റെയ്ഡിനിടെ തടവിലാക്കപ്പെട്ട ഗാസയിലെ കമാൽ അദ്വാൻ ആശുപത്രി ഡയറക്ടർ ഹുസാം അബു സഫിയയാണ് ഏറ്റവും ഉന്നതരായ തടവുകാരിൽ ഒരാൾ. രണ്ട് വർഷത്തെ യുദ്ധത്തിൽ ഇസ്രയേലിലെ ജയിലുകളില്‍ പലസ്തീനികള്‍ക്കെതിരായ ശാരീരിക അതിക്രമങ്ങൾ, പീഡനങ്ങൾ, മറ്റ് ദുരുപയോഗങ്ങൾ എന്നിവ വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, തടവുകാരെ ആക്രമിച്ച ഒരു കേസ് മാത്രമാണ് വിചാരണയ്ക്ക് വിധേയമായത്. കേസില്‍ സൈനികന് ഏഴ് മാസം തടവ് ശിക്ഷ ലഭിച്ചു. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള ക്രൂരമായ ആക്രമണത്തിന് മറ്റ് സെെനികരെ വിചാരണ ചെയ്യാനുള്ള ശ്രമം വലതുപക്ഷ പ്രതിഷേധങ്ങൾക്ക് കാരണമായി. ഒക്ടോബർ മധ്യത്തിൽ അംഗീകരിച്ച വെടിനിർത്തൽ പ്രകാരം, ഇസ്രായേൽ കോടതികളിൽ ശിക്ഷിക്കപ്പെട്ട 250 പലസ്തീൻ തടവുകാരെയും, കുറ്റം ചുമത്താതെയോ വിചാരണ കൂടാതെയോ തടവിൽ വച്ചിരുന്ന ഗാസയിൽ നിന്നുള്ള 1,700 പലസ്തീൻ തടവുകാരെയും ഇസ്രയേൽ വിട്ടയച്ചു. എന്നാല്‍, 1,000 പേരെയെങ്കിലും ഇപ്പോഴും തടങ്കലിൽ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.