19 November 2024, Tuesday
KSFE Galaxy Chits Banner 2

സിപിഐക്ക് 98 വയസ്; ശതാബ്ദിയിലേക്ക് നീങ്ങുമ്പോള്‍

ബിനോയ് വിശ്വം
December 25, 2023 4:55 am

2023 ഡിസംബര്‍ 26ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 98 വയസ് പൂര്‍ത്തിയാവുന്നു. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ പാര്‍ട്ടി അതിന്റെ ജന്മശതാബ്ദിയിലേക്ക് കാല്‍വയ്ക്കും. പെട്ടെന്നൊരുനാള്‍ ഏതാനും ചെറുപ്പക്കാര്‍ക്കുണ്ടായ ഉള്‍വിളിയുടെ ഫലമായിട്ടല്ല 1925 ഡിസംബര്‍ 26ന് കാണ്‍പൂരില്‍ ആരംഭിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം. പ്രക്ഷുബ്ധമായ ലോകസാഹചര്യങ്ങളില്‍ ഇന്ത്യയില്‍ ആഞ്ഞടിച്ച ജനാധിപത്യ മുന്നേറ്റ കൊടുങ്കാറ്റുകളുടെ ഫലമായിരുന്നു അത്. സാമ്രാജ്യത്വ വിരുദ്ധ ഉണര്‍വിന്റെ ഒരു സവിശേഷ സന്ദര്‍ഭത്തിലാണ് പാര്‍ട്ടി പിറക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള അധ്വാനിക്കുന്ന ജനതതി ഇടപെടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ ആദ്യസംഘടനയായ എഐടിയുസി 1920 ഒക്ടോബര്‍ 31ന് തന്നെ രൂപംകൊണ്ടിരുന്നു. അതിനും മുമ്പ് 1908ല്‍ രാജ്യത്തെ ഏറ്റവും വലിയ വ്യവസായ നഗരമായ ബോംബെ അന്നോളം കണ്ടിട്ടില്ലാത്ത ഒരു പണിമുടക്കിന് സാക്ഷ്യംവഹിച്ചു. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ ബാലഗംഗാധര തിലകനെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു അത്. സാമ്പത്തിക ആവശ്യങ്ങള്‍ ഒന്നും ഉന്നയിക്കാതെ രണ്ട് ലക്ഷം തുണിമില്‍ തൊഴിലാളികള്‍ അന്ന് പണിമുടക്കി. ബോംബെയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവര്‍ വിളിച്ച മുദ്രാവാക്യം ‘തിലകനെ വിട്ടയയ്ക്കുക’ എന്നത് മാത്രമായിരുന്നു. അകലെയിരുന്നുകൊണ്ട് ഈ പണിമുടക്കിനെപ്പറ്റി വായിച്ചറിഞ്ഞ ലെനിന്‍ അന്നെഴുതി: ‘ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് പ്രായപൂര്‍ത്തിയായിരിക്കുന്നു!’
പിന്നീടാണ് മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ വിജയം ലോകത്തെങ്ങുമുള്ള മര്‍ദിതരെ വിളിച്ചുണര്‍ത്തിയത്. 1917ലെ ആ വിപ്ലവ വിജയം കോളനിവാഴ്ചയ്ക്ക് അന്ത്യം കുറിക്കാനുള്ള എല്ലാ ഭൂഖണ്ഡങ്ങളിലെയും പോരാട്ടങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ആത്മവിശ്വാസം പകര്‍ന്നുകൊടുത്തു. മാര്‍ക്സിസത്തിന്റെ ചുവന്ന വെളിച്ചം ചൂഷകവര്‍ഗവാഴ്ചയുടെ കരിമ്പടക്കെട്ടുകളിലേക്ക് വജ്രസൂചികളെപ്പോലെ തുളച്ചുകയറി. അതിന്റെ സ്വാധീനത്തില്‍ ബോംബെ, കല്‍ക്കത്ത, ലാഹോര്‍, കാണ്‍പൂര്‍, മദ്രാസ് തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ മുളച്ചുപൊന്തി. ഇന്ത്യക്ക് പുറത്ത് താഷ്കന്റിലും അപ്രകാരം ഒരു കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് സ്ഥാപിതമായി. രാജ്യത്തിന്റെ നാനാഭാഗത്തായി പ്രവര്‍ത്തിച്ചുവന്ന കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ക്കിടയില്‍ നടന്ന പ്രയാസകരമായ ആശയവിനിമയങ്ങള്‍ക്കൊടുവിലാണ് കാണ്‍പൂരിലെ സമ്മേളനം നടന്നത്.

 


ഇതുകൂടി വായിക്കൂ; സ്വേച്ഛാധിപത്യം കടുപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണം


1921ല്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ‘പൂര്‍ണസ്വരാജ്’ എന്ന ആവശ്യം ഉയര്‍ത്തി പ്രമേയം അവതരിപ്പിച്ച കവിയും സാഹിത്യകാരനുമായ ഹസ്രത്ത് മുഹാനി ആയിരുന്നു കാണ്‍പൂരിലെ സ്വാഗതസംഘം അധ്യക്ഷന്‍. (നിരുത്തരവാദപരവും അപ്രായോഗികവും എന്ന് പറഞ്ഞാണ് മഹാത്മാഗാന്ധി അന്ന് ആ പ്രമേയത്തെ എതിര്‍ത്തത്) പിന്നീട് 1922ല്‍ കോണ്‍ഗ്രസിന്റെ ഗയാസമ്മേളനത്തില്‍ ശിങ്കാരവേലു ചെട്ടിയാര്‍ ഈ ആവശ്യം ഉന്നയിച്ച് വമ്പിച്ച പിന്തുണ നേടി. ഇതേ ശിങ്കാരവേലു ചെട്ടിയാര്‍ തന്നെയായിരുന്നു 1925ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണ സമ്മേളനത്തിലെ അധ്യക്ഷന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ കാര്യപരിപാടിയില്‍ പൂര്‍ണസ്വരാജ് എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
അവിടുന്നിങ്ങോട്ട് ഈ മഹത്തായ നാടിന്റെ സാമൂഹിക‑സാമ്പത്തിക‑രാഷ്ട്രീയ ഗതിവിഗതികളിലെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യങ്ങളുടെ കാവല്‍ക്കാരായി നിലകൊണ്ടു. 1936ല്‍ അഖിലേന്ത്യാ കിസാന്‍സഭയും അഖിലേന്ത്യാ വിദ്യാര്‍ത്ഥി ഫെഡറേഷനും പ്രോഗസീവ് റെെറ്റേഴ്സ് അസോസിയേഷനും കെട്ടിപ്പടുക്കാന്‍ മുന്‍കയ്യെടുത്തത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. പിന്നീട് 1943ല്‍ ഇപ്റ്റ രൂപീകരിച്ചതും കമ്മ്യൂണിസ്റ്റ് മുന്‍കയ്യില്‍ത്തന്നെ. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ എല്ലാ ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരോധത്തിന്റെ കൊടിക്കൂറയാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ചത്. ഈ സമരപാരമ്പര്യത്തെ അവഹേളിക്കുവാന്‍ വേണ്ടിയാണ് കടുത്ത കമ്മ്യൂണിസ്റ്റ് വിരോധികള്‍ ക്വിറ്റ് ഇന്ത്യ സമരകാലത്തെപ്പറ്റി ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്. ഐതിഹാസികമായ ആ സമരത്തിന്റെ വീറുറ്റ നേതാക്കളില്‍ മിക്കവരും (അരുണ ആസഫലി, സര്‍ജു പാണ്ഡെ എന്നിവരടക്കം) അംഗത്വം സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് എന്ന വസ്തുത മാത്രം മതിയാകും കള്ളപ്രചാരവേലയുടെ മുനയൊടിക്കാന്‍. ലാഹോര്‍, പെഷവാര്‍, കാണ്‍പൂര്‍,‍ മീററ്റ്, എന്നിങ്ങനെ ഗൂഢാലോചനാ കേസുകള്‍ നിരന്തരം കെട്ടിച്ചമച്ചുകൊണ്ട് സാമ്രാജ്യത്വ ഭരണകൂടം വേട്ടയാടിയതും കമ്മ്യൂണിസ്റ്റുകാരെ മാത്രമാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടനയങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങളെ വിസ്മരിച്ചപ്പോള്‍ പട്ടിണിക്കാര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി പടപൊരുതുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നില്‍ നിന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും ചെറുത്തുനില്പുകള്‍ ശക്തിപ്പെടുത്താന്‍ പാര്‍ട്ടി വഹിച്ച പങ്ക് ചരിത്രത്തില്‍ മായാതെ കിടക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം മതേതര ജനാധിപത്യശക്തികളുടെ കെെനിലകള്‍ക്ക് ഊര്‍ജം പകരാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്കും മഹത്തരമാണ്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി അതിന്റെ കെടുതികളുടെ ഭാരം മുഴുവന്‍ എന്നും അടിച്ചേല്പിക്കുന്നത് പാവങ്ങളുടെ മേലാണ്. അത്തരം ഘട്ടങ്ങളിലെല്ലാം അവയെ ചോദ്യം ചെയ്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമരരംഗത്ത് വന്നു. കൊടുമ്പിരികൊള്ളുന്ന മുതലാളിത്ത പ്രതിസന്ധി, വര്‍ഗീയശക്തികള്‍ക്ക് വളരാന്‍ കളമൊരുക്കിയപ്പോള്‍ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്ന് രാജ്യത്തിന് ആദ്യം മുന്നറിയിപ്പ് കൊടുത്ത പാര്‍ട്ടിയാണ് സിപിഐ. ആദിവാസികളും ദളിതരും അടക്കമുള്ള അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി എന്നും അത്താണിയാണ്. ജനാധിപത്യ പോരാട്ടങ്ങളുടെ ഭാഗമായി ന്യൂനപക്ഷശക്തികളെ പാര്‍ട്ടി കാണുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രസ്ഥാനം കെട്ടിപ്പടുക്കാനും പ്രക്ഷോഭം ശക്തിപ്പെടുത്താനും പാര്‍ട്ടി സവിശേഷമായ താല്പര്യം കാണിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി വര്‍ഗ ബഹുജന പ്രസ്ഥാനങ്ങള്‍ നേടുന്ന വളര്‍ച്ചയില്‍ കമ്മ്യൂണിസ്റ്റുകാര്‍ സദാ അഭിമാനം കൊള്ളുന്നു. ചെങ്കൊടി പിടിക്കുന്ന തൊഴിലാളി സംഘടനകളില്‍ ഒന്നാം സ്ഥാനത്താണ് എഐടിയുസി. മാറിയ ലോകസാഹചര്യത്തില്‍ തീവ്ര വലതുപക്ഷം ശക്തിപ്പെടുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലും വര്‍ഗീയ ഫാസിസ്റ്റുകള്‍ പിടിമുറുക്കുന്നതിന്റെ ആപത്ത് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നുണ്ട്. ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ ആവശ്യപ്പെടുന്ന ആര്‍എസ്എസ് ആണ് ഇന്ത്യന്‍ വലതുപക്ഷത്തിന്റെ കുന്തമുന. അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ബിജെപി ഇന്ത്യയുടെ എല്ലാ ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ആശയങ്ങളാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് അടിത്തറ പാകിയത്. സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും സോഷ്യലിസ്റ്റ് സ്വപ്നങ്ങളുമാണ് അതിന്റെ കാതല്‍. ആ ഭരണഘടനാ മൂല്യങ്ങളെയെല്ലാം ആര്‍എസ്എസും ബിജെപിയും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും ഗവര്‍ണര്‍ അടക്കമുള്ള ഭരണഘടനാ പദവികളെയും സ്വന്തം കളിപ്പാവകളാക്കാനാണ് അവര്‍ തിടുക്കംകൊള്ളുന്നത്. ജര്‍മ്മന്‍ പാര്‍ലമെന്റ് ആയ റെയ്സ്റ്റാഗിന് തീകൊളുത്തിയ ജര്‍മ്മന്‍ ഫാസിസ്റ്റുകളെ അനുസ്മരിപ്പിച്ചുകൊണ്ട് അവര്‍ പുകവാതകവുമായി ക്രിമിനലുകളെ പാര്‍ലമെന്റിലേക്ക് പറഞ്ഞയക്കുന്നു. ആ നടപടിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ എംപിമാരെ ഒന്നടങ്കം പുറത്താക്കുന്നു. പാര്‍ലമെന്ററി വ്യവസ്ഥ എത്രകാലം നിലനില്‍ക്കും എന്ന ചോദ്യം ജനാധിപത്യവാദികള്‍ ഉത്കണ്ഠയോടെ ചോദിക്കുന്നുണ്ട്. ഈ രാഷ്ട്രീയ സാഹചര്യങ്ങളുടെ സങ്കീര്‍ണത മനസിലാക്കിക്കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ശതാബ്ദിയിലേക്ക് നീങ്ങുന്നത്.

ഇന്ത്യയുടെ സവിശേഷ സാഹചര്യങ്ങളെ മനസിലാക്കാനും വ്യാഖ്യാനിക്കാനും മുന്നോട്ട് പോകാനുമുള്ള വെളിച്ചമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്സിസത്തെ കാണുന്നത്. പ്രയോഗത്തിന്റെ വഴികാട്ടിയായി ആ സിദ്ധാന്തത്തെ മുറുകെപ്പിടിച്ചുകൊണ്ട് പാര്‍ട്ടി മുന്നോട്ടുപോകുന്നു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മുഖ്യശത്രു ഫാസിസ്റ്റ് ആശയങ്ങളാല്‍ നയിക്കപ്പെടുന്ന ആര്‍എസ്എസും ബിജെപിയും ആണെന്ന തികഞ്ഞ ബോധ്യം കമ്മ്യൂണിസ്റ്റുകാര്‍ക്കുണ്ട്. മുഖ്യശത്രു ആരാണ് എന്ന് തിരിച്ചറിഞ്ഞാല്‍ അവരെ പരാജയപ്പെടുത്താനുള്ള വിശാലസഖ്യം എന്ന സമരതന്ത്രത്തെപ്പറ്റിയും മാര്‍ക്സിസം കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കുന്നുണ്ട്. സമകാലിക ഇന്ത്യയില്‍ വിശാലമായ മതേതതര ജനാധിപത്യ ഇടതുപക്ഷ ഐക്യം എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തുവാന്‍ സിപിഐയെ സഹായിച്ചത് അജയ്യമായ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് തന്നെയാണ്. ശരിയായ രാഷ്ട്രീയം പ്രയോഗിക്കുവാനും വിജയിക്കുവാനും കരുത്തുറ്റ സംഘടന കൂടിയേ തീരൂ. ആ തിരിച്ചറിവോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞയോടെയാണ് നാം മുന്നോട്ട് പോകുന്നത്. ശക്തമായ ഇടതുപക്ഷ ജനാധിപത്യ ബദല്‍ എന്ന ആശയത്തിന്റെ മൂര്‍ത്തരൂപമായി ഇന്ന് ഇന്ത്യയില്‍ ചൂണ്ടിക്കാണിക്കാനുള്ളത് കേരളത്തിലെ എല്‍ഡിഎഫും അതിന്റെ സര്‍ക്കാരുമാണ്. കടുത്ത വെെരാഗ്യബുദ്ധിയോടെ തീവ്ര വലതുപക്ഷം അതിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ആ ശക്തികളെ ചെറുത്ത് തോല്പിക്കേണ്ടതുണ്ട്. നാടിനും ജനതയ്ക്കും വേണ്ടി പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ പോരാട്ടസ്മരണകള്‍ കമ്മ്യൂണിസ്റ്റുകാരെ എന്നും ആവേശംകൊള്ളിക്കും. പുതിയ കാലത്തിന്റെ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുള്ള പ്രചോദനമായി ആ സ്മരണകള്‍ മാറും.
ശതാബ്ദി കടമകള്‍ നിര്‍വചിക്കുമ്പോള്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധതയും രാജ്യസ്നേഹവും വര്‍ഗക്കൂറും കമ്മ്യൂണിസ്റ്റുകാരെ നേര്‍വഴിക്ക് നയിക്കും. കൂടുതല്‍ കരുത്തുറ്റ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രഹരശേഷി വര്‍ധിച്ച വര്‍ഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനുള്ള അവസരമായി നാം ശതാബ്ദി വേളയെ കാണുന്നു. ജലത്തിലെ മത്സ്യത്തെപ്പോലെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവല്‍ക്കാരായി മുന്നോട്ടുപോകും എന്നതായിരിക്കും നമ്മുടെ ശതാബ്ദി പ്രതിജ്ഞ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.