4 February 2026, Wednesday

Related news

February 4, 2026
February 4, 2026
January 29, 2026
January 14, 2026
January 13, 2026
January 11, 2026
January 7, 2026
January 7, 2026
January 4, 2026
December 6, 2025

ഒമ്പതാം ക്ലാസുകാരിയുടെ കർണപടലം തകർത്തു: അധ്യാപികയ്ക്ക് മൂന്ന് വർഷം തടവ്

Janayugom Webdesk
ഗാന്ധിനഗർ
February 4, 2026 10:15 pm

ഹോംവർക്ക് പൂർത്തിയാക്കാത്തതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച് കേൾവിശക്തി തകർത്ത അധ്യാപികയ്ക്ക് കോടതി മൂന്ന് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. ഗാന്ധിനഗറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹിമാൻഷു ചൗധരിയാണ് വിധി പ്രസ്താവിച്ചത്. ഗാന്ധിനഗറിലെ ബാ ശ്രീ വസന്ത്കുവർബ സ്കൂളിലെ അധ്യാപിക പരുൾബെൻ പട്ടേലാണ് ശിക്ഷിക്കപ്പെട്ടത്. 2020 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഹോംവർക്ക് ചെയ്തില്ലെന്ന കാരണത്താൽ 14 വയസുള്ള ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ചെവിയിൽ അധ്യാപിക മൂന്ന് തവണ ആഞ്ഞടിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ പെൺകുട്ടിയുടെ ഇടത് കർണപടലം പൊട്ടുകയും കേൾവിശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. നാലര വർഷം പിന്നിട്ടിട്ടും കുട്ടി ഇപ്പോഴും ചികിത്സയിലാണെന്നത് പരിക്കിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

അധ്യാപിക എന്ന പദവി ദുരുപയോഗം ചെയ്താണ് പ്രതി കുട്ടിയെ ഉപദ്രവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. തടവിന് പുറമെ 50,000 രൂപ പിഴയും കോടതി ചുമത്തി. ഈ തുക ഇരയായ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. കുട്ടി അനുസരണക്കേട് കാട്ടിയെന്നും മാതാപിതാക്കൾ കള്ളക്കേസ് കൊടുത്തതാണെന്നുമുള്ള അധ്യാപികയുടെ വാദം കോടതി തള്ളി. മെഡിക്കൽ രേഖകളും ഡോക്ടർമാരുടെ മൊഴികളും അധ്യാപികയ്ക്കെതിരായിരുന്നു. താൻ ക്യാൻസർ രോഗിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ അധ്യാപികയ്ക്ക് കഴിഞ്ഞില്ല. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിലും കോടതിക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ഹിമാൻഷു ചൗധരി ഉത്തരവില്‍ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.