22 December 2024, Sunday
KSFE Galaxy Chits Banner 2

വയലാർ അനുസ്മരണം: ഇന്ദ്രധനുസിൻ തൂവൽ കൊഴിഞ്ഞ തീരത്ത്

മംഗലം ശിവൻ
October 27, 2021 5:45 am

നിഷിധമായതെന്തിനെയും സുന്ദരമാക്കാൻ കഴിയുന്നത് കവിക്ക് മാത്രമാണ് എന്ന് മനസിലാക്കുന്നത് വയലാറിന്റെ രാവണപുത്രി വായിച്ചപ്പോഴാണ്…

ഓമനേ ഭീരുവാണച്ഛന്‍

അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ

നീ മരിച്ചില്ല, ജനകന്റെ പുത്രിയായ്

രാമന്റെ മാനസ സ്വപ്നമായി വന്നു നീ

പുഷ്പവിമാനത്തിൽ നിന്നെയും കൊണ്ടച്ചനിപ്പ-

ട്ടണത്തിലിറങ്ങിയ നാൾ മുതൽ,

നിന്നശോകത്തണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി

കരിയിച്ചനാൾ മുതൽ

എന്തപവാദങ്ങള്‍ എന്തെന്തു നാശങ്ങൾ

എല്ലാം സഹിച്ചു മനശാന്തി നേടുവാൻ…

മുത്തശ്ശിക്കഥകളിൽ നിന്നും കേട്ട രാവണൻ! പിന്നീട് രാമായണത്തിൽ നിന്നും കേട്ടറിഞ്ഞ രാവണൻ ഭീമാകാരനായ രാക്ഷസനും പെണ്ണുപിടുത്തക്കാരനും ക്രൂരനും, വിടനും ആയിരുന്നു എന്റെ മനസിൽ എന്നാൽ മൂകളിൽ പറഞ്ഞ എട്ട് വരികൾ കൊണ്ട് വയലാർജി സ്നേഹനിധിയായ ഒരു പിതാവിനെയാണ് സൃഷ്ടിച്ചത്. ഇത് കമ്പരാമായണത്തെ അധികരിച്ചെഴുതിയതാണെങ്കിലും രാവണനെന്ന നല്ല മനുഷ്യന് പ്രചുരപ്രചാരം കിട്ടുന്നത് യശ്ശ:ശരീരനായ വയലാർജിയുടെ തൂലികയുടെ ശക്തികൊണ്ട് മാത്രമാണ് എന്ന് ഈ വേളയിൽ ഞാൻ തിരിച്ചറിയുകയാണ്…

നിഷിധമായതിനെ നൻമയുള്ളതാക്കി മാറ്റിയ ആ സർഗാത്മകതയ്ക്ക് മുന്നിൽ ഞാൻ എന്റെ ശിരസ്സ് നമിക്കുന്നു. പക്ഷെ, കമ്പരാമായണത്തെ അധികരിച്ചാണെങ്കിലും രാവണനെ ഒരച്ഛന്റെ മാതൃകയായി വ്യാഖ്യാനിക്കുമ്പോൾ, interpretation‑ചെയ്യുമ്പോൾ മനസിലാകുന്നത് ഭീകരമായതിനെ എന്തിനെയും പ്രിയങ്കരമുള്ളതാക്കാനും സൗന്ദര്യമുള്ളതാക്കാനും സർഗാത്മകത ഉള്ള ഒരു കവിക്കേ കഴിയൂ എന്നാണ് ഞാൻ മനസിലാക്കുന്നത്, വയലാറിനെ അതിന് കഴിഞ്ഞു.

മലയാള ഭാഷയുടെ സുകൃതം!

ആദ്യകാലത്ത് ചങ്ങപ്പുഴയെ അനുകരിച്ചെഴുതുന്ന കവി! മാറ്റൊലി കവിയെന്ന് അധിക്ഷേപിച്ചവർ മനസിലാക്കാതെ പോയ ഒരു കാര്യമുണ്ട്. കാവ്യസൃഷ്ടി! അത് വയലാർ രാമവർമ്മയെ സംബന്ധിച്ച് അത് അനുകരണമായിരുന്നില്ല. സർഗാത്മകതയുടെ അഗാധതയിൽനിന്ന് വരുന്ന നീരുറവ പോലൊരു പ്രക്രിയയാണെന്ന് തിരിച്ചറിയാൻ ഒരു മാറ്റൊലി കവി എന്ന വയലാറിന്റെ കവിതയോളം കാത്തിരിക്കേണ്ടിവന്നു കൈരളിക്ക്. അത് മറ്റൊരു കഥ!

ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ചൂടും ചൂരും വെളിച്ചവും തങ്ങളുടെ കൃതികളിലേക്കാവാഹിച്ച് അവയിലൂടെ കേരളത്തിലെ ബഹുജനങ്ങളുടെ വിപ്ലവാവേശത്തിന് മൂർത്തവും സുന്ദരവും ഊർജ്ജ്വസ്വലവും ഉത്തേജകവുമായ ആവിഷ്ക്കാരം നൽകുന്നതിന് ശ്രമിച്ചിരുന്ന ഒരു തലമുറയുടെ മുന്നിൽ പി ഭാസ്കരനോടും ഒ എൻ വിയോടുമൊപ്പം വയലാറും തന്റെ സ്ഥാനം ചോദ്യം ചെയ്യാനാവാത്ത വിധത്തിൽ ഉറപ്പിച്ചു കഴിഞ്ഞിരുന്നു, അപ്പോഴേയ്ക്കും.

ബലികുടീരങ്ങളേ…

സ്മരണകളുണരും രണസ്മാരകങ്ങളെ

ഇവിടെ ജനകോടികൾ

ചാർത്തുന്നു നിങ്ങളിൽ

സമരപുളകങ്ങൾതൻ

സിന്ധൂരമാലകൾ …

എക്കാലത്തും പ്രസക്തമായ വിപ്ലവഗാനം. ഇതുപോലൊരു വിപ്ലവഗാനം മലയാള ഭാഷയിൽ നാളിതുവരെ ഉണ്ടായിട്ടില്ല. നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായി…

വന്നുഞങ്ങൾ മലനാട്ടിലെ മണ്ണിൽ

നിന്നിതാ പുതിയ ചെങ്കൊടി നേടി

കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിനുവേണ്ടി വിപ്ലവ ഗാനമെഴുതി ത്രസിപ്പിച്ചപ്പോഴും

സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു

തത്വ ശാസ്ത്രത്തെയും

എന്ന് ഉച്ചൈസ്ഥരം ഉദ്ഘോഷിക്കാൻ ആർജ്ജവം കാട്ടിയ കവി! അത് വയലാറിന് മാത്രമാണ്. ഒരു കവിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം! സ്നേഹം കൂടാതെയുള്ള ഒരു വിപ്ലവത്തിനും നിലനിൽക്കാനാവില്ല എന്ന് പറഞ്ഞ അൽബേർ കാമ്യുവിനെ ഓർത്തുപോകയാണ്. വിശ്വകവി വേഡ്സ് വർത്ത് പറഞ്ഞത്, തൊട്ടതെല്ലാം പൊന്നാക്കിയ കവി … സർഗ സംഗീതത്തിന്റെ കവി. എങ്കിലും വ്യക്തിപരമായി എനിക്ക് പറയാനുള്ളത് വയലാറിന്റെ സർഗാത്മകത മലയാള കവിതയ്ക്ക് നഷ്ടപ്പെട്ടു എന്നാണ്. ഉമ്മർ, ആയിഷ, താഡക എന്ന ദ്രാവിഡ രാജകുമാരി, അശ്വമേധം, ആത്മാവിൽ

ഒരു ചിത, പണ്ടൊരു കാക്ക ഏകാദശി നോറ്റു, സർഗ്ഗസംഗീതം, മാനിഷാദ, വൈക്കം കായലിൽ ഓളം തല്ലുമ്പോൾ, എനിക്ക് മരണമില്ല, ഒരു ജൂദാസ് ജനിക്കുന്നു. രമണന്റെ ശവകുടീരത്തിൽ തുടങ്ങി 172-ഓളം കവിതകൾ ആ കവിശ്രേഷ്ടന്റേതായിട്ട് പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും ആ സർഗ്ഗാത്മകത മലയാള കവിതയ്ക്ക് നഷ്ടം വന്നന്നേ ഞാൻ പറയൂ. എന്നാൽ ആ നഷ്ടം മലയാള ചലച്ചിത്ര ഗാന ശാഖയ്ക് അത്ഭുതകരമായ രീതിയിൽ പ്രയോജനകരമായി തീരുകയാണ് ചെയ്തത് എന്ന കാര്യത്തിൽ ആർക്കും, പ്രത്യേകിച്ച് കേരളത്തിലെ ചലച്ചിത്ര ഗാനപ്രേമികൾക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല എന്ന് നിസംശയം പറയാനാകും.

കവിതയ്ക് നഷ്ടപ്പെട്ടത് ഗാനത്തിന് നേട്ടമായി. അതായിരിക്കാം വയലാർ രാമവർമ്മയുടെ നിയോഗവും. അല്ലെങ്കിൽ വയലാർ വെട്ടിത്തുറന്ന ചലച്ചിത്ര ഗാനശാഖയുടെ ആ വഴി ഉണ്ടായിരുന്നില്ലെങ്കിൽ മലയാള ചലച്ചിത്ര ഗാനശാഖ ഊഷരമായി പോയേനെ എന്ന് തന്നെയാണെന്റെ പക്ഷം!

വിന്ധ്യശൈലത്തിന്റെ താഴ്‌വരയിൽ

നിശാഗന്ധികൾ മൊട്ടിടും

ഫാൽഗുന സന്ധ്യയിൽ

പാർവതി പൂജയ്ക്ക് പൂനുള്ളുവാൻ വന്ന

ദ്രാവിഡ രാജകുമാരിയാം താടക!

എത്ര സുന്ദരമായ വാഗ്മയ ചിത്രം!.…

(താഡകയെന്ന ദ്രാവിഡ രാജകുമാരി)

ആര്യ വംശത്തിനടിയറ വയ്ക്കുമോ

സൂര്യവംശത്തിന്റെ സ്വർണ സിംഹാസനം?

ജാതിമതാന്ധത ഇന്നും നിലനിൽക്കുന്ന നമ്മുടെ സമൂഹത്തിൽ വയലാർ ചോദിച്ച ചോദ്യത്തിന് ഇന്നും പ്രസക്തിയുണ്ട്. . മറ്റൊരു സാമൂഹ്യ പ്രസക്തിയുള്ള ചോദ്യം…

സ്വർഗ്ഗവാതിൽ പക്ഷി ചോദിച്ചു:

ഭൂമിയിൽ സത്യത്തിനെത്ര വയസായി?

അബ്ധിത്തിരകൾ തൻ വാചാലതയ്ക്കതിനുത്തരമില്ലായിരുന്നു

ഉത്തുംഗ വിന്ധ്യ ഹിമാചലങ്ങൾക്കതിനുത്തരമില്ലായിരുന്നു…

അന്ധകാരത്തെ കാവിയുടുപ്പിച്ച് സന്ധ്യ പടിഞ്ഞാറ് നിന്നു…

സത്യത്തെ മിഥ്യ തൻ ചുട്ടി കുത്തിക്കുന്ന

ശില്പിയെ പോൽ നിഴൽ നിന്നു.

കവിതയുടെ വൈവിധ്യമാർന്ന ഭാവങ്ങൾ …

ചലചിത്ര ഗാനങ്ങളിലേക്ക് കടന്നാലോ …?

1 പ്രളയപയോധിയിൽ ഉറങ്ങി

യുണർന്നൊരു പ്രഭാമയൂഖമേ കാലമേ…

2. മന്ദ സമീരനിൽ.…

3. സന്ധ്യ മയങ്ങും നേരം…

ഗ്രാമചന്ദ പിരിയും നേരം

4. ചക്രവർത്തി നിനക്കു

ഞാനെന്റെ ശില്പ ഗോപുരം തുറന്നു:

5. തങ്ക തളികയിൽ

കൊഞ്ചലുമായി വന്ന:

6. ബലികുടീരങ്ങളേ…

7. ആയിരം പാദസ്വരങ്ങൾ

കിലുങ്ങി …

8. പ്രിയ സഖി ഗംഗേ പറയൂ

പ്രിയ മാനസനെവിടെ… !

മാനസ സരസിനപ്പുറമോ ഒരു മായായവനികയ്ക്കിപ്പുറമോ.. . അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചലചിത്ര ഗാനങ്ങൾ കൊണ്ട് മലയാള ചലച്ചിത്രശാഖയെ കുളിരണിയിച്ച വയലാറിനു പകരംവയ്ക്കാൻ ഇനിയൊരു കാവ്യഭാവന

ഉണ്ടാകുമോ..? പ്രണയവും രതിയും ആർദ്രതയും സമരതീജ്വാലയും ഉണ്ടായിരുന്നു വയലാറിന്റെ ഇന്ദ്രധനുസിൽ. .

എത്ര എത്ര കാമുകീ — കാമുക ഹൃദയങ്ങളെയാണ് വയലാർ തന്റെ ചലച്ചിത്ര ഗാനങ്ങളാൽ തരളിതമാക്കിയിട്ടുള്ളത്. 1975 ഒക്ടോബർ 27 മലയാളിയെ സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്ന ദിനമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ആ സർഗാത്മകത ചിറകടിച്ച് പറന്ന് പോയിട്ട് 46 വർഷങ്ങൾ. ഇന്ന് രാഘവപറമ്പിൽ വയലാർ സ്മൃതി മണ്ഡപത്തിൽ നിൽക്കുമ്പോൾ എന്റെ ഉൾക്കാതുകളിൽ എണ്ണമില്ലാത്ത ചലച്ചിത്ര ഗാനങ്ങൾ — ദേവരാജൻ മാഷ് ഈണം നൽകിയ ദാസേട്ടന്റെയും ജയചന്ദ്രന്റെയും ശബ്ദമാധുരിയിലൂടെ എന്റെ മനോമുകരത്തിലൂടെ കടന്നുപോകുമ്പോൾ ഞാൻ തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. വയലാർ, നിങ്ങൾക്ക് മരണമില്ല! ലോകമുള്ളിടത്തോളം കാലം നിങ്ങളുടെ വരികളിലൂടെ നിങ്ങൾ ജീവിക്കും ഞങ്ങളുടെ മനസ് അതിൽ തരളിതമാകുകയും ചെയ്യും. ഒരിക്കൽക്കൂടി ഓർക്കാം നമുക്കാ വരികൾ

ചന്ദ്രകളഭം ചാർത്തിയുറങ്ങുംതീരം

ഇന്ദ്രധനുസിൻ തുവൽ കൊഴിയും തീരം

ഈ മനോഹര തീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി …

എനിക്കിനിയൊരു ജന്മം കൂടീ …

ജന്മസിദ്ധമായ വാസനയും കാവ്യരചനാ വൈഭവവും ഒത്തുചേർന്ന ഒരു കവി ഇന്ന് രാഘവപ്പറമ്പിൽ വിശ്രമിക്കുന്നു.

വാളല്ലെൻ സമരായുധം എന്നുറക്കെ പ്രഖ്യാപിച്ച കവി. രാഘവ പറമ്പിൽ ഇന്ന് വിശ്രമിക്കുന്നു.

തത്വശാസ്ത്രങ്ങൾ വെറും മൺകുടങ്ങളാണതിൽ

മർത്യ സ്നേഹത്തിൻ മധു നുകരാൻ മറക്കല്ലേ

എന്ന് പാടിയ കവി വയലാറിന്റെ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു.

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണുപങ്കുവച്ചു… മനസ് പങ്കുവച്ചു

എന്ന് പറയാൻ മടിക്കാത്ത കവി …

അദ്ദേഹത്തിന്റെ സ്മൃതികുടീരത്തിൽ നിൽക്കുമ്പോൾ അദ്ദേഹമെഴുതിയ കവിതകളുടെയും ഗാനങ്ങളുടെയും അലയൊലികൾ അലകടലായി മനസ്സിലൂടെ തിരയിളക്കം സൃഷ്ടിക്കുമ്പോൾ അദ്ദേഹത്തിനു വേണ്ടി രണ്ട്

വരികൾ കുറിക്കാതെ വയ്യ!

എന്റെ അശ്രു പൂജയായി

അദ്ദേഹത്തിന്റെ രണ്ട് വരികൾ സ്മൃതി പൂക്കളായി അർപ്പിക്കുന്നു.. .

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ

പച്ച മണ്ണിൻ മനുഷ്യത്വമാണ് ഞാൻ

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ

പച്ച മണ്ണിൻ മനുഷ്യത്വമാണ് ഞാൻ …

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.