ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയതും സ്വതന്ത്രമായി നിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയതുമായ മലനിര ടാൻസാനിയയിലെ കിളിമൻജാരോയുടെ നെറുകയിൽ നിന്നും മിലാഷാജോസഫ് പറഞ്ഞു, ‘മനസ്സുറപ്പിച്ചാൽ ഏതുപെണ്ണിനും ഏതുയരുവും കീഴടക്കാം’. സ്ത്രീമുന്നേറ്റമെന്ന സന്ദേശവുമായി 5895 മീറ്റർ ഉയരം താണ്ടിയാണ് മലയാളിയായ മിലാഷാ കിളിമഞ്ചോരോ കീഴടക്കിയത്. വെല്ലുവിളികൾ കടന്നാണ് ഈ മാരാരിക്കുളത്തുകാരി ആറിനു രാവിലെ 8.23ന് കൊടുമുടിയുടെ ഉയരത്തിലെത്തി ഇന്ത്യൻപതാക പാറിച്ചത്.
അയർലണ്ടിലെ കമ്പനിയിൽ ഫിനാൻഷ്യൽ ഓഫീസറായി ജോലിചെയ്യുന്ന ചേർത്തല മാരാരിക്കുളം ചൊക്കംതയ്യിൽ റിട്ട. ഗവൺമെന്റ് ഐ ടി ഐ പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളാണ് മിലാഷ. അഡ്വൈസർ ഹീറോ എന്ന ഏജൻസിവഴിയാണ് പർവ്വതാരോഹണത്തിനായിറങ്ങിയത്. ഒറ്റക്കുള്ള ശ്രമത്തിൽ മറാംഗുറൂട്ടാണ് തിരഞ്ഞെടുത്തത്. അഞ്ചുദിനം കൊണ്ടാണ് ശ്രമം നെറുകയിലെത്തിയത്. മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾക്ക് ശേഷമായിരുന്നു മലകയറ്റം. പൊതുവെയുള്ള ശ്വാസതടസ്സമെന്ന വെല്ലുവിളി അതിജീവിച്ചായിരുന്നു കയറ്റം. പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കൂടുതൽ സമയം വിശ്രമ ഇടവേളകളെടുത്താണ് ലക്ഷ്യത്തിലെത്തിയത്.
മൂന്നു പോർട്ടർമാരും ഒരുഷെഫും ഗൈഡുമാണ് സഹായത്തിനുണ്ടായിരുന്നത്. ഏതു സ്ത്രീക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താൻ തടസ്സങ്ങളില്ല മനസ്സുറപ്പുമാത്രം മതി. അതുതെളിയിക്കാനാണ് വെല്ലുവിളികളുമായി മലകയറ്റത്തിനിറങ്ങിയതെന്ന് മിലാഷാ ജോസഫ് പറഞ്ഞു. 5895 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക സ്ഥാപിച്ചപ്പോൾ നിറഞ്ഞ അഭിമാനമായിരുന്നു. ആ ആഭിമാനം മലകടന്നിറങ്ങിയത് മലയാളനാട്ടിലേക്കും.
വിവിധ മലയാളി സംഘടനകളടക്കം മിലാഷക്ക് അഭിനന്ദനവുമായെത്തി. അർപ്പണത്തോടെ ഏതുലക്ഷ്യവും നേടാമെന്ന് മകൾ ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ടെന്ന് അച്ഛൻ ജോസഫ് മാരാരിക്കുളം പറഞ്ഞു. മകളുടെ നേട്ടത്തിൽ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബം. ഓട്ടോമൊബൈൽ എൻജിനീയറായ മിഖിലേഷ് ജോസഫാണ് സഹോദരൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.