22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 5, 2024
October 2, 2024
September 24, 2024
September 16, 2024
September 9, 2024
September 5, 2024
March 20, 2024
February 29, 2024
February 28, 2024

പ്ലസ് വൺ പ്രവേശനത്തിന് പുതിയ ബാച്ചുകൾ അനുവദിക്കുന്നതോടെ പ്രശ്ന പരിഹാരമാകും: മന്ത്രി വി ശിവൻകുട്ടി

Janayugom Webdesk
അമ്പലപ്പുഴ
November 12, 2021 6:16 pm

പുതിയ ബാച്ചുകൾ അനുവദിക്കുന്നതോടെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആലപ്പുഴ പുന്നപ്ര ജെ ബി സ്കൂളിൽ പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കും. സീറ്റുകളുടെ കുറവ് സംബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തിൽ വിവരശേഖരണം നടത്തിവരികയാണ്.

കൃത്യമായ കണക്ക് ഈ മാസം 22 ഓടെ ലഭ്യമാകും. അതിന്റെ അടിസ്ഥാനത്തിൽ പുതിയ ബാച്ചുകൾ നിർന്ധമായും അനുവദിക്കപ്പെടേണ്ട സ്കൂളുകളിൽ അനുവദിക്കും. കോവിഡ് പ്രതിസന്ധി വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയം കണ്ടു. ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ബഹുദൂരം മുന്നേറാൻ സംസ്ഥാനത്തിന് സാധിച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക് മികവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്റെ 2019–20 ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് രണ്ടുനിലകളുള്ള സ്കൂൾ കെട്ടിടം നിർമിച്ചിരിക്കുന്നത്. ആറ് ക്ലാസ് മുറികളാണ് ഇതിലുള്ളത്. എച്ച് സലാം എം എൽ എ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ വി ഐ നസീം റിപ്പോർട്ട് അവതരിപ്പിച്ചു.

എ എം ആരിഫ് എം പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ മധുസൂദനൻ, സ്കൂൾ ഹെഡ്മാസ്റ്റർ അഹമ്മദ് കബീർ, എസ് എം സി ചെയർമാൻ ടി. പ്രശാന്ത് കുമാർ, ജനപ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.