19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 21, 2024
September 8, 2024
August 13, 2024
July 17, 2024
July 9, 2024
July 2, 2024
June 22, 2024
June 22, 2024
May 23, 2024

ജി എസ് ടി വാദത്തിൽ കെ എൻ ബാലഗോപാലിന് പിന്തുണയുമായി പി ചിദംബരം

Janayugom Webdesk
November 13, 2021 11:06 am

വാറ്റ്‌ കുറയ്ക്കാത്തതിന്റെ പേരിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കേരള സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കേ, പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി കെഎൻ ബാലഗോപാലിന്റെ വാദങ്ങളെ പിന്തുണച്ച് രംഗത്ത്. പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ പിരിക്കുന്ന നികുതിയെക്കുറിച്ച് കേരള ധനമന്ത്രി ചില കണക്കുകൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ചിദംബരം ട്വിറ്റർ കുറിപ്പിൽ ചൂണ്ടിക്കാട്ടി. അത്‌ ശരിയല്ലെങ്കിൽ വിയോജനക്കുറിപ്പ് പുറപ്പെടുവിക്കുകയാണ് കേന്ദ്രധനമന്ത്രി ചെയ്യേണ്ടതെന്നാണ് ചിദംബരം പറയുന്നത്. ജി എസ് ടി പിരിക്കുന്നതിലെ വിവേചനവും കേന്ദ്രസർക്കാരിന്റെ നികുതികൊള്ളയും വിവരിച്ച് ഇംഗ്ലീഷ് ദിനപത്രത്തിൽ കെ എൻ ബാലഗോപാൽ വെള്ളിയാഴ്ചയെഴുതിയ ലേഖനം പരാമർശിച്ചാണ് മുതിർന്ന കോൺഗ്രസ് നേതാവുകൂടിയായ ചിദംബരത്തിന്റെ ട്വീറ്റുകൾ. ബാലഗോപാൽ ലേഖനത്തിൽ വിവരിച്ച കണക്കുകൾ പ്രത്യേകം എടുത്തുപറഞ്ഞ ചിദംബരം, ഇതാണ് മോദിസർക്കാരിന്റെ സഹകരണാധിഷ്ഠിത ഫെഡറലിസമെന്നും പരിഹസിച്ചു. 

ഒരു ഭാഗത്ത് കോർപ്പറേറ്റുകൾക്ക്‌ നികുതി കുറയ്ക്കുകയും അവർക്ക്‌ സമ്മാനങ്ങൾ നൽകുകയുംചെയ്യുകയാണ് കേന്ദ്രസർക്കാരെന്നും ചിദംബരം വിമർശിച്ചു. പെട്രോളിയം പ്ലാനിങ് ആൻഡ്‌ അനാലിസിസ് സെൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2020–21ൽ പെട്രോളിയം ഉത്‌പന്നങ്ങളിൽനിന്നുള്ള വരുമാനമായി കേന്ദ്രസർക്കാർ പിരിച്ചെടുത്തത് 3.72 ലക്ഷം കോടി രൂപയാണെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി. ഇതിൽ അടിസ്ഥാന എക്സൈസ് തീരുവയായി പിരിച്ചെടുത്തതാണ് 18,000 കോടി രൂപ. സെസ്സായി 2.3 ലക്ഷം കോടി രൂപയും സ്പെഷ്യൽ അഡീഷണൽ എക്സൈസ് തീരുവയായി 1.2 ലക്ഷം കോടി രൂപയും പിരിച്ചെടുത്തു. വരുമാനമായി ലഭിച്ച 3.72 ലക്ഷം കോടി നികുതിയിൽ 18,000 കോടി രൂപമാത്രമേ സംസ്ഥാനങ്ങളുമായി പങ്കുവെച്ചിട്ടുള്ളൂ. മൊത്തം വരുമാനത്തിന്റെ 4.8 ശതമാനം മാത്രമാണ് ഈ തുക. അതിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്കുള്ള വിഹിതം. 

പെട്രോളിയം ഉത്‌പന്നങ്ങളുടെ മൊത്തം നികുതി വരുമാനത്തിൽ 95 ശതമാനം തുകയും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നില്ല ‑ബാലഗോപാൽ വിമർശിച്ചു. സംസ്ഥാനങ്ങൾക്ക് റവന്യൂ ന്യൂട്രൽ നടപ്പാക്കുമെന്നായിരുന്നു ജി എസ് ടി നടപ്പാക്കുമ്പോൾ കേന്ദ്രസർക്കാരിന്റെ വാഗ്ദാനം. അതായത്, ജി എസ് ടിക്കുമുമ്പുള്ള അതേ വരുമാനം സംസ്ഥാനങ്ങൾക്ക് ഉറപ്പാക്കുന്നതാണ് റവന്യൂ ന്യൂട്രൽ. പ്രാരംഭഘട്ടത്തിൽ 16 ശതമാനമായിരുന്നു ശരാശരി നികുതി. ഇപ്പോൾ 11.3 ശതമാനമാണ് നികുതി. വർഷത്തിൽ 12 ലക്ഷം കോടി രൂപയാണ് ശരാശരി ജി എസ് ടി വരുമാനം. ഇതിൽ പകുതി സംസ്ഥാനങ്ങൾക്കുനൽകും. റവന്യൂ ന്യൂട്രൽ പാലിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 16 ശതമാനമെന്ന നിരക്കിൽ 18 ലക്ഷം കോടി രൂപ ജി എസ് ടി വരുമാനമായി ലഭിക്കുമായിരുന്നു. ഇതുപാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു. ജനങ്ങൾക്ക്‌ ഭാരമുണ്ടാവാത്തവിധം ജി എസ് ടിപരിഷ്കരിക്കണം. പകരമായി ആറുലക്ഷം കോടി രൂപയ്ക്ക് പൊതുസ്വത്തുക്കൾ വിൽക്കാനുള്ള ദേശീയ ധനസമാഹരണപദ്ധതി നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്നും കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:P Chi­dambaram backs KN Bal­agopal in GST case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.