22 December 2024, Sunday
KSFE Galaxy Chits Banner 2

കാലാവസ്ഥാ വ്യതിയാനം: കേരളീയര്‍ ഇനി കാഴ്ചക്കാരല്ല

രമേശ് ബാബു
മാറ്റൊലി
November 18, 2021 4:07 am

കാലാവസ്ഥാ വ്യതിയാനം എന്താണെന്നും അതുണ്ടാക്കുന്ന കെടുതികളും ദുരന്തങ്ങളും എന്താണെന്നും ലോകത്തെ ഇതര രാഷ്ട്രങ്ങളിലെ മനുഷ്യരെയെന്ന പോലെ നമ്മളും അറിഞ്ഞും അനുഭവിച്ചും തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായി. വര്‍ഷങ്ങള്‍ പിന്നിടുംതോറും കൊച്ചു കേരളം ആവാസ യോഗ്യമല്ലാതായി മാറുകയാണെന്ന യാഥാര്‍ത്ഥ്യത്തെ പോംവഴികള്‍ ഇല്ലാത്തവിധം ഉള്‍ക്കൊള്ളുകയാണ് നാം. കാലാവസ്ഥാ വ്യതിയാനം എന്നത് കേരളീയര്‍ കൗതുകത്തോടെ വായിച്ചിരുന്ന അന്താരാഷ്ട്ര ഉച്ചകോടികളിലെ സംവാദ വിഷയമെന്നതില്‍ നിന്ന് മാറി നമ്മുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന വസ്തുതയായി മാറിയിരിക്കുകയാണ്. കാലാവസ്ഥാ ദുരന്തങ്ങള്‍ മറ്റെവിടെയൊക്കെയോ സംഭവിക്കുന്ന കാര്യമാണെന്നും അതു നമ്മെ ബാധിക്കുന്നതല്ലെന്നും ആയിരുന്നു പൊതുധാരണ. എന്നാലിപ്പോള്‍ എല്ലാ ധാരണകളെയും ഇല്ലാതാക്കി കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപൊയ്ക്കൊണ്ടിരിക്കുന്നത്. കാലം തെറ്റിയുള്ള മഴപ്പെയ്ത്ത് 2021 ലും കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ ആദ്യവാരം തന്നെ 135 ശതമാനം അധിക മഴ കേരളത്തിന് ലഭിച്ചുകഴിഞ്ഞു. കാലം തെറ്റിയ മഴ എന്ന് ഇപ്പോള്‍ പെയ്യുന്ന മഴയെ വിശേഷിപ്പിക്കുന്നതിന് പകരം മനുഷ്യര്‍ കാലത്തെ തെറ്റിച്ചതുകൊണ്ടുണ്ടായ തീവ്രമഴ എന്നു പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പാരിസ്ഥിതിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നൂറ്റാണ്ടുകളിലൊരിക്കലോ, 50 വര്‍ഷം കൂടുമ്പോഴോ മാത്രം ഉണ്ടാകുമായിരുന്ന പ്രളയം ഇപ്പോള്‍ ഇടവേളകളില്‍ സംഭവിക്കുകയാണ്. 2018 ല്‍ ആണ് കേരളത്തെ ജലത്തില്‍ മുക്കിയ പ്രളയം ഈ നൂറ്റാണ്ടില്‍ ആദ്യം ഉണ്ടായത്. 2019 ല്‍ അതാവര്‍ത്തിച്ചു. 2021 ല്‍ വീണ്ടും മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. പടിഞ്ഞാറന്‍ നാടുകളില്‍ ഉഷ്ണക്കാറ്റും കാട്ടുതീയും വരള്‍ച്ചയുമാണ് ദുരന്തം വിതയ്ക്കുന്നതെങ്കില്‍ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന കൊച്ചുകേരളം പ്രളയത്താലാണ് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷികവൃത്തിയാകെ താളം തെറ്റിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ക്രമംതെറ്റിക്കുന്ന ഈ നില തുടര്‍ന്നാല്‍ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മലയാളമണ്ണ് വാസയോഗ്യമല്ലാതായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ഭൂമിയില്‍ ഇനിയും അപ്രതീക്ഷിതവും അസാധാരണവുമായ രീതിയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുമെന്നാണ്. ഈ റിപ്പോര്‍ട്ട് കേരളത്തിനും വലിയൊരു മുന്നറിയിപ്പാണ്. കാരണം ആഗോളതാപനം വര്‍ധിക്കുന്നതിലൂടെ ഉത്തര ധ്രുവത്തിലെയും മറ്റ് പ്രദേശങ്ങളിലെയും മഞ്ഞുരുകി കടല്‍നിരപ്പ് ഉയരുന്നതും കടലിലെ താപനില വര്‍ധിക്കുന്നതും കടല്‍ കരയിലേക്ക് കയറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കടലേറ്റത്തെക്കുറിച്ച് നാസ തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ 2030 ല്‍ സമുദ്രനിരപ്പ് 11 സെന്റീമീറ്ററും 2100 ല്‍ 71 സെന്റീമീറ്ററും 2150 ല്‍ 1.24 മീറ്ററും വരെ ഉയരുമെന്ന് സൂചിപ്പിക്കുന്നു. കടല്‍നിരപ്പ് അരയടി മുതല്‍ 2.7 അടി വരെ ഉയര്‍ന്നാല്‍ കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 12 നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല, ആഗോളതലത്തിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് കേരളത്തിലെ കാലാവസ്ഥയും മാറിമറിയുകയാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നുണ്ട്. ആഗോള താപനത്തിന്റെ തുടര്‍ച്ചയായി കേരളത്തില്‍ ചുടുകാറ്റ് തുടരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിന്റെ അനന്തര ഫലം ശക്തമായ പ്രളയങ്ങള്‍ ആയിരിക്കും. 2016 ല്‍ കേരളം അഭിമുഖീകരിച്ച വരള്‍ച്ചയും ഉഷ്ണതരംഗവും 2017ലെ ഓഖി ചുഴലിക്കാറ്റ്, 2018 – 19ലെ അതിതീവ്ര മഴയും വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലുമെല്ലാം സൂചനകളെ സാധൂകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ ഭൂമിയിലൊരിടവും സുരക്ഷിതമല്ലെന്ന നിഗമനങ്ങളെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് കേരളത്തിലെയും മാറ്റങ്ങള്‍. താരതമ്യേന സുരക്ഷിതവും സുന്ദരവുമായിരുന്ന കൊച്ചുകേരളം ഇനി അങ്ങനെ ആയിരിക്കില്ലായെന്ന് വ്യതിയാനങ്ങള്‍ വ്യക്തമാക്കുന്നു. സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും മത്സരപ്പാച്ചിലിന്റെ പരിണത ഫലമാണ് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യനാശവും ഊര്‍ജപ്രതിസന്ധിയും അസമത്വവും എന്നെല്ലാം ചിന്തിക്കുന്ന മനുഷ്യര്‍ക്ക് ബോധ്യമുണ്ട്. ലോകത്തെ നിശ്ചലവും നിസഹായവുമാക്കിയ കൊറോണ വൈറസിന്റെ ആവിര്‍ഭാവവും വ്യാപനവും ധാര്‍മിക ബോധമില്ലാത്ത വ്യവസ്ഥിതികള്‍ക്ക് ഏറ്റ തിരിച്ചടിയായും മനസിലാക്കപ്പെടുന്നുണ്ട്. മനുഷ്യരുടെതന്നെ ചെയ്തികള്‍ വരുത്തിത്തീര്‍ത്തിരിക്കുന്ന ഈ അവസ്ഥയില്‍ ഭൂമുഖത്ത് ഏറ്റവും കുറഞ്ഞ കാലത്തേക്ക് മാത്രം അധിവസിക്കാന്‍ കഴിയുന്ന ജീവജാതിയായി മനുഷ്യരാശി മാറിത്തുടങ്ങിയിരിക്കുകയാണ്. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യനെന്നും മനുഷ്യവംശത്തിന്റെ നിലനില്പ് പ്രകൃതിയുമായി ഇഴപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന പാരിസ്ഥിതികബോധം ശക്തമാക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്താല്‍ മാത്രമേ ഇനി അതിജീവനം സാധ്യമാകുകയുള്ളു. സാമ്പത്തിക വളര്‍ച്ചയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനം ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. തലതിരിഞ്ഞ വികസനത്തിന്റെ അനന്തരഫലമാണ് ലോകം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒടുങ്ങാത്ത ധനാര്‍ത്ഥി ഭൂമിയെ ജീവിക്കാന്‍ കൊള്ളാത്ത മൃതിതലമാക്കിക്കൊണ്ടിരിക്കുമ്പോള്‍ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്ന സുസ്ഥിര വികസന പ്രക്രിയകള്‍ക്ക് മാത്രമേ മനുഷ്യ ജീവിതത്തെ രക്ഷിച്ചു നിര്‍ത്താനാവൂ. കഴിഞ്ഞ 250 വര്‍ഷങ്ങള്‍ക്കുള്ളില്‍ മനുഷ്യന്‍ മാത്രം ഉപയോഗിച്ചു തീര്‍ത്ത വിഭവങ്ങള്‍ കഴിഞ്ഞ ആറ് ലക്ഷം കൊല്ലങ്ങള്‍ കൊണ്ട് എല്ലാ ജീവജാലങ്ങളും ചേര്‍ന്ന് ഉപയോഗിച്ചതിന്റെ എത്രയോ മടങ്ങ് വരുമെന്നും അത് ഭൂമിയുടെ അന്തരീക്ഷത്തില്‍ സൃഷ്ടിച്ച മലിനീകരണം അഗണ്യമാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഈ മലിനീകരണം സങ്കല്പിക്കാവുന്ന എല്ലാ പരിധികളും അതിലംഘിച്ചു കഴിഞ്ഞു. ഭൂമിയിലെ ആറാമത്തെ മഹാവംശനാശം എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വിളിക്കുന്ന വന്‍ ദുരന്തത്തിന്റെ വക്കത്താണ് മനുഷ്യര്‍. കേരളീയരും ഈ വക്കിലേക്ക് നടന്നടുക്കുകയാണ്. വികസനവും സാമ്പത്തിക വളര്‍ച്ചയും ഏതൊരു നാടിനും ആവശ്യമാണ്. പക്ഷേ, അത് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതും സ്വന്തം ഭാഗധേയം നിറവേറ്റാനാവുന്ന വിധത്തില്‍ സ്വയം നിര്‍ണയാവകാശം ഉള്ളതും കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായിരിക്കണം എന്നാണ് പരിസ്ഥിതി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. മനുഷ്യർക്ക് വീടു വയ്ക്കാന്‍ കരിങ്കല്ലും മരവും ആവശ്യമാണ്. സഞ്ചരിക്കാനും മറ്റ് ഉപയോഗങ്ങള്‍ക്കും ഊര്‍ജവും ആവശ്യമാണ്. ആവശ്യമുള്ളതു മാത്രമെ എടുക്കാവൂ, കാരണം ഭൂമിക്ക് അധികകാലം വിഭവങ്ങൾ തന്നുകൊണ്ടിരിക്കാന്‍ കഴിയില്ല. ഭൂമിയിലെ വിഭവസ്രോതസുകള്‍ വറ്റുമ്പോള്‍ മനുഷ്യ ജീവിതവും നിലനില്പിന്റെ വെല്ലുവിളി നേരിടും, ക്രമേണ വംശനാശത്തിലേക്ക് നീങ്ങും. എത്രയും കുറച്ച് പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നുവോ അത്രയും കാലം കൂടി മനുഷ്യവാസം ഭൂമിയിൽ സാധ്യമാകും. കമ്മിഷന്‍ പ്രതീക്ഷിച്ച് വികസനമെന്ന പേരില്‍ വന്‍ പദ്ധതികള്‍ കൊണ്ടുവരുന്ന ഭരണവര്‍ഗം കുറഞ്ഞപക്ഷം അവരുടെ സന്തതി പരമ്പരകളെക്കുറിച്ചെങ്കിലും ഓര്‍ക്കണം.

 

മാറ്റൊലി

“കാലാവസ്ഥാ പ്രതിസന്ധി എന്നാൽ കേവലം തീവ്രകാലാവസ്ഥ എന്നത് മാത്രമല്ല. അത് മനുഷ്യരെക്കുറിച്ച്കൂടിയാണ്, യഥാര്‍ത്ഥ മനുഷ്യരെക്കുറിച്ച്. കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഏറ്റവും കുറച്ച് കാര്യങ്ങള്‍ ചെയ്ത ആളുകള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. — ഗ്രെറ്റ തൻബർഗ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.