30 April 2024, Tuesday

കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ സൈന്യം

Janayugom Webdesk
ശ്രീനഗര്‍
November 17, 2021 10:40 pm

ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിൽ രണ്ട് പ്രദേശവാസികൾ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ വന്‍ പ്രതിഷേധം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി മരിച്ചവരുടെ കുടുംബങ്ങള്‍ പ്രതിഷേധം തുടങ്ങി. ഹൈദര്‍പോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാനിയായ ഭീകരന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് സൈന്യം അറിയിച്ചിരുന്നത്. ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ചാണ് രണ്ട് പ്രദേശവാസികളെ സൈന്യം വെടിവച്ചുകൊന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുനൽകാൻ വിസമ്മതിക്കുകയും ചെയ്തു. ഡോ. മുദാസിര്‍ ഗുല്‍ എന്നയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഒരാഴ്ചയ്ക്ക് മുമ്പ് പൊലീസ് ഉദ്യോഗസ്ഥരുമൊത്ത് വിവാഹവിരുന്നില്‍ പങ്കെടുത്തയാളാണ് തന്റെ ഭര്‍ത്താവെന്ന് മുദാസിറിന്റെ ഭാര്യ ഹുമൈറ പറഞ്ഞു. മുദാസിറിന്റെ ഭീകരബന്ധത്തിന് പൊലീസ് തെളിവ് നല്‍കണമെന്നും കൈക്കുഞ്ഞിനെയുമേന്തി പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ഹുമൈറ ആവശ്യപ്പെട്ടു. ഭീകരര്‍ ഒളിഞ്ഞിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥനായ മുഹമ്മദ് അൽതാഫ് ഭട്ട് എന്നയാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം ഭീകരര്‍ അല്‍താഫ് ഭട്ടിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി കവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം വിട്ടുനല്‍കണമെന്ന ആവശ്യവുമായി അല്‍താഫിന്റെ കുടുംബവും ധര്‍ണ നടത്തി. പിതാവിന്റെ മരണവാർത്തയറിഞ്ഞ് കരയുന്ന അല്‍താഫ് ഭട്ടിന്റെ 13 വയസുള്ള മകളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പൊലീസുകാര്‍ പൊട്ടിച്ചിരിച്ചുകൊണ്ടാണ് മരണവിവരം അറിയിച്ചതെന്നും പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുന്നു.

 

നാലു ഭീകരരെ വധിച്ചു 

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ രണ്ടിടങ്ങളിലായി ഉണ്ടായ ഏറ്റുമുട്ടലുകളില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ പോംബെ, ഗോപാല്‍പോറ എന്നീ ഗ്രാമങ്ങളിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പോംബെയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ ദ റസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) കമാന്‍ഡര്‍ അഫാഖ് സിക്കന്ദറാണെന്ന് തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ തുടരുന്നതായി ഐജി വിജയ് കുമാര്‍ അറിയിച്ചു. കഴിഞ്ഞദിവസം ഹൈദര്‍പോറ മേഖലയില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. അതേസമയം ബാരാമുള്ള ജില്ലയിലെ പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Army refuse to han­dover deadbody

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.