9 January 2025, Thursday
KSFE Galaxy Chits Banner 2

ചരക്കെത്തി; റയില്‍വഴി ആദ്യമായി പൈനാപ്പിളയച്ച് കര്‍ഷകര്‍

Janayugom Webdesk
കൊച്ചി
November 24, 2021 5:04 pm

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഉണര്‍ന്നെണീറ്റ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ പരീക്ഷണാര്‍ത്ഥം ഡല്‍ഹിയ്ക്ക് റെയില്‍ വഴി പൈനാപ്പിള്‍ അയച്ചു. ഡല്‍ഹിക്കു പോയ നിസാമുദ്ദീന്‍ എക്‌സ് പ്രസിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരളാ പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയഷന്‍ ഇതാദ്യമായി റെയില്‍ വഴി പൈനാപ്പിള്‍ ഡല്‍ഹിക്ക് അയച്ചത്. ഹരിയാനയിലെ ഹിസാറിലുള്ള ഹരിയാന അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെട്ട ഡിയെം അഗ്രോ എല്‍എല്‍പി എന്ന സ്റ്റാര്‍ട്ടപ്പിനാണ് ഇന്നലെ രണ്ടര ടണ്‍ പൈനാപ്പ്ള്‍ അയച്ചതെന്ന് പൈനാപ്പിള്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാറി പറഞ്ഞു.

പരീക്ഷണം വിജയിച്ചാല്‍ റെയില്‍ വഴി കൂടുതല്‍ പൈനാപ്പിള്‍ തുടര്‍ച്ചയായി അയക്കാനാണ് തീരുമാനം. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റേയും റെയില്‍വേയുടേയും വലിയ പിന്തുണയോടെയാണ് ഇത് സാധ്യമായതെന്നും ജയിംസ് ജോര്‍ജ് പറഞ്ഞു. ഉത്തരേന്ത്യയില്‍ നിന്ന് കൂടുതല്‍ വ്യാപാര അന്വേഷണങ്ങളുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും റെയില്‍വേയും ആകര്‍ഷകമായ ഇളവുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചയോടെ കൂടുതല്‍ ഫ്രഷായി മാര്‍ക്കറ്റിലെത്താന്‍ പോകുന്ന ആദ്യ ബാച്ച് പൈനാപ്പി‌ളിനു ലഭിയ്ക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചരക്കയക്കാനാകുമെന്നാണ് പ്രതീക്ഷ. പൈനാപ്പിള്‍ അയക്കുന്നതിന് കിസാന്‍ റയില്‍ ഉപയോഗപ്പെടുത്തുന്നതിനായി റയില്‍വേ ഏറെക്കാലമായി തങ്ങളെ ബന്ധപ്പെട്ടു വരികയായിരുന്നെന്നും സാഹചര്യങ്ങള്‍ ഒത്തുവന്നപ്പോള്‍ അതിന് തുടക്കം കുറിയ്ക്കാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പ്രധാനമായും റോഡുമാര്‍ഗമാണ് വാഴക്കുളത്തു നിന്നുള്ള പൈനാപ്പിള്‍ ഉത്തരേന്ത്യയിലെത്തുന്നത്. ലോറിയില്‍ 5 ദിവസം കൊണ്ടാണ് ചരക്ക് ഡെല്‍ഹിയിലെത്തുന്നതെങ്കില്‍ ട്രെയിന്‍ വഴി അയച്ചാല്‍ 50 മണിക്കൂര്‍ കൊണ്ട് ഉല്‍പ്പന്നമെത്തിയ്ക്കാം. ഇത് കൂടുതല്‍ ഫ്രഷായ ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ സഹായിക്കുമെന്നും വിമാനമാര്‍ഗം അയക്കുന്ന മികച്ച പാക്കിംഗ് ആണ് ട്രെയിന്‍ മാര്‍ഗം അയച്ചപ്പോഴും ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനില്‍ കയറ്റാനായി വാഴക്കുളത്തെ അസോസിയേഷന്‍ ആസ്ഥാനത്തു നിന്ന് ആദ്യമായി കൊച്ചിയിലേയ്ക്ക് പൈനാപ്പ്ള്‍ അയച്ചതിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പ്രസിഡന്റ് ജയിംസ് ജോര്‍ജ് തോട്ടുമാറിക്കല്‍, ഡയറക്ടര്‍ ബോര്‍ഡംഗം സുനില്‍ ജോര്‍ജ് കോടാമുള്ളില്‍, ജോയിന്റ് സെക്രട്ടറി ജോസുകുട്ടി വി എം വെട്ടിയാങ്കല്‍, ഡിയെം അഗ്രോ മാനേജിംഗ് പാര്‍ട്ണര്‍ ബിബിന്‍ മാനുവല്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്റണി വി പി വെട്ടിയാങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സതേണ്‍ റെയില്‍വേ ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍ ആര്‍., ഡെപ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ ഗണേഷ് വെങ്കിടാചലം, ഡിയെം അഗ്രോ മാനേജിംഗ് പാര്‍ട്ണര്‍ ബിബിന്‍ മാനുവല്‍ എന്നിവരും പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ആര്‍കെവിവൈ-റഫ്താര്‍ പദ്ധതിയ്ക്കു കീഴില്‍ ഫണ്ടു ലഭിച്ച സ്റ്റാര്‍ട്ടപ്പാണ് മലയാളിയായ ബിബിന്‍ മാനുവല്‍ മുഖ്യപ്രൊമോട്ടറായ ഡിയെം അഗ്രോ. രാജ്യമെങ്ങമുള്ള കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിശേഷിച്ചും വാഴക്കുളം പൈനാപ്പ്ള്‍, ഉത്തരേന്ത്യയിലെത്തിച്ച് ഓണ്‍ലൈനിലൂടെയും നേരിട്ടും ഉപഭോക്താക്കള്‍ക്കെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ഡിയെം പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ 18000 ഹെക്ടറോളം ഭൂമിയിലാണ് പൈനാപ്പിള്‍ കൃഷിയുള്ളത്. സംസ്ഥാനത്തെ ശരാശരി വാര്‍ഷിക ഉല്‍പ്പാദനം അഞ്ചര ലക്ഷം ടണ്‍. ഈ മേഖലയിലെ ഏറ്റവും വലിയ കര്‍ഷക സംഘടനകളിലൊന്നാണ് 900‑ത്തിലേറെ അംഗങ്ങളുള്ള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍.

Eng­lish Sum­ma­ry: farm­ers export pineap­ple by rain for first time

You may like this video also

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 9, 2025
January 9, 2025
January 9, 2025
January 9, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.