കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലുള്ള അടച്ചിടലും തൊഴിൽ നഷ്ടവും ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കുത്തനെ ഉയർത്തിയെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്. ലോകത്തിലെ 139 കോടി ദരിദ്രരിൽ 22.7 കോടിയും ഇന്ത്യയിലാണെന്ന് യുഎൻ വികസനപദ്ധതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് നീണ്ടുപോയ ലോക്ഡൗണും സാമ്പത്തിക അടച്ചുപൂട്ടലുകളും എല്ലാ ജനവിഭാഗങ്ങളെയും ദുരിതത്തിലാക്കിയെങ്കിലും പാവപ്പെട്ടവർക്കാണ് ഏറ്റവും വലിയ ഭാരം ചുമക്കേണ്ടി വന്നത്. ഉല്പാദന പ്രവർത്തനങ്ങൾ മാസങ്ങളോളം നിലച്ചത്, നവലിബറലിസം മൂലം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വർധിച്ചുവരുന്ന അസമത്വം കൂടുതൽ വഷളാക്കി.
ദരിദ്രരിൽ ഭൂരിപക്ഷവും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക ജാതി വിഭാഗത്തിൽ പെട്ടവരാണ്. പട്ടിണിയോടും പോഷകാഹാരക്കുറവിനോടും പോരാടുന്ന, വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന, ജാതിയുടെ അടിസ്ഥാനത്തിൽ വിവേചനം നേരിടുന്ന ഏറ്റവുമധികം ദരിദ്രരുള്ള നാടാണ് ഇന്ത്യയെന്നും റിപ്പോർട്ടിലുണ്ട്.
കോവിഡ് തീവ്രമായപ്പോൾ, 75 ദശലക്ഷം ഇന്ത്യക്കാർ കൂടി ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടുവെന്ന് അമേരിക്ക ആസ്ഥാനമായ പ്യൂ റിസർച്ച് സെന്ററിന്റെ പഠനം കണ്ടെത്തിയിരുന്നു. രാജ്യത്തെ മധ്യവർഗം 32 ദശലക്ഷമായി ചുരുങ്ങി. മഹാമാരിക്കാലത്ത് ദാരിദ്ര്യത്തിന്റെ 60 ശതമാനവും ഇന്ത്യയാണ് സംഭാവന ചെയ്തത്. എന്നിട്ടും ഏറ്റവും വലിയ മൂന്നാമത്തെ ശതകോടീശ്വരന്മാരുള്ള രാജ്യമാണ് എന്നത് വെെരുദ്ധ്യമായി നിൽക്കുന്നതായും റിപ്പോർട്ട് പറയുന്നു. രാജ്യത്ത് ഗ്രാമപ്രദേശങ്ങളിലെ ഭൂമി വിതരണം ഏതാണ്ട് നിലച്ചിരിക്കുന്നു. 2001 ന് ശേഷം ഓരോ മണിക്കൂറിലും നൂറ് കർഷകർ ഭൂരഹിതരായി. തൊഴിൽ നിയമങ്ങൾ ക്രോഡീകരിക്കുന്നതിന്റെ മറവിൽ നേരത്തെയുണ്ടായിരുന്ന നേട്ടങ്ങൾ ഇല്ലാതാക്കി. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഇല്ലാതായി. പ്രായമായവർക്കും വിധവകൾക്കുമുള്ള പെൻഷൻ പദ്ധതികൾ സ്തംഭനാവസ്ഥയിലാണ്. കരാർ ജോലി സാർവത്രികമായതിനാൽ സംഘടിത മേഖലയിലെ തൊഴിലാളികൾക്കും സുരക്ഷിതത്വം കുറവാണ്. മഹാമാരി കാലത്ത് ഹ്രസ്വകാല ആശ്വാസം നൽകിയെങ്കിലും അവരുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചു.
നവലിബറലിസത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ അസമത്വങ്ങൾ വര്‍ധിച്ചു. പകർച്ചവ്യാധി സ്ഥിതിഗതികൾ വഷളാക്കി. ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിന് ശേഷം പല പ്രമുഖ ശതകോടീശ്വരന്മാരുടെയും സമ്പത്ത് ക്രമാതീതമായി വർധിച്ചു. അതേസമയം 2020 ഏപ്രിലിൽ ഓരോ മണിക്കൂറിലും 1,70,000 പേർക്ക് ജോലി നഷ്ടപ്പെട്ടു. മഹാമാരിക്കാലത്ത് ശതകോടീശ്വരന്മാർ ഉണ്ടാക്കിയതിന്റെ ചെറിയ വിഹിതം ഉപയോഗിച്ചാല്‍ 400 ദശലക്ഷം അസംഘടിത തൊഴിലാളികൾക്ക് അഞ്ച് മാസമെങ്കിലും ദാരിദ്ര്യരേഖയ്ക്ക് മുകളിൽ തുടരാമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലത്ത് വർധിച്ച 11 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് പത്ത് വർഷത്തേക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ബജറ്റിന് തുല്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജിഡിപി വളര്‍ച്ച ദാരിദ്ര്യം കുറയ്ക്കില്ല
ജിഡിപി വളർച്ച നേടിയെന്നതുകൊണ്ട് രാജ്യം പുരോഗമനത്തിലാണെന്ന് പരസ്യം ചെയ്യുന്ന മോഡി സർക്കാരിന് തിരിച്ചടിയാണ് യുഎന്‍ റിപ്പോർട്ട്. ജിഡിപി നിരക്കിന് ദാരിദ്ര്യത്തിന്റെ തോതുമായി നേരിയ ബന്ധമേ ഉള്ളൂ എന്നാണ് ദരിദ്രരുടെയും സമ്പന്നരുടെയും എണ്ണവും സമ്പത്തും തുലനം ചെയ്ത് റിപ്പോർട്ട് വിലയിരുത്തുന്നത്.
സാമ്പത്തിക അസമത്വം റെക്കോർഡ് നിലയിലുള്ള രാജ്യമാണ് ഇന്ത്യ. ദേശീയ സമ്പത്തിന്റെ പകുതിയും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കയ്യിലാണ്. 20 ശതമാനം സമ്പത്ത് മൂന്ന് ശതമാനം കയ്യടക്കി. ഏറ്റവും താഴ്ന്ന വരുമാനക്കാര്‍ ജനസംഖ്യയുടെ 50 ശതമാനമായി പരിഗണിച്ചാൽ പോലും, ദേശീയ വരുമാനത്തിൽ 15 ശതമാനം വിഹിതമേ ഇവരുടെ കെെവശം വരൂ. അതിസമ്പന്നരായ ഒരുശതമാനത്തിന്റെ സമ്പത്ത് കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ മൂന്നിരട്ടിയായി വർധിച്ചുവെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ ഏറ്റവും അസമത്വമുള്ള സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമെന്ന നിലയിലേക്ക് ഇന്ത്യ മാറുകയും ചെയ്തു.
english summary;covid raises the number of poor in India: UN severe economic inequality
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.