കേരളം ഒട്ടും മുന്നോട്ടു പോകാൻ പാടില്ല എന്ന് ചിന്തിക്കുന്നവർക്ക് ഊർജം പകരുന്ന നിലപാട് ഗവര്‍ണറെ പോലെ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. അവയ്ക്ക് ഉത്തേജനം നൽകുന്ന പരസ്യ പ്രസ്താവനകൾ ചാൻസിലറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും അത് അദ്ദേഹം മനസിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാൻസിലർമാരെ നിയമിക്കുന്നത്, യുജിസി മാനദണ്ഡങ്ങൾ പ്രകാരം സെർച്ച് — കം — സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചാണ്. ഇത്തരം സമിതികൾ പരിശോധന നടത്തി നാമനിർദ്ദേശം ചെയ്യുന്ന വ്യക്തികളെയാണ് വൈസ് ചാൻസിലർ പദവിയിലേക്ക് പരിഗണിക്കുന്നത്. ഇതിൽ ചാൻസിലർക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ എല്ലാ സ്വാതന്ത്ര്യവുമുണ്ട്.
എന്നിട്ടും മുഖ്യമന്ത്രിയോ മന്ത്രിമാരോ ആണ് ഇതെല്ലാം തീരുമാനിക്കുന്നത് എന്ന രീതിയിൽ നടക്കുന്ന പ്രചരണം ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചാൻസിലർ അദ്ദേഹത്തിന്റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സർക്കാർ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. സർക്കാരിന്റെ അഭിപ്രായങ്ങൾ ചാൻസിലറെ അറിയിക്കുക എന്നത് ഭരണതലത്തിൽ നടത്തുന്ന സ്വാഭാവിക ആശയവിനിമയമാണ്. അവ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടത് ചാൻസിലർ തന്നെയാണ്. ആ സ്വാതന്ത്ര്യം ഗവർണർക്ക് ഉണ്ട് താനും. ഏതെങ്കിലും കോണിൽ നിന്നും വിമർശനം ഉണ്ടാകുമെന്ന് ഭയന്ന് തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരിനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുമായി ഏറ്റുമുട്ടുക എന്നത് സർക്കാരിന്റെ നയമല്ല. അദ്ദേഹം പരസ്യമായി ചില കാര്യങ്ങൾ പറഞ്ഞതുകൊണ്ടുമാത്രമാണ് വസ്തുതകള്‍ മാധ്യമങ്ങളോട് പറയുന്നതെന്നും ഉന്നയിച്ച ഏതു വിഷയത്തിലും ചർച്ചയാകാമെന്നും അതിലൊന്നും പിടിവാശിയില്ലെന്നും അദ്ദേഹം പറഞ്ഞു.
english summary; Governor should not give energy to those who think that Kerala should not go ahead: CM
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.