സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. ബത്ലഹേമിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമയിൽ വിശ്വാസികൾ ഇന്ന് തിരുപ്പിറവി ദിനം ആഘോഷിക്കും. കോവിഡിന്റെയും ഒമിക്രോണിന്റെയും സാഹചര്യത്തില്‍ തികഞ്ഞ ജാഗ്രതയിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍.
ജില്ലയിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാർത്ഥന ചടങ്ങുകളും പാതിരാകുർബാനയും നടന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ വെള്ളിയാഴ്ച രാത്രി 11.30 ന് ആരംഭിച്ച ക്രിസ്മസ് തിരുകർമങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം സൂസപാക്യം മുഖ്യകാർമികനായി. ഇന്ന് രാവിലെ ഏഴിനും ഒൻപതിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയുണ്ട്. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിച്ച ക്രിസ്മസ് തിരുക്കർമങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായി. തീ ഉഴലിച്ച ശുശ്രൂഷയും പ്രദക്ഷിണവും വിശുദ്ധ കുർബാനയും നടന്നു.
പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ വെള്ളിയാഴ്ച രാത്രി 11.45 ന് ആരംഭിച്ച ക്രിസ്മസ് തിരുക്കർമങ്ങൾക്ക് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ തിരുക്കർമങ്ങൾ വെള്ളിയാഴ്ച രാത്രി 11.30ന് ആരംഭിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസ് മുഖ്യകാർമികനായിരുന്നു. പാളയം സമാധാനരാജ്ഞി ബസിലിക്ക, നാലാഞ്ചിറ സെൻറ് തോമസ് ദേവാലയം എന്നിവിടങ്ങളിലും തിരുക്കർമ്മങ്ങളും പ്രാർത്ഥനകളും നടന്നു. ക്രിസ്മസിനെ വരവേൽക്കാൻ ക്രൈസ്റ്റ് നഗർ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നൊരുക്കിയ ’ ”ഹെസദ്” വീഡിയോ ആൽബം പുറത്തിറക്കി. ഇതിന്റെ സിഡി പ്രകാശനം ചങ്ങനാശ്ശേരി ആക്സിലറി ബിഷപ് മാർ തോമസ് തറയിൽ നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ ടിറ്റോ വല്ലവന്തറ, സിഎംഐ പ്രിൻസിപ്പാൾ റവ. ഫാദർ ജോഷി മായാമ്പറമ്പിൽ, വൈസ് പ്രിൻസിപ്പാൾ റവ. ഫാദർ സുബിൻ കോട്ടൂർ, കിൻഡർ ഗാർഡൻ ഇൻചാർജ് സി ലളിതകുമാരി എന്നിവരുടെ മേൽനോട്ടത്തിൽ നഴ്സറി കുട്ടികളും നഴ്സറി അധ്യാപകരും രക്ഷകർത്താക്കളും ചേര്‍ന്നാണ് ആൽബം പുറത്തിറക്കിയത്.
സിഎസ്ഐ പഞ്ചാകുഴി സഭയിലെ യുവജന സംഘടനയുടെ നേതൃത്വത്തില്‍ ക്രിസ്മസ് സമ്മാനമായി ബൈക്ക് നല്കി. ബിരിയാണി ഫെസ്റ്റ് നടത്തി കിട്ടിയ തുകയും സുമനസുകളുടെ സഹായത്തോടും കൂടി ബിജു കല്ലുവിള എന്ന ഇരു കാലുകളും തളര്‍ന്ന വ്യക്തിക്ക് ലോട്ടറി കച്ചവടത്തിനായി പുതിയ വാഹനം ക്രിസ്മസ് സമ്മാനമായി നല്‍കുകയായിരുന്നു. താക്കോല്‍ ദാനം ദക്ഷിണ കേരള മഹായിടവക യുവജന സംഘടന കോഓര്‍ഡിനേറ്റര്‍ റവ അഡ്വ സജി എന്‍ സ്റ്റുവര്‍ട്ടിന്റെ സാനിധ്യത്തില്‍ പഞ്ചാകുഴി സഭ അധ്യക്ഷന്‍ റവ. എസ് എച്ച് സുബീഷ് കൈമാറി. യുവജന സംഘടനാ സെക്രട്ടറി അജല്ബോബന് സഭ സെക്രട്ടറി ജയപ്രസാദ് എന്നിവര്‍ സന്ദേശം നല്കി.
ENGLISH SUMMARY:Today is Christmas with a message of love and hope
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.