18 November 2024, Monday
KSFE Galaxy Chits Banner 2

പടിഞ്ഞാറന്‍ യൂറോപ്പില്‍ വാക്സിന്‍ വിരുദ്ധ പ്രക്ഷോഭം

Janayugom Webdesk
പാരിസ്
January 9, 2022 7:17 pm

പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു. ഫ്രാൻസ്, ഇറ്റലി, ജർമനി, ഓസ്ട്രിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വാക്സിൻ വിരുദ്ധ പ്രവർത്തകർ ഇന്നലെ പ്രതിഷേധ റാലി നടത്തി. കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതോടെ വാക്സിനെടുക്കാത്തവർക്ക് പൊതുസ്ഥലങ്ങളിൽ വിലക്കേർപ്പെടുത്താനുള്ള നീക്കമാണ് പ്രതിഷേധം ശക്തമാക്കാനുള്ള കാരണം.

വാക്സിന്‍ സ്വീകരിക്കാതിരിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന്‍മേല്‍ സര്‍ക്കാര്‍ കടന്നുകയറുന്നുവെന്ന മുദ്രാവാക്യം മുഴക്കി ഒരു ലക്ഷത്തിലധികം ആളുകള്‍ ഫ്രാന്‍സിലെ വിവിധ തെരുവുകള്‍ കീഴടക്കി. സത്യം, സ്വാതന്ത്ര്യം, വാക്സിന്‍ പാസ് വേണ്ട തുടങ്ങിയ പ്ലക്കാഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.

വാക്സിനെടുക്കാത്തവരുടെ ജീവിതം കൂടുതൽ സങ്കീർണമാക്കി അവരെ വാക്സിനെടുക്കാൻ നിർബന്ധിപ്പിക്കുമെന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പ്രസ്താവനയ്ക്കെതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി. പ്രതിഷേധത്തെ തുടര്‍ന്ന് 24 പേരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടന്ന പ്രതിഷേധ റാലിയിൽ അരലക്ഷത്തോളം പേര്‍ പങ്കെടുത്തു. അടുത്തമാസം മുതൽ വാക്സിനേഷൻ നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. ജർമ്മനിയിലെ വിവിധയിടങ്ങളിൽ നടന്ന റാലികളിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. ഹാംബർഗിൽ നടന്ന റാലിയില്‍ 16,000 പേർ പങ്കെടുത്തു.

eng­lish sum­ma­ry; Anti-vac­cine protest in West­ern Europe

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.