7 May 2024, Tuesday

നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍

സത്യന്‍ മൊകേരി
വിശകലനം
January 19, 2022 4:00 am

ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുദിനം രൂപപ്പെടുകയാണ്. കര്‍ഷക സമരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍പ്പെട്ടതായിരുന്നു യുപിയും പഞ്ചാബും. ഈ മേഖലയിലെ ധനിക കര്‍ഷകര്‍ ഉള്‍പ്പെടെ ബിജെപിയുടെ കര്‍ഷകവിരുദ്ധ നയത്തിനെതിരായി തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി. പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലെ സമരകേന്ദ്രത്തില്‍ ദിവസവും എത്തിയിരുന്നു. കര്‍ഷകരുടെ മഹാപഞ്ചായത്തുകളില്‍ കര്‍ഷകര്‍ കൂട്ടത്തോടെ എത്തി നരേന്ദ്രമോഡി മൂര്‍ദാബാദ്, ബിജെപി മൂര്‍ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. അത്തരം ഒരു സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തില്‍ പ്രധാനം കര്‍ഷകരെ കൂടെ നിര്‍ത്തുക എന്നതാണ്. കര്‍ഷകരുടെ ഇടയില്‍ നിന്നുതന്നെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള നീക്കവും നടക്കുന്നുണ്ട്. ഈ ശ്രമങ്ങള്‍ക്കൊപ്പം തന്നെ, ഹിന്ദുവികാരം ഉയര്‍ത്തി വോട്ടുകള്‍ ഏകീകരിക്കുവാനും കൊണ്ടുപിടിച്ച ശ്രമം ബിജെപി സംഘപരിവാര്‍ ശക്തികള്‍ നടത്തുന്നു. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ പ്രചരണം നടത്തി ഹിന്ദു ഏകീകരണത്തിനാണ് ശ്രമിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി ജനങ്ങളെ ചേരിതിരിക്കാനും നീക്കങ്ങളുണ്ട്. ഹിന്ദു-മുസ്‌ലിം ചേരിതിരിവ് ഉറപ്പുവരുത്തിയാല്‍ ഭൂരിപക്ഷ ഹിന്ദു വോട്ട് ഉറപ്പുവരുത്താന്‍ കഴിയും എന്നാണ് ബിജെപി സംഘപരിവാര്‍ നേതൃത്വം കണക്കുകൂട്ടുന്നത്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള മത്സരമാണ് യുപിയില്‍ നടക്കുന്നതെന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഹിന്ദു വോട്ട് ലക്ഷ്യം വച്ച് ഹിന്ദുക്കളെ ഏകീകരിക്കുന്നതിനായി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട ബിജെപി-ആര്‍എസ്എസ് നേതൃത്വം നേരത്തെ തന്നെ തന്ത്രങ്ങള്‍ തയാറാക്കിയിരുന്നു. ആര്‍എസ്എസ് ഇതിനായി ഒട്ടേറെ ബെെഠക്കുകള്‍ നടത്തിയിട്ടുണ്ട്. തങ്ങളുടെ തന്ത്രം വിജയത്തില്‍ എത്തിക്കുന്നതിനായി സന്യാസിമാരുടെ പിന്തുണ തേടാനുള്ള വലിയ പരിശ്രമങ്ങള്‍ നടത്തി. ക്ഷേത്രങ്ങള്‍ പുനഃരുദ്ധരിക്കുന്നതിനും ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി വിപുലമായ പദ്ധതികള്‍ തയാറാക്കി നടപ്പില്‍ വരുത്താന്‍ തുടങ്ങി. ഹരിദ്വാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് എത്തി പദ്ധതികള്‍ക്ക് നേതൃത്വം നല്കി. മഥുരയിലും അയോധ്യയിലും ഹിന്ദുവികാരം ഉയര്‍ത്തിക്കൊണ്ടുവരാന്‍ വലിയ പരിപാടികള്‍ക്കാണ് രൂപം നല്കിയത്. ക്ഷേത്രങ്ങളുടെ പേരില്‍ ഹിന്ദുവികാരം ഉയര്‍ത്തി വോട്ടാക്കി മാറ്റാന്‍ കഴിയും എന്ന കണക്കുകൂട്ടലിലാണ് അവര്‍. സന്യാസി പരിവേഷമുള്ള ആദിത്യനാഥിനെ അയോധ്യയിലൊ, മഥുരയിലൊ മത്സരിപ്പിക്കുന്നതിനുള്ള ആലോചനകളും ഉണ്ടായി. അവസാന ഘട്ടത്തില്‍ അത്തരം ആലോചനകള്‍ ഉപേക്ഷിച്ചു. ഹിന്ദു പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ വേണ്ടത്ര ലഭിക്കില്ല എന്ന ആശങ്ക ആദിത്യനാഥിനെ വല്ലാതെ അലട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഗോരഖ്പുര്‍ മണ്ഡലത്തില്‍തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. യുപിയിലെ രാഷ്ട്രീയ മാറ്റങ്ങള്‍ അത്ര അനുകൂലമല്ല എന്ന തിരിച്ചറിവ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ പ്രകടമായി ഉണ്ട്. അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി, സംഘപരിവാര്‍ നേതൃത്വം യുപിയില്‍ കേന്ദ്രീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ പരാജയപ്പെട്ടാല്‍ 2024ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേന്ദ്ര അധികാരം നിലനിര്‍ത്താന്‍ ഭൂരിപക്ഷം ലഭിക്കില്ല എന്ന തിരിച്ചറിവ് ബിജെപിയെ അമ്പരിപ്പിക്കുന്നുണ്ട്. എങ്ങനെയും യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ലക്ഷ്യം. യുപിയില്‍ മെഗാ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ വോട്ട് ലക്ഷ്യം വയ്ക്കുന്നു. വികസന പദ്ധതികളുടെ പ്രഖ്യാപനം തങ്ങളെ വഞ്ചിക്കുവാനാണ് എന്ന തിരിച്ചറിവ് ജനങ്ങളില്‍ പരക്കെ വളര്‍ന്നുവരുന്നുണ്ട്. ആഭ്യന്തര സംഘര്‍ഷം ബിജെപിയില്‍ ദിവസംതോറും വര്‍ധിച്ചുവരുന്നുമുണ്ട്. മുന്നാക്ക‑പിന്നാക്ക ഹിന്ദു വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമാക്കി ഹിന്ദു ഏകീകരണം എന്ന മുദ്രാവാക്യമാണ് ബിജെപി ഉയര്‍ത്തിയത്. ബ്രാഹ്മണ മേധാവിത്വത്തിനാല്‍ ചവിട്ടിമെതിക്കപ്പെട്ട മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളെ കേന്ദ്ര‑സംസ്ഥാന ഭരണാധികാരം ഉപയോഗിച്ച് വ്യാമോഹിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമമാണ് യുപിയിലും വിവിധ സംസ്ഥാനങ്ങളിലും പ്രാവര്‍ത്തികമാക്കിയിരുന്നത്.


ഇതുകൂടി വായിക്കാം; കേന്ദ്രത്തിനുള്ളത് രാഷ്ട്രീയ ലക്ഷ്യം മാത്രം


ബിജെപി നേതൃത്വത്തിന്റെ വാക്കും പ്രവൃ‍ത്തിയും ബോധ്യപ്പെട്ട വിവിധ ജനവിഭാഗങ്ങള്‍ അവരില്‍ നിന്നും അകലുകയാണ്. ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ അതാണ് വ്യക്തമാക്കുന്നത്. ഒരു ആഴ്ചയ്ക്കിടെ പിന്നാക്ക വിഭാഗക്കാരായ മൂന്ന് നേതാക്കള്‍ മന്ത്രിസഭയില്‍ നിന്നും ബിജെപിയില്‍ നിന്നും രാജിവച്ചു. കൂടാതെ 12 എംഎല്‍എമാരും രാജിവച്ച് പുറത്തുവന്നു. നിരവധി എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ തയാറായി നില്‍പ്പുണ്ട്. പിന്നാക്ക വിഭാഗത്തിന്റെ മുഖമായി ബിജെപി പ്രധാനമായും അവതരിപ്പിച്ചിരുന്ന സ്വാമി പ്രസാദ് മൗര്യയുടെ രാജി സംഘപരിവാര്‍ സംഘടനകളെ ശരിക്കും ഞെട്ടിച്ചു. പിന്നാക്ക ജനവിഭാഗങ്ങളെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുവാന്‍ അവര്‍ മുന്നോട്ടുവന്നു. ഹിന്ദു-മുസ്‌ലിം സംഘര്‍ഷം സൃഷ്ടിച്ച ഹിന്ദുവോട്ട് ഏകീകരിക്കാനുള്ള നീക്കമാണ് ഇതിലൂടെ പരാജയപ്പെടുന്നത്. ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദളിന്റെ എംഎല്‍എ, ആര്‍ കെ വര്‍മ്മ രാജിവച്ചതും കൂടുതല്‍ ക്ഷീണമായി. ഈ സംഭവങ്ങളെല്ലാം യുപി മുഖ്യമന്ത്രിയേയും ബിജെപി നേതൃത്വത്തെയും ഏറെ ആശങ്കയിലാക്കി ഇതില്‍ നിന്നെല്ലാം കരകയറാനുള്ള വലിയ പരിശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ആദിത്യനാഥ് അധികാരത്തില്‍ വന്നതിനുശേഷം യുപിയിലെ സമ്പന്ന വിഭാഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ ഭരണമായി യുപി ഭരണം മാറുകയായിരുന്നു. അതിനെല്ലാം നേതൃത്വം നല്കിയത് സവര്‍ണ ഹിന്ദുത്വ ശക്തികളായിരുന്നു. പിന്നാക്ക വിഭാഗത്തില്‍പെട്ട ഭൂരിപക്ഷം ജനങ്ങളുടെയും ന്യൂനപക്ഷ വിഭാഗത്തിന്റെയും അഭിപ്രായങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചത്. അവര്‍ ചെറുകിട കര്‍ഷകരും കെെത്തൊഴിലുകാരും കര്‍ഷകത്തൊഴിലാളികളും ഫാക്ടറി തൊഴിലാളികളുമാണ് ദുരിതം അനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍. അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി രംഗത്തുവന്നപ്പോള്‍ അവരെയെല്ലാം രാജ്യശത്രുക്കളായി പ്രഖ്യാപിച്ച് അടിച്ചമര്‍ത്തുന്ന സമീപനമാണ് ആദിത്യനാഥിന്റെ ഗവണ്‍മെന്റ് സ്വീകരിച്ചുവന്നത്. വിയോജിക്കുന്നവരെ യുഎപിഎ ചുമത്തി കല്‍ത്തുറുങ്കിലടച്ചു. ദേശീയാടിസ്ഥാനത്തില്‍ ഏറെ ശ്രദ്ധേയമായ കര്‍ഷകസമരത്തിന് മുന്നില്‍ പ്രധാനമന്ത്രി അടിപതറിയത് രാജ്യം കണ്ടതാണ്. പാര്‍ലമെന്റ് പാസാക്കിയ കാ‍ഷികനിയമങ്ങള്‍ കര്‍ഷകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പിന്‍വലിച്ചത്. കേന്ദ്രഗവണ്‍മെന്റ് കര്‍ഷകരോട് സ്വീകരിച്ച ശത്രുതാപരമായ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറെ സജീവമായി ചര്‍ച്ച ചെയ്യുകയാണ്. ബിജെപിക്കെതിരെ മിഷന്‍ യുപി എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തില്‍ സംയുക്ത കര്‍ഷകമോര്‍ച്ച ഇതിനകം രംഗത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്കെതിര പൊലീസ് ചുമത്തിയ കേസുകള്‍ പിന്‍വലിക്കാന്‍ ഇതുവരെ യുപി ഗവണ്‍മെന്റ് തയാറായിട്ടില്ല. ബിജെപി ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായി വോട്ട് ചെയ്യുവാന്‍ കര്‍ഷകരോട് ആവശ്യപ്പെടാനാണ് സംയുക്ത മോര്‍ച്ച ആലോചിക്കുന്നത്. അതുസംബന്ധമായ കൂടിയാലോചനകള്‍ കര്‍ഷക സംഘടനകള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരെ ദ്രോഹിച്ച ബിജെപിയെ പാഠം പഠിപ്പിക്കാനുള്ള നല്ല അവസരമായി ഉപയോഗിക്കുവാന്‍ കര്‍ഷകര്‍ മുന്നോട്ടുവരും. യുപിയിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരെ ട്രക്ക് കയറ്റി കൊലപ്പെടുത്തിയ സംഭവം തെരഞ്ഞെടപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാണ്. ലഖിംപുര്‍ ഖേരി സംഭവത്തിന് പിന്നിലുള്ള കേന്ദ്രമന്ത്രി അജയ് മിശ്ര കേന്ദ്ര മന്ത്രിസഭയില്‍ അംഗമായി തുടരുന്നതില്‍ കര്‍ഷകര്‍ ശക്തമായി പ്രതിഷേധത്തിലാണ്. അതൊക്കെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രതിഫലിക്കുക തന്നെ ചെയ്യും. കര്‍ഷകര്‍‌ക്കെതിരായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെയായിട്ടും മുന്നോട്ടുപോയിട്ടില്ല. കര്‍ഷകര്‍ അതില്‍ രോഷാകുലരാണ്. കേന്ദ്ര ഗവണ്‍മെന്റ് കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ലംഘിക്കുന്നതില്‍ പ്രതിഷേധിച്ച് കൃഷിക്കാര്‍ ഇതിനകം തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലും നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കര്‍ഷകരുടെ പ്രതിഷേധം പ്രതിഫലിക്കും. നിയമസഭാ തെരഞ്ഞടുപ്പുകളില്‍ മതപരമായ ചേരിതിരിവ് സൃഷ്ടിച്ച് ഭൂരിപക്ഷത്തിന്റെ വോട്ട് നേടുക എന്ന ബിജെപി നീക്കത്തിനെതിരെ ജനങ്ങള്‍ അണിനിരക്കാന്‍ തുടങ്ങിയത് രാഷ്ട്രീയമാറ്റത്തിന്റെ സൂചനയാണ്. പിന്നാക്ക വിഭാഗങ്ങളും ദുരിതം അനുഭവിക്കുന്ന ജനങ്ങളും കര്‍ഷകരും ബിജെപിക്കെതിരായി അണിനിരക്കുന്നത് അതാണ് സൂചിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.