22 December 2024, Sunday
KSFE Galaxy Chits Banner 2

എടിഎം തട്ടിപ്പ്: 44 എടിഎം കാര്‍ഡുകളുമായി രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
January 19, 2022 3:27 pm

എംടിഎം കാര്‍ഡുകളുമായി രാജസ്ഥാന്‍ സ്വദേശികള്‍ കൊച്ചിയില്‍ അറസ്റ്റിലായി. പണം എടുക്കുന്നതിനിടെ എടിഎമ്മിന്റെ പവർ ഓഫ് ചെയ്തു പണം തട്ടുന്ന സംഘത്തിന്‍റെ കൈയിൽനിന്നു കണ്ടെടുത്തത് 44 എടിഎം കാർഡുകളാണ്. എറണാകുളം പോണേക്കര എസ്ബിഐ ബാങ്കിന്‍റെ എടിഎം മെഷീനില്‍ കൃത്രിമം കാണിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയ ഉത്തരേന്ത്യന്‍ സംഘത്തെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ ആല്‍വാര്‍ സ്വദേശികളായ ആഷിഫ് അലി സര്‍ദാരി(26), ഷാഹിദ് ഖാന്‍(30) എന്നിവരാണ് അറസ്റ്റിലായത്. 2021 ഡിസംബര്‍ 25,26 തീയതികളില്‍ ഇവര്‍ ഇടപ്പള്ളി, പോണേക്കര ഭാഗങ്ങളിലുള്ള എസ്ബിഐ എടിഎമ്മുകളില്‍നിന്നു പണം തട്ടിയതെന്നു കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി.യു കുര്യാക്കോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടോ മൂന്നോ പേരുള്ള സംഘങ്ങളായി എടിഎം കൗണ്ടറുകളിലെത്തി പണം എടുക്കുന്നതിനിടെ മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കും. തുടർന്നു വിവിധ ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിക്കും. അക്കൗണ്ടിൽനിന്നു പണം പോകുമെങ്കിലും ഇങ്ങനെ ചെയ്യുന്പോൾ എടിഎമ്മിന്‍റെ സോഫ്റ്റ് വെയർ പണം നഷ്ടമായതായി രേഖപ്പെടുത്തില്ല. പണം പിന്‍വലിച്ച ശേഷം പ്രതികൾ ബാങ്കുമായി ഇ‑മെയില്‍ വഴി പരാതിപ്പെട്ടു പണം തിരിച്ച് അക്കൗണ്ടില്‍ വരുത്തിയാണ് തട്ടിപ്പു നടത്തിവന്നത്. ബാങ്ക് എടിഎം സോഫ്റ്റ് വെയർ പരിശോധിക്കുന്പോൾ പണം പോയതു രേഖപ്പെടുത്താത്തതിനാൽ വീണ്ടും അക്കൗണ്ടിലേക്കു പണം ക്രഡിറ്റ് ചെയ്തു കൊടുക്കുകയാണ് ചെയ്തിരുന്നത്.

ഇത്തരത്തില്‍ കൊച്ചിയിലെ വിവിധ എടിഎമ്മുകളില്‍നിന്നു പ്രതികള്‍ പത്തു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പു നടത്തിയിട്ടുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നു ഡിസിപി കുര്യാക്കോസ് പറഞ്ഞു. എസ്ബിഐ ബാങ്ക് പോണേക്കര ബ്രാഞ്ച് മാനേജരുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ ചേരാനല്ലൂര്‍ പോലീസ്, തട്ടിപ്പു സംഘം ഡല്‍ഹിയില്‍നിന്നു വിമാനമാര്‍ഗം കൊച്ചിയിലെത്തി എന്ന രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ കുസാറ്റ് ഭാഗത്തുവച്ച് കളമശേരി പോലീസിന്‍റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടികൂടിയ സമയം പ്രതികളുടെ പക്കല്‍ വിവിധ ബാങ്കുകളുടെ 44 എടിഎം കാര്‍ഡുകളുണ്ടായിരുന്നു. ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ടെന്നു ഡിസിപി പറഞ്ഞു. കൊച്ചി സിറ്റി ഡിസിപി വി.യു കുര്യാക്കോസിന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ എസി സി.ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ ചേരാനല്ലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ആര്‍.എസ്. വിപിന്‍, ടി.എക്‌സ്.ജയിംസ്, എ.കെ. എല്‍ദോ, എഎസ്‌ഐമാരായ കെ.ബി. ബിനു, വിജയകുമാര്‍, ഷിബു ജോര്‍ജ്, സിപിഒമാരായ രാംദാസ്, അനീഷ്, നിതിന്‍.കെ.ജോണ്‍ എന്നിവരുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

eng­lish sum­ma­ry; ATM fraud: Rajasthan res­i­dents arrest­ed with 44 ATM cards

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.