ഖത്തർ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകൾ വില്പന ആരംഭിച്ചു. ലോകമാകെ ആവേശകരമായ സ്വീകരണമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ലോകരാജ്യങ്ങളിൽനിന്നും മത്സരിച്ചു കയറിവരുന്ന 31 ടീമുകളും ആതിഥേയരായ ഖത്തറും ചേർന്ന് മാറ്റുരക്കുന്നത് നേരിൽ കാണുന്നത് ജീവിതത്തിലെ വലിയ അനുഭൂതിയായി കാണുന്ന കോടാനുകോടി ജനങ്ങളുണ്ട്. അവർക്ക് ദൃശ്യമാധ്യമങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റു വഴിയില്ലല്ലോ. ഒരാൾക്ക് ആറുടിക്കറ്റാണ് ഓൺലൈനിൽ ബുക്ക് ചെയ്യുവാൻ കഴിയുക. ബുക്ക് ചെയ്ത് നേരിൽ കളികാണുവാൻ വേണ്ടി ദീർഘ കാലമായി കാത്തിരിക്കുന്നവർക്ക് പലപ്പോഴും നിരാശയാകും ഫലം.
കഴിഞ്ഞ ലോകകപ്പിലും ഇത്തവണയും ആരാധക ലോകം ആകാംക്ഷയോടെ കാത്തിരുന്ന പ്രധാന താരങ്ങൾ ഖത്തറിലെത്തും. അതിൽ മെസിയാണ് പ്രധാനി. കാരണം, മെസിയുടെ കരിയറിലെ അവസാനത്തെ ലോകകപ്പാവും ഇത്. ഇത്തവണ മെസിയുടെ വരവിന് വലിയ അർത്ഥതലങ്ങളുണ്ട്. ലോകഫുട്ബോളിൽ ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ നേടിയ കളിക്കാരനും സ്വന്തം രാജ്യത്തിന്റെ വിജയം കോപ്പ അമേരിക്കയിൽ ഉറപ്പിച്ച താരവും മെസി തന്നെയാണ്. തനിക്കെതിരെ സ്വന്തം നാട്ടുകാർക്ക് ഇതുവരെയുള്ള പരാതികൾക്ക് കളികൊണ്ട് തന്നെ പരിഹാരം കണ്ടെത്തിയ ലയണൽ മെസിക്ക് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ പിൻഗാമിയാവാൻ ലോകകപ്പ് തന്നെ വേണം.
ലാറ്റിനമേരിക്കയിൽ നിന്ന് തന്നെ വരുന്ന അർജന്റീനയുടെ ചിര വൈരികളായ ബ്രസീലിന് നെയ്മറുടെ കരുത്തിൽ ഇത്തവണയെങ്കിലും കപ്പ് നേടണം. അവരുടെ ഇപ്പോഴത്തെ പെർഫോമെൻസ് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. കളിക്കാനും കളിപ്പിക്കാനും എതിരാളികളെ കബളിപ്പിക്കുവാനും കഴിവുള്ള നെയ്മർക്കു ഇത്തവണ ഫിഫാ കപ്പ് സ്വന്തം രാജ്യത്തിന് വേണ്ടി ഉയർത്തിപ്പിടിക്കണം.
എന്തായാലും ബ്രസീലും അർജന്റീനയും നല്ല തയാറെടുപ്പിലാണ്. തോൽവിയറിയാതെയാണ് ബ്രസീൽ ഖത്തറിലെത്തുക. അർജന്റീന ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായിട്ടാണ് വരുന്നത്. ലാറ്റിനമേരിക്കയിൽ മത്സരങ്ങൾ കഴിഞ്ഞില്ല. അർജന്റീനക്കും ബ്രസീലിനും മത്സരങ്ങൾ ശേഷിക്കുന്നു. രണ്ടു രാജ്യങ്ങളും മത്സരത്തിനുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോൾ മെസിയും നെയ്മറും ഇല്ല. അവരെ ഖത്തറിലേക്ക് അയക്കുന്നതിന് വേണ്ടി ടീമുകളിൽ ഉൾപ്പെടുത്താതെ കരുതി വെച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ വിസ കാർഡുള്ളവർക്ക് മാത്രമാണ് ടിക്കറ്റ് അനുവദിക്കുന്നത്.
ഫൈനൽ മത്സരത്തിന് മാത്രം ഇപ്പോൾ തന്നെ ഒന്നര ലക്ഷം പേർ ബുക്ക് ചെയ്തു കഴിഞ്ഞു. ജനുവരി 19ന് തുടങ്ങിയ ടിക്കറ്റ് ബുക്കിങ് ഫെബ്രുവരി 8ന് അവസാനിക്കും. മൊത്തം 8 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഖത്തർ വളരെ നേരത്തെ തന്നെ ഒരുങ്ങികഴിഞ്ഞു. ചരിത്രത്തിൽ ഏഷ്യയിലെ രണ്ടാമത്തെ ലോകകപ്പാണിത്. രണ്ടു പതിറ്റാണ്ടു മുമ്പ് ജപ്പാനിൽ ഒരു ലോകകപ്പ് നടന്നിരുന്നു. പതിനൊന്നു ലക്ഷം മാത്രം ജനസംഖ്യയുള്ളതും കേരളത്തിന്റെ അഞ്ചിലൊന്ന് പോലും വിസ്തീർണമില്ലാത്ത പുരുഷന്മാർക്ക് ആധിപത്യമുള്ളതുമായ സമ്പന്നരാജ്യമാണ് ഖത്തർ.
പിഎസ്ജി എന്ന ലോകോത്തര ഫുട്ബോൾ ക്ലബ്ബിന് പണം നൽകി തീറ്റിപോറ്റുന്നത് ഖത്തർ മുതലാളിമാരാണ്. മൂന്നു വർഷം മുൻപ് അബുദാബിയിൽവച്ച് ജപ്പാനെ അട്ടിമറിച്ചു നേടിയ തകർപ്പൻ ജയം 3 ‑1 ചരിത്രരേഖയാണ്. നാല് പതിറ്റാണ്ട് മുമ്പ് 1981ൽ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കളിക്കാൻ ഖത്തറിന് കഴിഞ്ഞപ്പോൾ ലോക ഫുട്ബോളിൽ ഖത്തർ എണ്ണപ്പെട്ടു. ജനസംഖ്യയിൽ ഏതാണ്ട് 24 ശതമാനം ഇന്ത്യക്കാരാണ്. അതിൽ തന്നെ വലിയ വിഭാഗം മലയാളികളും, ലോകം കാത്തിരിക്കുന്ന കായിക മാമാങ്കത്തിന് ഇനിയും മാസങ്ങൾ മാത്രം.
ENGLISH SUMMARY:The world began to buy tickets to Qatar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.