ഹിജാബ് സമരം കര്‍ണാടകയില്‍ ശക്തിപ്പെടുന്നു. വിദ്യാര്‍ഥികള്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ പല കോളജുകളിലും തട്ടമിട്ട് വന്നവരെ ക്ലാസില്‍ കയറ്റിയില്ല. ചിലയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വീട്ടിലേക്ക് മടങ്ങി. ഒരിടത്ത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കര്‍ണാടക ഹൈക്കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ലാത്തതിനാല്‍ സ്‌കൂള്‍ അധികൃതരും പ്രതിസന്ധിയിലായി.
ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളില്‍ നൂറോളം വിദ്യാര്‍ഥികള്‍ ഹിജാബ് അഴിക്കില്ലെന്ന് വ്യക്തമാക്കി. ഹിജാബ് അഴിച്ചാല്‍ മാത്രമേ ക്ലാസില്‍ കയറാന്‍ അനുവദിക്കൂ എന്ന് അധ്യാപകരും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങി. പോംപി ഡിഗ്രി കോളജ്, മുല്‍ക്കിയിലെ കോളജ്, വിട്‌ല, സുള്ളിയ, കാവൂര്‍ എന്നിവിടങ്ങളിലെ കോളജുകളിലും വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചെത്തുകയും തിരിച്ച് വീട്ടിലേക്ക് പോകുകയും ചെയ്തു. അതേസമയം, ചില കോളജുകളില്‍ വിദ്യാര്‍ഥിനികള്‍ ഹിജാബ് അഴിക്കുകയും ക്ലാസില്‍ കയറുകയും ചെയ്തു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് പറഞ്ഞു. കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം, മംഗളൂരുവിലെ ഉപ്പിനങ്ങാടിയിലെ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഹിജാബ് അഴിക്കില്ലെന്ന് അവര്‍ അധ്യാപകരെ അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഡോ. ജി ശങ്കര്‍ സര്‍ക്കാര്‍ കോളജിലും വലിയ പ്രതിഷേധം നടന്നു. ഇവിടെ 60ലധികം കുട്ടികള്‍ വീട്ടിലേക്ക് മടങ്ങി. ഹൈക്കോടതി ഇന്നും ഹിജാബ് ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്.
ബുധനാഴ്ചയും സമാനമായ അവസ്ഥ തന്നെയായിരുന്നു. തലമറച്ചും ബുര്‍ഖ ധരിച്ചുമെത്തിയ വിദ്യാര്‍ഥികളെ തടഞ്ഞതിനെ തുടര്‍ന്ന് പല കോളജുകള്‍ക്ക് മുമ്പിലും സംഘര്‍ഷാവസ്ഥയായി. വിദ്യാഭ്യാസം പോലെ തന്നെയാണ് ഞങ്ങള്‍ക്ക് മത വിശ്വാസവുമെന്ന് വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളജ് പരിസരങ്ങളില്‍ പോലീസിനെ വിന്യസിച്ചിരുന്നു. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസുകാര്‍ തമ്പടിച്ചിട്ടുണ്ട്. ശിവമോഗ ജില്ലയിലെ സാഗര കോളജില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറി. ശിവമോഗയിലെ ഡിവിഎസ് കോളജിലും വിദ്യാര്‍ഥികളെ കവാടത്തില്‍ തടഞ്ഞു.
ബുര്‍ഖ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരിക്കലും നീക്കം ചെയ്യില്ലെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു വിജയപുരയിലെ കോളജിലും സമനമായിരുന്നു അഴസ്ഥ. ബിജാപൂര്‍, കലബുറഗി, യദ്ഗീര്‍ എന്നിവിടങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടായി. അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ വിദ്യാര്‍ഥിനികളുടെ വിശദാംശങ്ങള്‍ ബിജെപി പരസ്യപ്പെടുത്തിയത് വലിയ വിവാദമായി. പ്രതിഷേധത്തെ തുടര്‍ന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്തു. വൈകാതെ കോടതി അന്തിമ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.
English Summary:Students not to open base; Protest in Karnataka, college closed
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.