19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
August 15, 2024
March 18, 2024
January 21, 2024
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

രക്ഷാദൗത്യത്തില്‍ ആശയക്കുഴപ്പം; വേഗക്കുറവ്

Janayugom Webdesk
തിരുവനന്തപുരം
February 27, 2022 11:10 pm

യുദ്ധം കൊടുമ്പിരികൊള്ളുന്ന ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തില്‍ ആശയക്കുഴപ്പവും വേഗക്കുറവും. യുദ്ധം ആരംഭിച്ച് അഞ്ചുദിവസമാകുമ്പോഴും ആയിരത്തില്‍ താഴെ പേരെയാണ് തിരികെയെത്തിച്ചത്. ഉക്രെയ്‌നുനേരെ റഷ്യന്‍ ആക്രമണമുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകപോലും ചെയ്തില്ലെന്നാണ് സംഗതികള്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 15ന് കീവിലെ ഇന്ത്യൻ എംബസി വിദ്യാർത്ഥികൾക്ക് ആദ്യ മുന്നറിയിപ്പ് നൽകിയ ശേഷവും അവരെ തിരികെയെത്തിക്കാന്‍ നീക്കം തുടങ്ങിയിരുന്നില്ല.

16,000ത്തിലധികം ഇന്ത്യക്കാര്‍ അവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കൂടുതലും വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ 20,000ത്തോളം പേര്‍ ഉണ്ടെന്നാണ് അവിടെ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിൽ രണ്ടായിരത്തോളം മലയാളി വിദ്യാർത്ഥികളാണ്. ഓപ്പറേഷന്‍ ഗംഗ എന്ന പേരിലുള്ള ദൗത്യം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഉപദേശങ്ങളും അവകാശവാദങ്ങളുമല്ലാതെ ജനങ്ങളെ തിരിച്ചെത്തിക്കുവാനുള്ള ക്രിയാത്മക നടപടികളില്ല. നിലവില്‍ രക്ഷപ്പെടുത്തിയവര്‍ തന്നെ ഉക്രെയ്‌നില്‍ നിന്ന് കാല്‍നടയായും മറ്റും സഞ്ചരിച്ച് അതിര്‍ത്തികളിലും അവിടെനിന്ന് മറ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലുമെത്തിയാണ് ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായത്. ശനിയാഴ്ച മൂന്ന് വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നുപോയി തിരിച്ചുവന്നത്. ഇന്നലെ ഒരു വിമാനം ബുക്കാറെസ്റ്റില്‍ നിന്നും തിരിച്ചു. നാലിലും കൂടി ആകെ 857 പേരാണ് എത്തിയിരിക്കുന്നത്. ഇനി

ഏഴു വിമാനങ്ങള്‍കൂടി അടുത്ത ദിവസങ്ങളില്‍ സര്‍വീസ് നടത്തുമെന്ന് ഇന്നലെ വൈകി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്, റൊമേനിയന്‍ തലസ്ഥാനം ബുക്കാറെസ്റ്റ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കാണ് തിരിച്ചുവരവിന് സാധ്യതയുള്ളത്. ഇപ്പോഴും കീവ്, കര്‍കീവ് തുടങ്ങിയ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ തിരിച്ചുവരവ് എങ്ങനെയെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലെന്നാണ് ഇന്നലെ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ഉപദേശങ്ങളില്‍ നിന്ന് മനസിലാക്കേണ്ടത്. അതിര്‍ത്തിയിലേക്ക് പോകുന്നത് കരുതലോടെ വേണം, ദേശീയ പതാക ഉയര്‍ത്തിപ്പിടിക്കണം തുടങ്ങിയ ഉപദേശങ്ങള്‍ക്കു പുറമേ നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ ആരും പുറത്തിറങ്ങരുതെന്നായിരുന്നു ഇന്നലത്തെ നിര്‍ദേശം. ഇതോടെ കുടുങ്ങിക്കിടക്കുന്നവരുടെ തിരിച്ചുവരവ് വൈകുമെന്ന് വ്യക്തമായി. യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യൻ അതിർത്തികൾ തുറന്നു ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യങ്ങൾ ഉയരുന്നുണ്ട്.
ബങ്കറുകളിലും മെട്രോകളിലും മറ്റും കഴിയുന്നവര്‍ ബന്ധുക്കള്‍ക്ക് അയക്കുന്ന സന്ദേശങ്ങളല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നത് ഔദ്യോഗിക സംവിധാനങ്ങളുടെ പോരായ്മയാണ് വ്യക്തമാക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ മെല്ലെപ്പോക്കിനെതിര പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.

Eng­lish Sum­ma­ry: Con­fu­sion over res­cue mis­sion; Slow down

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.