ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് പരമ്പര പിടിക്കാനൊരുങ്ങി ഇന്ത്യ ഇന്നിറങ്ങും. രണ്ട് മത്സരപരമ്പരയില്‍ ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചുകൊണ്ട് ഒരു തിരിച്ചുവരവിനാകും ലങ്ക ശ്രമിക്കുക. പല സീനിയര്‍ താരങ്ങളുടെയും അഭാവത്തില്‍ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇറങ്ങുന്നു എന്ന സവിശേഷതയും ഈ പരമ്പരയ്ക്കുണ്ട്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഇന്ത്യ പരമ്പരയില്‍ നിന്ന് തഴഞ്ഞിരുന്നു. ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. രോഹിത് ശര്‍മ്മയെന്ന പുതിയ നായകന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ ടെസ്റ്റ് മത്സരമാണിത്. ഓപ്പണര്‍മാരായി രോഹിതും മായങ്കും തന്നെയിറങ്ങിയേക്കും.
100-ാം ടെസ്റ്റ്
ഇന്നത്തെ മത്സരത്തിലെ ഏറ്റവും വലിയ പ്രത്യേകത വിരാട് കോലിയുടെ 100-ാം ടെസ്റ്റ് മത്സരമാണെന്നതാണ്. ഇന്ത്യക്കായി 100 ടെസ്റ്റ് പൂര്‍ത്തിയാക്കുന്ന 12ാമത്തെ താരമെന്ന ബഹുമതിയാണ് കോലിയെ കാത്തിരിക്കുന്നത്. വിരാടിന്റെ കരിയറിലെ സുവർണനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മൊഹാലി സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിപ്പിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്. സെഞ്ചുറി നേടി കോലി തന്റെ 100-ാ൦ ടെസ്റ്റ് മത്സരം അവിസ്മരണീയമാക്കുന്നത് കാണാനാണ് ഏവരും ആഗ്രഹിക്കുന്നത്. മാത്രമല്ല 100-ാം ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോലിയെ കാത്തിരിക്കുന്നുണ്ട്. 2011 ജൂൺ 20ന് വെസ്റ്റ് ഇൻഡീസിനെതിരെ കിങ്സ്ടൗണിലാണ് വിരാട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിങ്സിൽ വെറും നാലു റൺസ് മാത്രമെടുത്തു. രണ്ടാം ഇന്നിങ്സിൽ 15 റൺസ് മാത്രമെടുത്ത് പുറത്തായി. അവിടെ തുടങ്ങിയ യാത്ര ഇപ്പോൾ 99 ടെസ്റ്റുകളിലെ 168 ഇന്നിങ്സുകളിൽനിന്ന് 27സെഞ്ചുറികളും 28 അർധസെഞ്ചുറികളുമടക്കം 7962 റൺസിലെത്തിയിരിക്കുന്നു.
English summary; India-Sri Lanka first Test today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.