19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 29, 2024
November 28, 2024
November 26, 2024
November 26, 2024
November 22, 2024

മരിയുപോളില്‍ കടുത്ത ആക്രമണം ;സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകര്‍ത്തുവെന്ന് ഉക്രെയ്ന്‍

Janayugom Webdesk
കീവ്
March 20, 2022 10:55 pm

ഉക്രെയ്നിലെ തീരദേശ നഗരമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി. നാനൂറോളം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്കൂൾ കെട്ടിടം റഷ്യൻ സൈന്യം ബോംബിട്ട് തകര്‍ത്തു. കെട്ടിടം പൂർണമായും തകർന്നു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ഉക്രെയ്ൻ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യൻ ആക്രമണത്തിൽ തകർന്ന മരിയുപോളിലെ നാടകശാലയിലും നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

എന്നാല്‍ ആക്രമണം നടന്നുവെന്ന കാര്യത്തില്‍ മറ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വാര്‍ത്ത ഏജന്‍സികളുള്‍പ്പെടെ നല്‍കിയിട്ടില്ല. അതേസമയം മരിയുപോള്‍ പ്രദേശവാസികളെ റയില്‍ മാര്‍ഗം റഷ്യയിലേക്ക് അയച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ കൈവശമുള്ള പാസ്പോര്‍ട്ട് നശിപ്പിക്കുകയും രണ്ട് വര്‍ഷത്തേയ്ക്ക് രാജ്യം വിട്ട് പുറത്തുപോകാന്‍ കഴിയാത്ത രീതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

25 ദിവസമായി തുടരുന്ന യുദ്ധത്തില്‍ 902 ഉക്രെയ്ന്‍ പൗരന്മാര്‍ കൊല്ലപ്പെടുകയും 1459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗം (ഒഎച്ച്സിഎച്ച്ആര്‍) അറിയിച്ചു. വ്യോമാക്രമണത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിനേക്കാള്‍ വളരെ വലുതായിരിക്കുമെന്നും ഒഎച്ച്സിഎച്ച്ആര്‍ അറിയിച്ചു.

സെെനിക നടപടി ആരംഭിച്ചതിനു ശേഷം തലസ്ഥാന നഗരമായ കീവില്‍ മാത്രം നാല് കുട്ടികളടക്കം 228 പേർ കൊല്ലപ്പെട്ടതായും 16 കുട്ടികളുള്‍പ്പെടെ 912 പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. ലുഹാന്‍സ്‍ക് മേഖലയിലെ 56 ഓളം മുതിര്‍ന്ന പൗരന്‍മാരെ റഷ്യന്‍ സെെന്യം കൊലപ്പെടുത്തിയതായി ഉക്രെയ്‍ന്‍ മനുഷ്യാവകാശ ഓബുഡ്‍സ്‍മാന്‍ ലുഡ്‍മില ഡെനിസോവ ആരോപിച്ചു.

മരിയുപോളിനെതിരെ റഷ്യന്‍ സേന നിരന്തരം നടത്തുന്ന ആക്രമണം യുദ്ധക്കുറ്റമാണെന്ന് പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്‍കി ആരോപിച്ചു. രാജ്യത്തിനകത്തുള്ള റഷ്യൻ അനുകൂല രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം സെല‍ന്‍സ്‍കി മരവിപ്പിച്ചിട്ടുണ്ട്. 11 റഷ്യന്‍ അനുകൂല പാര്‍ട്ടികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഉക്രെയ്ൻ സൈന്യം അവകാശപ്പെട്ടു. ഉക്രെയ്‍നില്‍ അഭയാര്‍ത്ഥികളുടെ എണ്ണം ഒരു കോടി കടന്നതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ജനസംഖ്യയുടെ നാലിലൊന്നില്‍ കൂടുതല്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പലായനം ചെയ്തതായാണ് യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക്.

eng­lish summary;Russia bombs refugee school

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.