22 October 2024, Tuesday
KSFE Galaxy Chits Banner 2

എലിപ്പനിക്കെതിരെ അതീവ ജാഗ്രത: മൃത്യുഞ്ജയം കാമ്പയിന്‍

Janayugom Webdesk
തിരുവനന്തപുരം
April 13, 2022 10:15 pm

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് ‘മൃത്യുഞ്ജയം’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കാമ്പയിന്റെ ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു. എലിപ്പനിക്കെതിരെ ബോധവത്ക്കരണത്തിനും ജാഗ്രതയ്ക്കും വേണ്ടിയാണ് കാമ്പയിന്‍ ആരംഭിച്ചത്.

വീട്ടില്‍ ചെടി വച്ചുപിടിപ്പിക്കുന്നവര്‍ ഉള്‍പ്പെടെ മണ്ണുമായും, മലിനജലവുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. പകര്‍ച്ചവ്യാധികള്‍ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ആരോഗ്യ വകുപ്പ് ശുചീകരണ യജ്ഞം നടത്തി വരുന്നുണ്ട്.

വീടുകളില്‍ എല്ലാ ഞായറാഴ്ചകളിലും, സ്‌കൂളുകളില്‍ വെ­ള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും ഡ്രൈ ഡേ ആചരിക്കണം. വീടും, സ്ഥാപനവും, പരിസരവും ശു­ചിയാക്കണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ടത്

രോഗാണുവാഹകരായ എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നവര്‍ക്കാണ് എലിപ്പനി പകരുന്നത്. പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം.

കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നിവയാണ് രോഗലക്ഷണങ്ങള്‍.

മലിനജലവുമായും മണ്ണുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും, ശുചീകരണ തൊഴിലാളികളും, വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരും കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകള്‍, മാസ്‌ക് എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്. വെള്ളത്തിലിറങ്ങിയാല്‍ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചികിത്സ തേടുകയോ ചെയ്യണം.

Eng­lish sum­ma­ry; Extreme Vig­i­lance Against rat­fever: Campaign

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.