കരാറുകാരന്റെ മരണത്തില്‍ ആരോപണ വിധേയനായി രാജിവെച്ച കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ തിരികെ അധികാരത്തില്‍ എത്തുമെന്ന് ബിജെപി അണികളോട് അറിയിച്ചു. കര്‍ണാട മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ വീട്ടിലെത്തിയാണ് ഈശ്വരപ്പ് കഴിഞ്ഞ ദിവസം രാജിക്കത്ത് കൈമാറിയത്. ബെംഗളൂരുവിലുളള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈശ്വരപ്പ രാജിക്കത്ത് കൈമാറിയത്.
സ്വന്തം മണ്ഡലമായ ശിവമോഗയില്‍ നിന്ന് വലിയ ശക്തിപ്രകടനമായിട്ടാണ് ഈശ്വരപ്പ അണികള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് എത്തിയത്. കാറുകളുടെ വലിയ നിരയാണ് ഈശ്വരപ്പയ്ക്ക് ഒപ്പം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എത്തിയത്. അതിനുശേഷമാണ് താന്‍ തിരികെ വരുമെന്ന് അണികളോട് ഈശ്വരപ്പ പറഞ്ഞത്. സമ്മര്‍ദ്ദം ചെലുത്തി ഈശ്വരപ്പയെ കൊണ്ട് രാജി വെപ്പിക്കുകയാണ് എന്നാരോപിച്ച് അണികള്‍ ശിവമോഗയില്‍ പ്രതിഷേധം സംഘടിപ്പിക്കുകയുമുണ്ടായി. പാര്‍ട്ടിയിലെ സീനിയേഴ്‌സിനും തന്റെ അഭ്യുദയകാംഷികള്‍ക്കും കുഴപ്പമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കുകയാണ്.
നിരപരാധിയെന്ന് തെളിയിച്ച് തിരിച്ച് വരുമെന്ന ആത്മവിശ്വാസമുണ്ട്’ ഈശ്വരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചത്. കരാറുകാരനായ സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ചയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സന്തോഷിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഈശ്വരപ്പയ്ക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.തന്റെ മരണത്തിന് ഏക ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണ് എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സന്തോഷ് എഴുതിയിരുന്നത്.
മരിക്കുന്നതിന് മുന്‍പായി സന്തോഷ് സുഹൃത്തുക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുമടക്കം അയച്ച വാട്‌സ്ആപ്പ് മെസ്സേജുകളില്‍ ഈശ്വരപ്പയെ കുറിച്ച് പറയുന്നുണ്ട്. ഗ്രാമീണ വികസന വകുപ്പിന് വേണ്ടി ചെയ്ത കരാര്‍ വര്‍ക്കില്‍ 4 കോടിയുടെ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി 40 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് ഈശ്വരപ്പയ്ക്ക് എതിരെ സന്തോഷ് ഉന്നയിച്ച ആരോപണം.
കരാര്‍ പ്രകാരമുളള ജോലി കഴിഞ്ഞ് 18 മാസം പിന്നിട്ടിട്ടും ഒരു പൈസ പോലും സന്തോഷിന് ലഭിച്ചിരുന്നില്ല. പണം കടം വാങ്ങിയും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുമൊക്കെയാണ് സന്തോഷ് പണി പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അടക്കം സന്തോഷ് പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ സന്തോഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
English Summary:Karnataka minister KS Eshwarappa announces resignation
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.