ജലവൈദ്യുത പദ്ധതികൾ പരമാവധി ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതോല്പാദന മേഖലയിൽ കേരളത്തിനു വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തടസരഹിതവും ഗുണമേയുള്ളതുമായ വൈദ്യുതി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ പീക് സമയത്ത് 400 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിനു വേണ്ടത്. ഇതിൽ 200 മെഗാവാട്ട് എങ്കിലും ജലവൈദ്യുത പദ്ധതിയില്‍ നിന്ന് ഉല്പാദിപ്പിക്കാൻ കഴിഞ്ഞാൽ കൂടിയ വിലയ്ക്കു പുറമേനിന്നു വാങ്ങുന്നത് ഒഴിവാക്കാനാകും.
കേരളത്തിൽ 3000 ടിഎംസി വെള്ളമാണ് ആകെയുള്ളത്. ഇതിൽ ഇറിഗേഷനും ഇലക്ട്രിസിറ്റിക്കുമായി 300 ടിഎംസിയാണ് നിലവിൽ ഉപയോഗിക്കുന്നത്. 2000 ടിഎംസി വരെ ഉപയോഗിക്കാൻ കഴിയുമെന്നാണു പഠന റിപ്പോർട്ടുകൾ.
എന്നാൽ പല കാരണങ്ങളാൽ ഇത് ഉപയോഗിക്കാൻ കഴിയുന്നില്ല. ഉല്പാദന മേഖലയിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്നതിനുള്ള ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. 1500ൽ പരം മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും.
ഈ സർക്കാർ അധികാരത്തിൽവന്ന് നാളിതുവരെ 38.5 മെഗാവോട്ടിന്റെ നാല് ജല വൈദ്യുത പദ്ധതികൾ ഉൾപ്പെടെ ആഭ്യന്തര വൈദ്യുതി ഉല്പാദന ശേഷിയിൽ 156.16 മെഗാവാട്ടിന്റെ വർധന ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു.
ഈ വർഷം 124 മെഗാവോട്ടിന്റെ മൂന്നു ജല വൈദ്യുത പദ്ധതികൾ കൂടി പൂർത്തിയാക്കും. ഈ മൂന്നെണ്ണം ഉൾപ്പെടെ എട്ട് ജല വൈദ്യുത പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനു പുറമേ 45.5 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള അഞ്ചു ജലവൈദ്യുത പദ്ധതികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഇബിയുടെ പരിഷ്‌കരിച്ച ലോഗോ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആർ കെ സിൻഹ, കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക്, ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
English summary;Hydropower projects should be used to the maximum: Minister K Krishnankutty
You may also like this video ;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.