18 December 2024, Wednesday
KSFE Galaxy Chits Banner 2

പുതിയ തന്ത്രവുമായി ശ്രീലങ്ക

Janayugom Webdesk
കൊളംബൊ
May 24, 2022 11:27 pm

രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഇന്ധന നിരക്ക് വര്‍ധിപ്പിച്ച് ശ്രീലങ്ക. പെട്രോള്‍ ലിറ്ററിന് 24.3 ശതമാനം വര്‍ധിപ്പിച്ച് 420 രൂപയും (90.50 ഇന്ത്യന്‍ രൂപ) ഡീസലിന് 400 രൂപയുമാക്കി(86.19 ഇന്ത്യന്‍ രൂപ). ഈ വർധനവ് ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.
പുതുക്കിയ നിരക്ക് അനുസരിച്ച് ഗതാഗതവും മറ്റ് സേവന നിരക്കുകളും പരിഷ്കരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഊർജ മന്ത്രി കാഞ്ചന വിജേശേഖര പറഞ്ഞു. ഇന്ധനത്തിന്റെ ഉപയോഗം കുറക്കുന്നതിനും ഊർജ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കും. സ്ഥാപന മേധാവിയുടെ നിർദേശപ്രകാരം മാത്രമേ പൊതുമേഖലാ ഉദ്യോഗസ്ഥർ ഓഫിസിൽ നിന്ന് ജോലി ചെയ്യേണ്ടതുള്ളുവെന്നും വിജേശേഖര പറഞ്ഞു.

വിദേശ നാണ്യത്തിന്റെ അഭാവത്തില്‍ ഇറക്കുമതി സ്തംഭിച്ചതും ഇന്ധനം മരുന്ന്, വൈദ്യുതി എന്നിവയുടെ ക്ഷാമത്തിനും കാരണമായി. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിലാണ് ശ്രീലങ്ക. വില വർധനവ് ഹ്രസ്വകാല ബുദ്ധിമുട്ടുകൾക്ക് കാരണമാവുമെങ്കിലും സർക്കാരിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ഇന്ധന വില വർധനവും വൈദ്യുതി വില വർധനവും അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
ശ്രീലങ്കയുടെ വാർഷിക പണപ്പെരുപ്പം മാർച്ചിലെ 21.5 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 33.8 ശതമാനമായി ഉയർന്നെന്ന് തിങ്കളാഴ്ച സർക്കാർ പുറത്തുവിട്ട കണക്കുകളിൽ നിന്ന് വ്യക്തമാണ്.

രാജ്യത്ത് പെട്രോള്‍ തീര്‍ന്നതായി മേയ് 16ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും 15 മണിക്കൂര്‍ പവര്‍കട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ ഇന്ധന പ്രതിസന്ധി മറികടക്കുന്നതിനും പെട്രോളിയം ഉല്പന്നങ്ങള്‍ വാങ്ങുന്നതിനുമായി ഇന്ത്യയില്‍ നിന്ന് കടമെടുക്കാന്‍ അനുമതി നല്‍കി. എക്സിം ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 50 കോടി ഡോളര്‍ കടമെടുക്കാനാണ് ശ്രീലങ്കന്‍ കാബിനറ്റ് അനുമതി നല്‍കിയത്.

Eng­lish Sum­ma­ry: Eco­nom­ic Cri­sis: Sri Lan­ka with new strategy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.