27 October 2024, Sunday
KSFE Galaxy Chits Banner 2

സിദ്ദു മൂസെവാലയുടെ കൊലപാതകം: പ്രതിക്കൂട്ടില്‍ എഎപി സര്‍ക്കാര്‍; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Janayugom Webdesk
അമൃത്സര്‍
May 30, 2022 8:13 pm

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഹൈക്കോടതി സിറ്റിങ് ജഡ്ജി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിലും അന്വേഷണം നടത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അറിയിച്ചു.

എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിന്റെ പിറ്റേന്നായിരുന്നു പഞ്ചാബിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബം ആവശ്യപ്പെടുന്ന എൻഐഎ, സിബിഐ അന്വേഷണത്തിനും തയാറാണെന്ന് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. പ്രത്യേക സംഘമാണ് നിലവിൽ അന്വേഷണം നടത്തുന്നത്.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ആറ് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യംചെയ്യൽ തുടരുകയാണ്. പഞ്ചാബ് മന്‍സയിലെ ജവഹര്‍കേയില്‍ കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നാണ് സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് പൊലീസ് കരുതുന്ന ആറുപേരെ പിടികൂടിയത്. അക്രമിസംഘം സഞ്ചരിച്ചുവെന്ന് കരുതുന്ന ഒരു കാറും കണ്ടെത്തിയിട്ടുണ്ട്.

28 കാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമണത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് മൂസെവാലക്കെതിരെ നിരവധി കേസുകളുണ്ട്.

സംഭവത്തിൽ എഎപി സർക്കാരിനെതിരെ മൂസെവാലയുടെ കുടുംബവും പ്രതിപക്ഷപാര്‍ട്ടികളും രംഗത്തെത്തി. മരണത്തിന് ഉത്തരവാദി ആംആദ്മി സർക്കാരെന്ന് കോൺഗ്രസ് പ്രതികരിച്ചു. എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബിൽ ക്രമസമാധാനം തകർന്നെന്ന് ക്യാപ്റ്റൻ അമരിന്ദര്‍ സിങ് പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉള്‍പ്പെടെ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. മൃതദേഹം ഇന്ന് കുടുംബത്തിന് കൈമാറുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.

ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ഡി ബ്രാര്‍

ചണ്ഡീഗഢ്: മൂസെ വാലെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ കേന്ദ്രമാക്കിയ അധോലോക നായകന്‍ ഗോള്‍ഡി ബ്രാര്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഗോള്‍ഡി ബ്രാര്‍ ഏറ്റത്.

മൂസെവാലെയുടെ കൊലപാതകത്തിന് കാരണക്കാരനെന്ന് പൊലീസ് കരുതുന്ന ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഗോള്‍ഡി ബ്രാര്‍. പഞ്ചാബ് സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവാണ് ലോറന്‍സ് ബിഷ്ണോയി.

അതേസമയം, മൂസെവാലയ്ക്ക് നേരെ അക്രമികള്‍ 30 തവണ വെടിയുതിര്‍ത്തെന്ന് പൊലീസ് പറഞ്ഞു. എട്ട് മുതല്‍ പത്ത് വരെ അക്രമികളാണ് വെടിയുതിര്‍ത്തത്. 30 തവണ വെടിവച്ച ശേഷവും മൂസെ വാലെക്ക് ജീവനുണ്ടോ എന്ന് അക്രമികള്‍ പരിശോധിച്ചുവെന്നും പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ വെടിയുണ്ടകളില്‍ നിന്ന് എഎന്‍ 94 റഷ്യന്‍ റൈഫിളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്നു. സംഭവസ്ഥലത്തു നിന്ന് പിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ലോറന്‍സ് ബിഷ്ണോയി പഞ്ചാബ് പൊലീസ് ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് കാട്ടി സംരക്ഷണത്തിനായി ഡല്‍ഹി കോടതിയെ സമീപിച്ചിട്ടുണ്ട്.

Eng­lish summary;Sidhu Muse­wala’s mur­der: Judi­cial inquiry announced

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.