7 May 2024, Tuesday

Related news

May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024

ഇഡി മോഡിയുടെ രാഷ്ട്രീയ ആയുധം

പ്രത്യേക ലേഖകന്‍
ന്യൂഡൽഹി
June 1, 2022 10:42 pm

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനുള്ള മോഡി സർക്കാരിന്റെ ചട്ടുകമാകുന്നു. പ്രതിപക്ഷത്തിനെതിരെ അടിസ്ഥാനരഹിതമായ കേസുകൾ കെട്ടിച്ചമച്ചും നേതാക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചും ജനങ്ങൾക്കിടയിൽ അവിശ്വാസമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് സംഘ്പരിവാർ ഭരണകൂടം.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രജിസ്റ്റർ ചെയ്യപ്പെട്ട 1,569 കേസുകളിൽ ശിക്ഷയുണ്ടായത് ഒമ്പതെണ്ണത്തില്‍ മാത്രമാണ് എന്നത് ഇത്തരം കേസുകൾ വ്യാജമാണെന്നതിന് തെളിവാകുന്നു.

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ് ഏറ്റവും പുതിയ നീക്കം. ജൂൺ എട്ടിന് സോണിയയോടും രാഹുലിയോടും ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.

ഹവാല കേസിൽ ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിനെ ഒരു ദിവസം മുമ്പ് ഇഡി അറസ്റ്റ് ചെയ്തിരുന്നു. അരവിന്ദ് കെജ്‍രിവാള്‍ സർക്കാരിൽ ആരോഗ്യം, വൈദ്യുതി, ആഭ്യന്തരം, പിഡബ്ല്യുഡി, വ്യവസായം, നഗരവികസനം, വെള്ളപ്പൊക്കം, ജലസേചനം, ജലം എന്നിവയുടെ മന്ത്രിയാണ് ജെയിൻ.

ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അനിൽ പരബ്, എൻസിപി നേതാവും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയുമായ നവാബ് മാലിക്, എൻസിപിയിൽ നിന്നുള്ള മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‍മുഖ്, കോൺഗ്രസ് എംപി കാർത്തി ചിദംബരം, തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ- ഇഡി അറസ്റ്റ് ചെയ്തവരും ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരുമായ നേതാക്കളുടെ നിര നീളുന്നു. ഇവരിൽ മിക്കവരും ബിജെപിയെ തോല്പിക്കുകയോ കുതിരക്കച്ചവടത്തെ എതിർക്കുകയോ ചെയ്തവരാണ്.

വരാനിരിക്കുന്ന ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയെ അപകീർത്തിപ്പെടുത്താനാണ് സത്യേന്ദർ ജെയിനെതിരായ നടപടിയെന്ന് എഎപി നേതാവ് സഞ്ജയ് സിങ് പ്രതികരിച്ചു. നാഷണൽ ഹെറാൾഡിനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനാണ് മോഡി സർക്കാരിന്റെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി.

2017 ഫെബ്രുവരിയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ‘എന്റെ കെെവശം നിങ്ങളുടെ മുഴുവൻ പേരുടെയും ജാതകമുണ്ട്’ എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. ‘രാഷ്ട്രീയ എതിരാളികൾക്കും അവരുടെ കൂട്ടാളികൾക്കും എതിരെ തെരഞ്ഞെടുപ്പിന് മുമ്പുള്ള റെയ്ഡുകൾ മോഡി-ഷാ ഭരണത്തിലെ തെരഞ്ഞെടുപ്പ് എന്‍ജിനീയറിങ്ങാണ് എന്ന് പ്രമുഖ രാഷ്ട്രീയ ലേഖകൻ പി രാമൻ ‘ദ വയറി‘ൽ എഴുതുന്നു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ഈ പ്രക്രിയ ആരംഭിച്ചത്. പ്രതിപക്ഷത്തിനുള്ള തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഒഴുക്ക് തടസപ്പെടുത്താൻ ഉദ്ദേശിച്ചുള്ള കളിയാണിതെന്നും അദ്ദേഹം പറയുന്നു.

Eng­lish summary;ED is Mod­i’s polit­i­cal weapon

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.