4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024

വികസനരംഗത്ത് ധീരമായ ചുവടുവെയ്പ്പുകള്‍ ; സാധാരണക്കാരന്‍റെ ഹൃദയപക്ഷമാകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍

പുളിക്കല്‍ സനില്‍രാഘവന്‍
തിരുവനന്തപുരം
June 6, 2022 11:59 am

ദൈവത്തിന്‍റെ സ്വന്തം നാടെന്നു വിശേഷണമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫിനോടുള്ള വിശ്വാസമാണ് രണ്ടാമതും പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുവാനുള്ള സാഹചര്യമുണ്ടായത്. കേരളജനത നൽകിയ അത്തരമൊരു വിശ്വാസത്തിന്റെ ഉൽപ്പന്നമാണ്‌ രണ്ടാം പിണറായി സർക്കാർ. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ലക്ഷ്യവും വഴിയും മാറുന്നില്ല. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനവേളയിൽത്തന്നെ ഭരണപുരോഗതി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

കോവിഡും പ്രളയവും കൂടാതെ കേന്ദ്ര സർക്കാരിന്റെ അവഗണനയുംകൂടി നേരിട്ടാണ്‌ സർക്കാർ ജനക്ഷേമ, വികസനപ്രവർത്തനങ്ങളുമായി മുന്നേറുന്നത്‌. വിഭവ പരിമിതികളുമുണ്ട്‌. ഈ വെല്ലുവിളികൾക്കിടയിലും പശ്ചാത്തലസൗകര്യ വികസനത്തിലും ജീവിതസൗകര്യങ്ങളിലും വികസിത രാജ്യങ്ങൾക്കൊപ്പം എത്തിക്കുകയെന്ന ദൗത്യവുമായാണ്‌ സർക്കാരിന്റെ പ്രയാണം. തുടക്കവർഷംതന്നെ ഒട്ടേറെ അഭിമാനപദ്ധതികൾ ഏറ്റെടുക്കാനും പൂർത്തിയാക്കാനും കഴിഞ്ഞെന്ന നേട്ടവുമായാണ്‌ സർക്കാർ ജനങ്ങളെ അഭിമുഖീകരിക്കുന്നത്‌.2021ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 900 വാഗ്‌ദാനമാണ്‌ പ്രകടനപത്രികയിൽവച്ചത്‌. ഇതിൽ 758ലും പ്രവർത്തനം ആരംഭിച്ച് വിവിധ ഘട്ടത്തിലാണ്. ഒന്നാംവർഷംതന്നെ 30 ശതമാനത്തോളം പൂർത്തിയാക്കാനായി എന്നതും വലിയ വിജയമാണ്‌.

20 ലക്ഷംപേർക്ക്‌ തൊഴിൽ എന്നതായിരുന്നു ആദ്യവാഗ്‌ദാനം. ഇതിൽ സർവേ നടത്തി 10.45 ലക്ഷം പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. വൺ ഡിസ്‌ട്രിക്ട്‌ വൺ ഐഡിയ എന്ന പരിപാടിയിൽ സൂക്ഷ്‌മ, ഇടത്തരം, ചെറുകിട സംരംഭങ്ങളുടെ 58 ഇന്നൊവേഷൻ ക്ലസ്റ്ററുകൾ രൂപീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വർക്ക്‌ ഫ്രം ഹോം, വർക്ക് നിയർ ഹോം എന്നിവയ്‌ക്കുള്ള നടപടികൾ വിവിധ ഘട്ടത്തിലാണ്‌. കേരള നോളജ്‌ ഇക്കണോമി മിഷൻ ആരംഭിച്ചു. ഇതിനായി സജ്ജമാക്കിയ ഡിജിറ്റൽ വർക്ക്‌ സോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റത്തിൽ ഇതുവരെ 3,14,588 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്‌തു. 15,000 സ്റ്റാർട്ടപ് ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്‌. പ്രതിസന്ധിക്കിടയിലും 850 എണ്ണം ആരംഭിച്ചു.ടെക്‌നോപാർക്ക്‌, ഇൻഫോപാർക്ക്‌, സൈബർ പാർക്ക്‌ എന്നിവിടങ്ങളിലായി 29 ലക്ഷം ചതുരശ്രയടി സൗകര്യങ്ങൾ നിർമാണത്തിലാണ്‌. ദേശീയപാത 66ന്‌ സമാന്തരമായി നാല്‌ ഐടി ഇടനാഴി പദ്ധതിയുടെ രൂപരേഖയാകുന്നു.

സംസ്ഥാനത്തെ മൂന്ന്‌ ഐടി പാർക്കിലുമായി 10,400 പുതിയ തൊഴിലവസരം സൃഷ്ടിച്ചു. 181 പുതിയ കമ്പനിയും പ്രവർത്തനമാരംഭിച്ചു.കെ–ഫോണിന്റെ പശ്ചാത്തലസൗകര്യ പ്രവർത്തനങ്ങൾ തുടരുന്നു. വിവിധ ജില്ലയിലായി 20,000ത്തിലധികം ഓഫീസുകളിൽ നെറ്റ്‌വർക്ക്‌ സ്ഥാപിച്ചു. 140 മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിൽപ്പെട്ട 100 കുടുംബത്തിനു വീതം സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു. മൂല്യവർധിത റബർ ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബർ ലിമിറ്റഡ്‌ എന്ന കമ്പനി രൂപീകരിച്ചു. കേന്ദ്രം വിറ്റ വെള്ളൂർ ന്യൂസ്‌ പ്രിന്റ്‌ ഫാക്ടറി ഏറ്റെടുത്ത് കെപിപിഎൽ കമ്പനി രൂപീകരിച്ച്‌ പേപ്പർ നിർമാണം തുടങ്ങി. പട്ടയത്തിൽ റെക്കോഡ്‌ നേട്ടമാണ്‌ കൈവരിച്ചത്‌. കാരവാൻ ടൂറിസം തുടങ്ങി. ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 51 ശതമാനം വർധന. 2,14,274 പുതിയ റേഷൻ കാർഡ്‌ വിതരണം ചെയ്‌തു. അർഹരായവർക്ക്‌ നൽകിയ 2,53,242 മുൻഗണനാ കാർഡിന്‌ പുറമെയാണ് ഇത്‌. ഒരു വർഷത്തിൽ 181 ഐടി കമ്പനി പുതുതായെത്തി. 10,400 പേർക്ക്‌ തൊഴിൽ ലഭിച്ചു. ആർക്കും പരിശോധിക്കാവുന്ന വിധമാണ്‌ നേട്ടങ്ങളുടെ ഈ പട്ടിക.ഒരു വർഷക്കാലയളവിൽ സർക്കാർ രണ്ട് നൂറുദിന പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പാക്കി.

ഓരോ നൂറുദിന പരിപാടിയുടെ സമാപനവേളയിലും അവയുടെ പുരോഗതി അറിയിക്കുന്നുണ്ട്‌. ഇതിൽ പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങളും നിർദേശങ്ങളുംകൂടി കണക്കിലെടുത്താകും തുടർപ്രയാണം. എൽഡിഎഫ്‌ സർക്കാരിന്റെ ജനങ്ങളിലുള്ള വിശ്വാസത്തിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനമാണ്‌ ഇത്‌. ചെയ്യുന്നതേ പറയൂ, പറയുന്നത്‌ ചെയ്യുമെന്ന്‌ കേരളത്തിന്‌ ഒരിക്കൽക്കൂടി ബോധ്യമാകുന്നു.പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഒന്നാം എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും നടപ്പാക്കിയ വികസനത്തിന് സമാനമായ മാറ്റങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംഭവിക്കാൻ പോകുന്നത്. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ നാഷണൽ ഹൈവേയും ജലപാതയും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ യാഥാർഥ്യമാകാൻ പോകുകയാണ്.

പ്രതിപക്ഷത്തിന്റെയും പരിസ്ഥിതി വാദികളുടെയും അടിസ്ഥാനരഹിതമായ എതിർപ്പ് നേരിട്ടുകൊണ്ട് സിൽവർ ലൈൻ എന്ന അർധഅതിവേഗ റെയിൽവേയുടെ സർവേ നടക്കുന്നു. ഗതാഗതരംഗത്തെ വികസനങ്ങളെപ്പോഴും അമ്പത് മുതൽ നൂറുവരെ കൊല്ലത്തിനുള്ളിൽ സമൂഹത്തിൽ സംഭവിക്കാവുന്ന മാറ്റങ്ങളെ മുന്നിൽക്കണ്ട് തയ്യാറാക്കേണ്ടവയാണ്. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് കേരളം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ പുറകിലായിപ്പോയത്. മാനവവിഭവശേഷിയുടെ കാര്യത്തിൽ വലിയ സ്രോതസ്സുണ്ടായിട്ടും ഐടി മേഖലയിലെ വികസനസാധ്യതകൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയത് അതുകൊണ്ടാണ്.ഇന്ത്യയിൽ മതനിരപേക്ഷതയുടെ അവശേഷിക്കുന്ന അപൂർവം തുരുത്തുകളിലൊന്നാണ് കേരളം.മതനിരപേക്ഷതയുടെ ഈ അവസാന തുരുത്തുകൾകൂടി നശിപ്പിക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമങ്ങളാണ് വർഗീയശക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.

അതിൽ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമൊന്നുമില്ല. അധികാരം ഭൂരിപക്ഷത്തിന്റെ കൈയിലായതിനാൽ അവർ മതനിരപേക്ഷതയ്‌ക്ക്‌ കൂടുതൽ ഭീഷണിയാകുന്നുവെന്നുമാത്രം. ചരിത്രം, സംസ്കാരം, വിദ്യാഭ്യാസം എന്നിവ മുതൽ ആർക്കിയോളജിവരെ അവർ അതിനുവേണ്ടി ഉപയോഗിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അനന്തമായ സാധ്യതകൾ ഉപയോഗിച്ച് ഈ കൃത്രിമത്വം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്രത്തിന്റെ പിന്തുണയോടെയുള്ള ഇത്തരം ധ്രുവീകരണശ്രമങ്ങളെ പ്രതിരോധിച്ച് കേരളത്തെ ഒരു മതനിരപേക്ഷ സമൂഹമായി നിലനിർത്താനുള്ള ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനുണ്ട്. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമല്ലാതാക്കി മാറ്റാനും ഭരണഘടനയിൽനിന്ന് സെക്കുലർ എന്ന വാക്ക് നീക്കംചെയ്യാനും വളരെ ആസൂത്രിതമായ ശ്രമം കേന്ദ്രത്തിൽ അധികാരത്തിലെത്തിയ കാലംമുതൽ ബിജെപിയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.

ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ഏക സിവിൽകോഡ് നടപ്പാക്കുക എന്നിവപോലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് ഭരണഘടനയിൽനിന്ന് സെക്കുലർ എന്ന വാക്ക് എടുത്തുകളയുകയെന്നതും. ഇടതുപക്ഷത്തിന്റെ നിരന്തരമായ സാംസ്കാരിക ഇടപെടലുകളാണ് മതനിരപേക്ഷതയ്‌ക്കെതിരെയുള്ള വെല്ലുവിളികളെ നേരിടുന്നതിൽ കേരളീയസമൂഹത്തിന് കരുത്താകുന്നത്. രണ്ടാം എല്‍ഡിഎഫ് സർക്കാർ ആദ്യവർഷം പൂർത്തിയാക്കുമ്പോൾ കേരളീയ സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നത് വികസനരംഗത്തെ ധീരമായ ചുവടുവയ്‌പുകൾ തന്നെയാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ബദൽ നയങ്ങൾ പിന്തുടർന്ന്‌ സാധാരണക്കാരുടെ ഹൃദയപക്ഷമാകുന്നത്‌.

Eng­lish Sum­ma­ry: Bold steps in devel­op­ment; The LDF gov­ern­ment is the heart of the com­mon man

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.