ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയില്‍ ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍. കഴിഞ്ഞ ദിവസം ഖത്തറും കുവൈറ്റും പ്രതിഷേധമറിയിച്ചതിന് പിന്നാലെ പാകിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ടെഹ്റാനിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി. കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ പ്രതിനിധി പ്രവാചക നിന്ദയില്‍ ഖേദം പ്രകടിപ്പിച്ചു. പ്രവാചകനെതിരെയുള്ള ഏതെങ്കിലും അവഹേളനം അംഗീകരിക്കാനാവില്ലെന്നും എല്ലാ മതങ്ങളോടും അങ്ങേയറ്റം ആദരവ് കാണിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം നടത്തിയവര്‍ക്ക് സര്‍ക്കാരില്‍ സ്ഥാനമില്ലെന്നും ആ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശേഷം ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.അടുത്തയാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി ഡല്‍ഹി സന്ദര്‍ശിക്കാനിരിക്കുകയാണ്. പ്രസ്താവനയെ അപലപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രംഗത്തെത്തി. നമ്മുടെ പ്രിയപ്പെട്ട പ്രവാചകനെ കുറിച്ച് ബി ജെ പി നേതാവിന്റെ വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങളെ ശക്തമായ വാക്കുകളില്‍ ഞാന്‍ അപലപിക്കുന്നു. മോഡിയുടെ കീഴില്‍ ഇന്ത്യ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
ലോകം ഇന്ത്യയെ ശ്രദ്ധിക്കുകയും കഠിനമായി ശാസിക്കുകയും വേണം എന്നാണ് ഷെഹ്ബാസ് പറഞ്ഞത്. പ്രവാചക നിന്ദയില്‍ ഒമാനിലും വലിയ പ്രതിഷേധമാണ്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലിലി പറഞ്ഞു. നേരത്തെ ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു. മുഹമ്മദ് നബിക്കെതിരെ ഇന്ത്യയിലെ ഭരണകക്ഷിയിലെ ഒരു നേതാവ് നടത്തിയ പരാമര്‍ശങ്ങളെ ഖത്തര്‍ പൂര്‍ണ്ണമായും നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്ന ഒരു ഔദ്യോഗിക കുറിപ്പ് അദ്ദേഹത്തിന് കൈമാറി.
ലോകമെമ്പാടുമുള്ള രണ്ട് ബില്യണിലധികം മുസ്ലിങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെമാര്‍ഗനിര്‍ദേശം പിന്തുടരുന്നുവെന്നും ഈ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്നതിന് കാരണമാകുമെന്നുമാണ് കുറിപ്പിലുള്ളത്. ശക്തമായ ഭാഷയിലാണ് കുവൈറ്റും വിഷയത്തെ അപലപിച്ചത്. ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് കുവൈറ്റ് പ്രതിഷേധം അറിയിച്ചത്. ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ആളുകള്‍ക്ക് പരിഹസിക്കാന്‍ കഴിയുമെന്നാണ് അടുത്തിടെ നടന്ന ഒരു ടി വി ചര്‍ച്ചയില്‍ ബി ജെ പി നേതാവ് നൂപുര്‍ ശര്‍മ്മ പറഞ്ഞത്. പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചും അവര്‍ പരാമര്‍ശിച്ചിരുന്നു.
അതിനിടെ, ഡല്‍ഹി ബി ജെ പിയുടെ മീഡിയ ഇന്‍ചാര്‍ജായി സേവനമനുഷ്ഠിച്ച നവീന്‍ കുമാര്‍ ജിന്‍ഡാല്‍ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ ബി ജെ പി നൂപുര്‍ ശര്‍മ്മയെ സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു. ഹൈദരാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ മതവികാരം വ്രണപ്പെടുത്തിയതിന് നൂപുര്‍ ശര്‍മയ്ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം പ്രസ്താവന വിവാദമായിതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നുപൂര്‍ ശര്‍മ്മ രംഗത്തെത്തി. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രസ്താവന പിന്‍വലിക്കുകയാണെന്ന് നുപൂര്‍ പറഞ്ഞു. മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയിലാണ് സൗത്ത് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം ഇന്ത്യയ്‌ക്കെതിരെ നിലപാടെടുത്തേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്
English Summary: Blasphemy of the Prophet; Pakistan urges international community to publicly reprimand India
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.