22 December 2024, Sunday
KSFE Galaxy Chits Banner 2

കൂരാച്ചുണ്ട് സ്വദേശിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Janayugom Webdesk
June 7, 2022 10:40 pm

മാണ്ഡ്യയിലെ റയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കയ്യിലും കാലിലും പുറത്തുമൊക്കെ മുറിവുകളുണ്ട്. ഇവയെല്ലാം മരണത്തിനു തൊട്ടുമുൻപ് ഉണ്ടായതാണെന്നും കണ്ടെത്തി. അതേസമയം, ട്രെയിൻ ഇടിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എവിടെയും പരാമർശമില്ല. ഒരു റയിൽവേ ട്രാക്കിലെ രണ്ട് ഇരുമ്പുപാളികൾക്കിടയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ വന്നിടിച്ചാൽ ശരീരഭാഗങ്ങൾ ചിതറിപ്പോയേനെ. പതിയെ വന്നിടിച്ചാലും ട്രാക്കിൽനിന്നു മൃതദേഹം മാറിക്കിടന്നേനെ. ശരീരത്തിലെ മുറിവുകളും ട്രെയിൻ ഇടിച്ച് ഉണ്ടായതാണെന്ന് തോന്നാത്തതുമൊക്കെ ആദ്യംതന്നെ ബന്ധുക്കളിൽ സംശയം ഉണർത്തിയിരുന്നു.

ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞതായിരുന്നു ജംഷിദിന്റെ മരണം. ഒമാനിൽനിന്ന് അവധിക്കെത്തിയ ജംഷിദ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന പേരിലാണ് കർണാടകയിൽ പോയത്. യാത്രയ്ക്കിടെ കാർ നിർത്തി ഉറങ്ങിയെന്നും ഉണർന്നപ്പോൾ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. ഇത് അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാട്ടി ജംഷിദിന്റെ കുടുംബം കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മാണ്ഡ്യ പൊലീസാണ് അന്വേഷണം നടത്തുന്നത്. ആദ്യം ജംഷിദിനൊപ്പം ഉണ്ടായിരുന്ന മൂന്നു കൂട്ടുകാർക്കെതിരെയാണ് കുടുംബം സംശയം ഉന്നയിച്ചത്. എന്നാൽ ജംഷിദ് ആത്മഹത്യ ചെയ്തെന്നാണ് ഇവരുടെ വാദം. യാത്രയിൽ ഉടനീളം ജംഷിദ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ഇവർ പറയുന്നു.

Eng­lish Sum­ma­ry: Mys­te­ri­ous death in Koora­chund native; Post­mortem report out

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.