കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അസത്യങ്ങൾ വീണ്ടും ജനമധ്യത്തിൽ പ്രചരിപ്പിച്ച് എല്‍ഡിഎഫ് സർക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഇച്ഛാശക്തി തകർക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് വൃഥാവിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സ്രോതസ് മുതൽ അവസാന ഭാഗം വരെയുള്ള കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ടുതന്നെ സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ ചില കോണുകളിൽ നിന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നത് രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകൾ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണെന്നും ഇതിൽ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹ്യക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന നുണകൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാരിനും അവമതിപ്പ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഇപ്പോൾ നടന്നിട്ടുള്ള ഗൂഢാലോചനയുടെ പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ വെളിപ്പെടുത്തലുകൾ എന്ന പേരിൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയിൽ അവതരിപ്പിക്കാനുള്ള ഈ ശ്രമം ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയുമെന്നും കോടിയേരി പറഞ്ഞു.
English Summary: Gold smuggling case; Part of the conspiracy: CM
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.