മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരവാദിത്തം കാണിക്കണം. അല്ലാത്തപക്ഷം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും. പ്രതിഷേധിക്കും എന്ന് പറയുന്നത് എന്ത് പ്രവണതയാണ് ? ആളുകളുടെ ജീവന് ഒരു വിലയും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ ജീവനും പ്രധാനമാണ്. ഡോക്ടര്‍മാര്‍ക്ക് അല്ലാതെ ആര്‍ക്കാണ് ഉത്തരവാദിത്തം ഉള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ലഭിക്കണം. ഉത്തരവാദിത്വപ്പെട്ടവര്‍ ആ ജോലി ചെയ്യണം. അതിശക്തമായ നടപടി ഉണ്ടാകും. ഇത് ജനങ്ങളുടെ സര്‍ക്കാരാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടേതാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്കരോഗി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിനെത്തുടര്‍ന്നാണ് കാരക്കോണം സ്വദേശി സുരേഷ് കുമാര്‍(54) മരണപ്പെട്ടതെന്നാണ് ആരോപണം. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ വൃക്കയുമായി എറണാകുളത്ത് നിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ വൈകുകയായിരുന്നുവെന്നാണ് പരാതി.
അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂറോളജി, നെഫ്രോളജി വിഭാഗം മേധാവികളെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഏകോപനത്തിൽ വരുത്തിയ വീഴ്ചയെത്തുടർന്നാണ് നടപടിയെന്ന് ആരോഗ്യ പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഏകോപനത്തിൽ വീഴ്ചയുണ്ടായോ എന്ന് കണ്ടെത്താൻ സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Additional Director tasked with conducting detailed investigation: Veena George
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.