30 October 2024, Wednesday
KSFE Galaxy Chits Banner 2

വിലയേറി ബ്രോജ : നോട്ടമിട്ട് ആറിലധികം ക്ലബ്ബുകള്‍

Janayugom Webdesk
June 21, 2022 10:31 pm

ചെല്‍സിയുടെ യുവതാരം അര്‍മാന്‍ഡോ ബ്രോജയ്ക്കായി വലവീശി നിരവധി ക്ലബ്ബുകള്‍ രംഗത്ത്. 37 മില്യണ്‍ ഡോളര്‍ വിലപറഞ്ഞ് വെസ്റ്റ് ഹാമാണ് ഒടുവില്‍ രംഗത്തെത്തിയത്. പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍, ഇറ്റാലിയന്‍ ക്ലബ്ബുകളായ നാപോളി, അറ്റലാന്റ എന്നിവര്‍ നേരത്തെ തന്നെ താരത്തില്‍ താല്പര്യമറിയിച്ചിരുന്നു. സീരി എ ക്ലബ്ബുകള്‍ തന്നെയായ എസി മിലാന്‍, ഇന്റര്‍ മിലാന്‍, ഇംഗ്ലണ്ടില്‍ തന്നെ ന്യൂകാസില്‍ എന്നീ ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. അതേസമയം 20 കാരനായ യുവതാരത്തെ വില്‍ക്കണമോ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ ചെല്‍സി ഉടന്‍ തീരുമാനമെടുക്കും. ചെല്‍സിയില്‍ ആദ്യ പതിനൊന്നില്‍ സ്ഥാനം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ ബ്രോജ ടീം വിട്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ വായ്പാ കരാറില്‍ സൗത്താംപ്ടണുവേണ്ടി കളിച്ച ബ്രോജ 38 മത്സരങ്ങളില്‍ നിന്നും ഒമ്പത് ഗോളുകളും ഒരു അസിസ്റ്റും നേടിയിരുന്നു. ഇംഗ്ലണ്ടില്‍ ജനിച്ച ബ്രോജ അല്‍ബേനിയന്‍ ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്. അർജന്റീനിയൻ പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്. എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായതോടെയാണ് ലിസാൻഡ്രോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താല്പര്യം വർധിച്ചത്. ആഴ്‌സണലും താരത്തിനു വേണ്ടി രംഗത്തുണ്ട്. അതിനിടെ ആഴ്‌സണൽ ലെഫ്റ്റ്ബാക്കായ കീറൻ ടിയർനിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ രംഗത്തെത്തി. ഉക്രെയ്ന്‍ താരം സിൻചെങ്കോ ക്ലബ്ബ് വിടാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി. വോൾവ്‌സ് താരമായ അഡമ ട്രയോറക്കായി ലീഡ്‌സ് യുണൈറ്റഡ് 18 മില്യൺ യൂറോ മുടക്കാൻ തയാറായി രംഗത്തെത്തി. താരം ലോണിൽ കളിച്ചിരുന്ന ക്ലബ്ബായ ബാഴ്‌സലോണ സ്ഥിരം കരാറിന് താല്പര്യപ്പെട്ടില്ല. ഇതോടെയാണ് ലീഡ്‌സ് താരത്തെ വാങ്ങാനെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോട്ടമിട്ട അയാക്‌സിന്റെ ബ്രസീലിയൻ താരമായ ആന്റണിക്കായി ടോട്ടനവും രംഗത്തെത്തിയതോടെ മത്സരത്തിന് ചൂടേറി. കൈമാറ്റക്കരാറിൽ താരത്തെ എത്തിക്കാനാണ് ടോട്ടനത്തിന്റെ ശ്രമം. പകരം സെർജി ബെർഗ്വിനെ അയാക്‌സിന് നല്‍കിയേക്കും. ജർമ്മനിയുടെ മുതിര്‍ന്ന സ്ട്രൈക്കര്‍ മരിയോ ഗോട്സെ ഐന്ത്രാഷ്ട് ഫ്രാങ്ക്ഫർട്ടിലേക്ക് ചേക്കേറാന്‍ ധാരണയായി. പിഎസ്‌വിയിൽ കളിച്ചിരുന്ന താരത്തിനായി എസി മിലാനും ശ്രമം നടത്തിയിരുന്നു.

Eng­lish sum­ma­ry; sports updation
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.