31 October 2024, Thursday
KSFE Galaxy Chits Banner 2

തങ്കം ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വീണ്ടും യുവതി മരിച്ചു

Janayugom Webdesk
July 6, 2022 8:50 am

അമ്മയും നവജാത ശിശുവും പ്രസവത്തിന് പിന്നാലെ മരിച്ച പാലക്കാട് തങ്കം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പില്‍ ഹരിദാസന്റെ മകള്‍ കാര്‍ത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനില്‍ക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം എന്നാരോപണം ഉയരുന്നത്. അതേസമയം, അമ്മയും കുഞ്ഞും മരിച്ചതില്‍ തങ്കം ആശുപത്രിക്ക് വീഴ്ച പറ്റിയതായിട്ടാണ് യുജവജന കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. അടിയന്തര സാഹചര്യത്തില്‍ ഡ്യൂട്ടി ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും ഗര്‍ഭപാത്രം നീക്കിയതും അമിത രക്തസ്രാവവും വൈകിയാണ് ബന്ധുക്കളെ അറിയിച്ചത് എന്നുമാണ് യുവജന കമ്മീഷന്റെ കണ്ടെത്തല്‍.

സംഭവത്തില്‍, ചികിത്സാ പിഴവിന് മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. യുവജന കമ്മീഷന്‍ അംഗം ടി മഹേഷാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കുഞ്ഞിന്റെയും അമ്മയുടേയും മരണത്തിന് കാരണം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അശ്രദ്ധയും അനാസ്ഥയും ആണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Eng­lish sum­ma­ry; woman died again dur­ing surgery at Thangam Hospital

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.