പ്രതികൂല സാഹചര്യങ്ങള്‍ ഏറിയതോടെ കാർഷികോല്പന്നങ്ങളുടെ കയറ്റുമതിയിൽ ഇടിവ്. വരുമാനത്തിൽ മുൻ വർഷത്തെക്കാൾ ഏഴ് ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകൾ. 2020–21ൽ ഈ വിഭാഗത്തിന്റെ കയറ്റുമതിയിലൂടെ 3,334.54 കോടി രൂപയുടെ വരുമാനമാണ് കേരളം നേടിയത്. എന്നാൽ, 21–22 വർഷത്തിൽ അത് 3,201.29 കോടിയായി ഇടിഞ്ഞു. മുൻ വർഷം 2,63,309.46 ടൺ കാർഷികോല്പന്നങ്ങൾ കയറ്റി അയച്ച സ്ഥാനത്ത് 21–22‑ൽ 2,42,926.46 ടണ്ണായി കുറയുകയായിരുന്നു എന്നാണ് കാർഷിക‑ഭക്ഷ്യോല്പാദന കയറ്റുമതി വികസന അതോറിട്ടി (അപെഡ) പുറത്തുവിട്ട കണക്കുകൾ. ഈ കണക്കിൽ സംസ്കരിച്ച ഭക്ഷ്യോല്പന്നങ്ങളുടെ കയറ്റുമതിയും പെടും.
2019–20‑ൽ 2,48,585.65 ടൺ ഉല്പന്നങ്ങളുടെ കയറ്റുമതിയിലൂടെ കേരളം നേടിയത് 3,368.10 കോടി രൂപയുടെ വരുമാനമാണ്. കോവിഡ് പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും മറ്റുമാണ്, കാർഷികോല്പന്നങ്ങളുടെയും ഭക്ഷ്യോല്പന്നങ്ങളുടെയും കയറ്റുമതിയിൽ നേട്ടമുണ്ടാക്കിയ സംസ്ഥാനത്തിനു ദോഷം ചെയ്തതെന്നാണ് വിലയിരുത്തൽ. ഇതിനു പുറമെ കൊച്ചി തുറമുഖത്തെ കണ്ടെയ്നർ നിരക്കു വർധനവും അവയുടെ ക്ഷാമവും സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചു.
രാജ്യത്തിന്റെ മൊത്തം കയറ്റുമതിയിലെ സംസ്ഥാനത്തിന്റെ വിഹിതത്തിലും കുറവുണ്ടായി. റബർ, കയർ പോലെ കുറഞ്ഞ മൂല്യമുള്ള ഉല്പന്നങ്ങളുടെ കയറ്റുമതിക്കും ആവശ്യത്തിനു കണ്ടെയ്നറുകൾ ലഭിക്കാത്തതും ലഭ്യമാകുന്നവയുടെ ഉയർന്ന നിരക്കും ദോഷം ചെയ്തു. കോവിഡ് നിയന്ത്രണങ്ങളിലും കണ്ടെയ്നർ പ്രശ്നങ്ങളിലും അയവു വന്നതാണ് 2021–22 ൽ സ്ഥിതി അല്പം മെച്ചപ്പെടാൻ കാരണമായത്. 187 രാജ്യങ്ങളിലേക്കായി 155 തരം ഉല്പന്നങ്ങളാണ് സംസ്ഥാനം കയറ്റി അയയ്ക്കുന്നത്.
English Summary:Decline in exports of agricultural products
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.