19 December 2024, Thursday
KSFE Galaxy Chits Banner 2

വിസ്മയോല്പാദനം കച്ചവടമാക്കിയ മാധ്യമ പ്രവര്‍ത്തനശെെലി

Janayugom Webdesk
July 21, 2022 5:00 am

കഴിഞ്ഞ ഒരാഴ്ചയായി മലയാള മാധ്യമരംഗത്തെ, വിശിഷ്യ ദൃശ്യമാധ്യമങ്ങളെയും അവയുടെ അന്തിചർച്ചകളെയും, സജീവമാക്കി നിർത്തിയ ഒരു വിവാദത്തിന് ഇന്നലെ പരിസമാപ്തിയായി. ജൂലൈ പതിനാലിന് നിയമസഭയിൽ ധനാഭ്യർത്ഥനയിന്മേൽ നടന്ന ചർച്ചയിൽ എം എം മണി തനിക്കുമുമ്പ് ചർച്ചയിൽ പങ്കെടുത്ത കെ കെ രമ നടത്തിയ പ്രസംഗത്തോട് പ്രതികരിച്ചു നടത്തിയ പരാമർശമാണ് വൻ വിവാദമായി പ്രതിപക്ഷവും മാധ്യമങ്ങളും ഏറ്റെടുത്തത്. മണിയുടെ പരാമർശം സഭാനടപടികളിൽനിന്നും നീക്കം ചെയ്യണമെന്ന് അപ്പോൾത്തന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒരു ക്രമപ്രശ്നത്തിലൂടെ ചെയറിനോട് ആവശ്യപ്പെടുകയുണ്ടായി. പ്രതിപക്ഷ നേതാവും രമേഷ് ചെന്നിത്തലയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. സമാന സന്ദർഭങ്ങളിൽ പതിവുള്ളതുപോലെ പ്രത്യക്ഷത്തിൽ അൺപാർലമെന്ററി അല്ലാത്തതും എന്നാൽ എതിർപ്പുള്ളതുമായ പരാമർശങ്ങളിൽ അനുവർത്തിച്ചുപോരുന്ന രീതിയിൽ രേഖകൾ പരിശോധിച്ച് തീർപ്പുകല്പിക്കുന്നതാണെന്ന് സ്പീക്കർ സഭയെ അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ സ്പീക്കർ ഇതുസംബന്ധിച്ചു റൂളിങ് നൽകുകയും മണി തന്റെ പരാമർശം പിൻവലിക്കുകയും ഉണ്ടായി. സഭ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നും, അത് ചെയറിന്റെ അധികാരം ഉപയോഗിച്ച് അടിച്ചേല്പിക്കേണ്ടത് അല്ലെന്നും സ്പീക്കറുടെ റൂളിങ് വ്യക്തമാക്കി. സ്വയം തിരുത്തലുകളും നവീകരണവും അംഗങ്ങളുടെ ഭാഗത്തുനിന്നും സ്വമേധയാ ഉണ്ടാവുകയാണ് വേണ്ടതെന്നും റൂളിങ് വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിൽ സ്പീക്കറുടെ അഭ്യർത്ഥന മാനിച്ചാണ് എം എം മണി തന്റെ പ്രസംഗത്തിലെ പരാമർശം പിൻവലിച്ചത്. ഇതുസംബന്ധിച്ചു സംസ്ഥാനത്ത് ഉയർന്ന വിവാദകോലാഹലങ്ങളുടെ ഉദ്ദേശശുദ്ധിയും അർത്ഥശൂന്യതയുമാണ് സ്പീക്കറുടെ റൂളിങ്ങോടെ തുറന്നുകാട്ടപ്പെടുന്നത്.


ഇതുകൂടി വായിക്കൂ: സമൂഹ മാധ്യമങ്ങള്‍ക്കുമേല്‍ പിടിമുറുക്കാന്‍ കേന്ദ്രം


നിയമസഭയിൽ എം എം മണി നടത്തിയ പരാമർശത്തെപ്പറ്റി വിവിധ കോണുകളിൽനിന്നും അനുകൂലമായും പ്രതികൂലമായും അഭിപ്രായപ്രകടനങ്ങൾ ഉയർന്നുവന്നിരുന്നു. അവയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെയും ബഹുജന സംഘടനകളുടെയും അഭിപ്രായങ്ങളും ഉൾപ്പെടുന്നു. അതിൽ ചിലതിനെതിരെ മണിയുടെ തനതു ശൈലിയിലുള്ള പ്രതികരണവും ഉണ്ടായി. അവ റിപ്പോർട്ടുചെയ്ത മാധ്യമങ്ങൾ പലതും ഒരുപടികടന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ നേതാക്കളെയും അപഹസിക്കാനും പൊതുജന മധ്യത്തിൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കാനും ബോധപൂർവമായ ശ്രമം നടത്തുകയുമുണ്ടായി. പാർട്ടി നേതാക്കളുടെ നട്ടെല്ലിനെപ്പറ്റിയുള്ള ഗവേഷണത്തിലും അവരിൽ ചിലർ ഏർപ്പെടുകയുണ്ടായി. അപ്പോഴും ആത്മസംയമനം പാലിക്കാനും നിയമസഭയിൽ ഉണ്ടായ പ്രശ്‍നം അവിടെത്തന്നെ പരിഹരിക്കേണ്ടതാണെന്ന തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കുകയുമാണ് പാർട്ടി നേതൃത്വം ചെയ്തത്. ആ നിലപാടിന്റെ സാധൂകരണമാണ് ഇന്നലെ സ്പീക്കറുടെ റൂളിങ്ങിലൂടെ പുറത്തുവന്നത്. ഇരുപത്തിനാല് മണിക്കൂർ ‘വാർത്തയും വിശകലനവും’ ബിസിനസാക്കിമാറ്റിയ ചാനലുകളും അവയിലെ അവതാരകരും നേരിടുന്ന വിഷയ ദാരിദ്ര്യവും ഓരോ മിനിറ്റും പണമാക്കി മാറ്റാൻ നിയോഗിക്കപ്പെട്ട ‘ഷോ ബിസിനസു‘കാർ അനുഭവിക്കുന്ന കൊടിയ സമ്മർദ്ദവും അതിന്റെ അകത്തുള്ള കഥകൾ അറിയുന്നവർക്ക് മനസിലാവും. എന്നാൽ ഇവർ വച്ചുവിളമ്പുന്നതെല്ലാം വാരിവിഴുങ്ങാൻ നിര്‍ബന്ധിതരായ പാവം കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്, കുറ്റകൃത്യമാണ്. രാജ്യത്തിന്റെ പാർലമെന്ററി ജനാധിപത്യത്തെ അസംബന്ധമാക്കി മാറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ തങ്ങൾ നടത്തുന്ന വൈകൃതത്തെപ്പറ്റി ആത്മപരിശോധനയ്ക്കു ബന്ധപ്പെട്ടവർ തയാറാവണം.


ഇതുകൂടി വായിക്കൂ: ഡിജിറ്റൽ മാധ്യമങ്ങള്‍ക്കും നിയന്ത്രണം വരുന്നു


ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങൾക്കു അതിപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളത്. ഉത്തരവാദിത്തത്തോടെയുള്ള മാധ്യമ പ്രവർത്തനം പൊതുജന അഭിപ്രായ രൂപീകരണത്തിൽ നിർണായക പങ്കാണ് നിർവഹിക്കുന്നത്. എന്നാൽ മാധ്യമ പ്രവർത്തനം സാമാന്യ ജനത്തിനു മുൻപിൽ, സ്വന്തം നിലനില്പിനും ലാഭത്തിനും നിക്ഷിപ്ത ലക്ഷ്യങ്ങൾക്കുംവേണ്ടി ‘വിസ്മയോല്പാദനം’ തൊഴിലാക്കിമാറ്റുന്നത് അപകടകരവും വിലകുറഞ്ഞ നടപടിയുമാണ്. ദൗർഭാഗ്യവശാൽ, രാജ്യത്തെ ഇതര ഭാഷാ മാധ്യമങ്ങളിൽനിന്നും വ്യത്യസ്തത പുലർത്തുമ്പോഴും മലയാള മാധ്യമങ്ങൾ വിസ്മയോല്പാദന ശൈലിയിലേക്ക് വഴുതിപ്പോകുന്നു എന്നത് ഖേദകരമാണ്. മാധ്യമങ്ങൾ സ്വയം നീതിയുടെ കാവൽക്കാരാകാൻ ശ്രമിക്കാതെ വാർത്തയ്ക്കും ജനങ്ങൾക്കുമൊപ്പം സത്യസന്ധതയോടെ പ്രവർത്തിക്കാൻ ശ്രമിക്കുമ്പോഴേ വിശ്വാസ്യത ആർജിക്കാനും ജനകീയ അഭിപ്രായ രൂപീകരണത്തിൽ പങ്കാളിയാവാനും കഴിയു. അതല്ലാത്തിടത്തോളം ഉദാരവല്ക്കരണത്തിന്റെ ഇക്കാലത്ത് മാധ്യമങ്ങളും മറ്റൊരു കച്ചവടം മാത്രമായി ഒതുങ്ങും.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.