19 December 2024, Thursday
KSFE Galaxy Chits Banner 2

പരിസ്ഥിതി സംവേദക മേഖല; വന്‍ പ്രത്യാഘാതം

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 17, 2022 11:02 pm

സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയ പരിസ്ഥിതി സംവേദക മേഖലാ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതി വിധിക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ കേരളമാണ് വിധിക്കെതിരെ നിയമപരമായി ആദ്യ നീക്കം നടത്തുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി സംവേദക മേഖലയാക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി ഭൂവിസ്തൃതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജനസാന്ദ്രത ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടിയില്‍ അധികമുണ്ട്. സ്ഥല പരിമിതി നേരിടുന്നതിനാല്‍ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ വലുതും ചെറുതുമായ നിരവധി പട്ടണങ്ങളുണ്ടെന്നും പുനഃപരിശോധനാ ഹര്‍ജിയില്‍ കേരളം ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് വയനാട്, ഇടുക്കി, പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളിലെ ജനങ്ങളെ ആശങ്കയിലാക്കി. സുപ്രീം കോടതി ഉത്തരവ് അതേപടി പാലിച്ചാല്‍ അത് ആദിവാസി ആവാസ മേഖലകള്‍ക്കും തിരിച്ചടിയാകും. ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാകും ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ സംജാതമാകുകയെന്നും ചീഫ് സെക്രട്ടറി സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. 

ഒരു കിലോമീറ്റര്‍ ദൂരപരിധി എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ പ്രായോഗികമാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവും ഹര്‍ജിയില്‍ ഉയര്‍ത്തിക്കാട്ടുന്നു. വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജനവാസ മേഖലകൾ ഉൾപ്പെടെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെയാണ് സുപ്രീം കോടതി വിധി ഉണ്ടായത്. തുടര്‍ന്ന് കരട് വിജ്ഞാപനത്തില്‍ നിന്നും ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

Eng­lish Summary:The envi­ron­men­tal sen­sor sec­tor has a huge impact
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.